തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പകുതിയോടെ 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ മാസം കാലാവധി തീരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി നീട്ടാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ കൊവിഡ് വാക്സിന്റെ മുന്ഗണനാപട്ടികില് ഉള്‍പ്പെടുത്താനും തീരുമാനമായി. ജൂലൈ 15 ന് മുമ്പ് 40 വയസിനുമുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കും. കൊവിഡ് മൂന്നാം തരംഗം മുന്നില്‍കണ്ടുകൊണ്ടാണ് അതിവേഗത്തില്‍ വാക്സിനേഷനുമായി മുന്നോട്ട് പോകാനുള്ള തീരുമാനം.
ജൂണില്‍ സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ വാക്സിന് എടുക്കാത്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍, മന്ത്രിമാരുടെ ഓഫീസുകളിലെ ജീവനക്കാര്എന്നിവര്ക്കും എത്രയും പെട്ടെന്ന് വാക്സിന് നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി കൊവിഡ് ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് ഇതുവരെ ഒരുകോടിയിലധികം പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും.
കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.