പൊതുശൗചാലയത്തില്‍ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെടുത്തു; ഒരാളെ അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: പൊതുശൗചാലത്തില്‍ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെടുത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തൃത്തല്ലൂര്‍ രാമു കാര്യാട്ട് ലൈബ്രറി കെട്ടിടത്തിലെ അടച്ചിട്ട പൊതുശൗചാലത്തില്‍ നിന്നാണ് 60 കുപ്പി വിദേശമദ്യം പിടികൂടിയത്.

തൃത്തല്ലൂര്‍ പുള്ളുവളവ് സ്വദേശി എരണേഴത്ത് വീട്ടില്‍ ഷൈജനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമീപത്തെ കെട്ടിട്ടത്തില്‍ സൈക്കിള്‍ ഷോപ്പ് നടത്തുകയാണ് ഷൈജന്‍.

ഷൈജന് മദ്യം വാങ്ങി വില്‍പ്പന നടത്തുന്നുവെന്ന് വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി ജയപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പിബി ദക്ഷിണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

ബിവറേജില്‍ നിന്ന് മദ്യം വാങ്ങി ഉയര്‍ന്ന വിലക്ക് അവധി ദിനങ്ങളില്‍ വില്‍ക്കുകയാണ് ഷൈജന്‍ ചെയ്യുന്നത്. ഷൈജനെ നേരത്തെയും സമാനകേസുകളില്‍ നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.