‘ഏതാണ്ട് മദ്യപിച്ചതു പോലെയുള്ള കളികളൊക്കെ ചിലര്‍ നടത്തി’; ഒരു കോടിയുടെ കാര്‍ വാങ്ങുന്നവര്‍ക്ക് ഡീസലിന് ആയിരമായാലും പ്രശ്‌നമില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ തകര്‍ക്കാന്‍ ചില വന്‍കിടക്കാരെ സമരം നടക്കുന്നിടത്തേക്ക് അയച്ചെന്ന് എംപി ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോഴിക്കോട് നടത്തിയ ചക്രസ്തംഭന സമരത്തിനിടെയാണ് നടന്റെ പേര് എടുത്തുപറയാതെയുള്ള മുരളീധരന്റെ വിമര്‍ശനം.

ഏതാണ്ട് മദ്യപിച്ചതു പോലെയുള്ള കളികളൊക്കെ ചിലര്‍ നടത്തി. അവര്‍ക്കൊക്കെ ഒരുകോടിയുടെയും രണ്ട് കോടിയുടെയും കാര്‍ വാങ്ങാം. അങ്ങനെയുള്ളവര്‍ക്ക് ഡീസലിന് ആയിരം രൂപ കൊടുക്കേണ്ടി വന്നാലും കുഴപ്പമുണ്ടാകില്ല.

കെ മുരളീധരന്‍

പക്ഷേ, പാവപ്പെട്ട ഓട്ടോറിക്ഷാ-ടാക്‌സി തൊഴിലാളികളുണ്ട് ഈ നാട്ടില്‍. അവരൊക്കെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പെട്രോളിനും ഡീസലിനും കൊടുക്കേണ്ടി വരുമ്പോള്‍ കോണ്‍ഗ്രസിന് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. സമരം ചെയ്യുന്നവരെ തകര്‍ക്കാനുള്ള ഏത് ശ്രമം സര്‍ക്കാര്‍ നടത്തിയാലും അതിനെ ഞങ്ങള്‍ പ്രതിരോധിക്കും. നാട്ടില്‍ അക്രമങ്ങളും പിടിച്ചുപറിയും നടക്കുന്ന, സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഒരു സംസ്ഥാനത്ത് ആ സമയത്തെല്ലാം വായ തുറക്കാതിരിക്കുന്ന ബുദ്ധിജീവികളും സാംസ്‌കാരിക നായകരും ഞങ്ങളെ ഉപദേശിക്കാന്‍ വന്നാല്‍ അതിനെ പരമപുച്ഛത്തോടെ തന്നെ തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് എംപി കൂട്ടിച്ചേര്‍ത്തു.

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും നടനെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. ‘കൊച്ചിയില്‍ ജോജു അതിലേ പോയി സമരത്തില്‍ പ്രശ്‌നമുണ്ടാക്കി. മൂന്ന് ട്രാക്ക് ഫ്രീയായിരുന്നു. എന്തിനാണ് ജോജു അതിലെ തന്നെ പോകണമെന്ന് നിര്‍ബന്ധം പിടിച്ചത്. എന്തിനാണ് ജോജു തെറി വിളിച്ചത്? എന്തിനാ ജോജു പരസ്യമായി ആക്ഷേപിച്ചത്? ആക്ഷേപിക്കാതെ പോയിരുന്നെങ്കില്‍ സമരത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമായിരുന്നോ? ഞങ്ങളല്ല പ്രശ്‌നമുണ്ടാക്കിയത്. അവിടെ കടന്നുവന്നവരാണ്.’ സമാധാനപരമായ സമരത്തെ ചവിട്ടി അരയ്ക്കാന്‍ വന്നാല്‍ തങ്ങള്‍ പ്രതികരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Also Read: ‘ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ ശരി ഒരു തര്‍ക്കവിഷയം തന്നെ’; സിനിമാ മേഖലയോടുള്ള വിദ്വേഷമായി അത് മാറരുതെന്ന് സതീശനോട് ഫെഫ്ക