മുംബൈ: പൊതുജങ്ങള്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍സിപി. ആളുകള്‍ക്ക് വാക്സിന് എത്തിക്കുന്നതിനേക്കാള്‍ സര്‍ക്കാരിന്റെ ശ്രദ്ധ സോഷ്യല്‍മീഡിയ വെബ്സൈറ്റായ ട്വിറ്ററുമായി യുദ്ധത്തിലേര്പ്പെടുന്നതിലാണ്. ട്വിറ്ററുമായുള്ള ബ്ലൂടിക്ക് പോരാട്ടം നടത്തുന്ന സമയം കൊണ്ട് വാക്സിന് ലഭ്യമാക്കുന്നതില്‍ ശ്രദ്ധിച്ചുകൂടേ എന്ന ചോദ്യമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ഔദ്യോഗിക വെരിഫിക്കേഷന് ബാഡ്ജായ ബ്ലൂടിക്ക് ഒഴിവാക്കിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ട്വിറ്ററുമായി പോരാട്ടം നടത്തുന്നതെന്ന് എന്‍സിപി ദേശീയ വക്താവ് നവാബ് മാലിക് ആരോപിച്ചു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അടക്കം അക്കൗണ്ടുകളുടെ ബ്ലൂടിക്ക് നീക്കം ചെയ്തതിന് പിന്നാലെ കേന്ദ്രം ട്വിറ്ററിന് നിയമനടപടികളുമായി ബന്ധപ്പെട്ട അന്ത്യശാസനം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബ്ലൂടിക്കിലായാലും വാക്സിനേഷന്റെ കാര്യത്തിലായാലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും അവഗണിച്ച് ഒരുതരം ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുപോരുന്നത്. ട്വിറ്ററുമായി ബ്ലൂടിക്ക് പോര് നടത്തുന്നതിനേക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിലാണ്’, നവാബ് മാലിക് തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് ആറുമാസത്തോളമായി സജീവമല്ലെന്ന് ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ഔദ്യോഗിക ബാഡ്ജായ ബ്ലൂടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തത്. ഇതിന് പിന്നാലെ ട്വിറ്ററിനോട് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കായി രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്ന അന്ത്യശാസനം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ പുതിയ ഡിജിറ്റര്‍ നിയമപ്രകാരം പ്രവര്‍ത്തിക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അല്ലാത്തപക്ഷം അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ‘നിയമങ്ങള്‍ പാലിക്കാനുള്ള അവസാന നോട്ടീസ് ട്വിറ്ററിന് നല്‍കുകയാണ്. ഇത് നടപ്പിലാക്കാത്ത പക്ഷം ഐടി നിയമം 2000ലെ 79ാം വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ പിന്‍വലിക്കുകയും നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി ചെയ്യും’, കേന്ദ്രം ട്വിറ്ററിന് നല്കിയ നോട്ടീസില്‍ പറയുന്നു.
Also Read: ‘ആശങ്കയുണ്ട്, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര നിയന്ത്രണങ്ങളില്‍’; മൗനം വെടിഞ്ഞ് ട്വിറ്റര്‍
കോണ്‍ഗ്രസിനെതിരായി ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ടൂള്‍കിറ്റ് ആരോപണത്തിന് ഉപയോഗിച്ച രേഖകള്‍ കൃത്രിമമായി നിര്മ്മിച്ചവയെന്ന വിഭാഗത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടുത്തിരുന്നു. തുടര്‍ന്ന് സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. ഇന്ത്യയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയായിരുന്നു സര്‍ക്കാരിന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന് രാജ്യത്തെ ഡിജിറ്റല്‍ നിയമങ്ങളില്‍ പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് അറിയിച്ചു. ആദ്യം മൗനം അവലംബിച്ച ട്വിറ്റര്‍ പിന്നീട് ഇത് ആളുകളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന പ്രസ്ഥാനവനയിറക്കി. തുടര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു.