വയനാട് മുട്ടില്‍ മരംമുറി കേസ് പുറത്തുകൊണ്ടുവന്ന ഫ്ളയിങ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി ധനേഷ് കുമാറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയത് താന്‍ അറിഞ്ഞില്ലെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ഇതിനേക്കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. ധനേഷ് കുമാറിനെ മുട്ടില്‍ മരംമുറി കേസ് പ്രതികളായ റോജി അഗസ്റ്റിന്റേയും ആന്റോ അഗസ്റ്റിന്റേയും ആരോപണത്തേത്തുടര്‍ന്നാണ് മാറ്റുന്നതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് വകുപ്പ് മന്ത്രിയുടെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി.
ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരംമുറിച്ചത്. ഇതില്‍ വനംവകുപ്പിന് ഒരു പങ്കുമില്ല. ഉത്തരവിറങ്ങിയതും റദ്ദാക്കിയതും റവന്യു വകുപ്പാണ്. വനഭൂമിയില്‍ നിന്നല്ല. പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചത്.
എ കെ ശശീന്ദ്രന്
റോജി അഗസ്റ്റിന് മരംമുറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടത്. മാധ്യമങ്ങളിലൂടെ പറഞ്ഞാല്‍ മാത്രം പോരാ. വനംവകുപ്പും-റവന്യൂവകുപ്പും അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ വനംവകുപ്പ് ആര്‍ക്കെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ, ഇല്ലയോ? ഇടപെടല്‍ നടത്തിയോ? എന്നാണ് അന്വേഷിക്കുന്നത്. 12 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമല്ലെങ്കില്‍ ഉചിതമായ മറ്റ് അന്വേഷണ സംവിധാനങ്ങളിലേക്ക് പോകും. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അന്വേഷിച്ച് വസ്തുതകള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരണം. വിഷയം ശ്രദ്ധയില്‍ പെട്ടയുടനെ ചടുലമായ നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് എന്നെ കണ്ടതെന്ന് റോജി അഗസ്റ്റിന് തന്നെ പറഞ്ഞു. ആ സമയത്ത് ഉത്തരവ് ഇറങ്ങിയിട്ടുപോലുമില്ല. അദ്ദേഹം എന്നെ വന്നു കണ്ടു. ‘മൊബൈല്‍ ഫോണിന്റെ നിര്‍മ്മാതാക്കളാണ്. ലോഞ്ച് ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കുന്നു’ എന്ന് പറഞ്ഞു. അവര്‍ എനിക്ക് ഒരു നിവേദനവും തന്നു. ഞാന്‍ പിന്നീട് ആ കാര്യത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് അവരോട് ചോദിക്കൂ. ഞാനുമായി ബന്ധപ്പെട്ട വകുപ്പിലെ കാര്യങ്ങളൊന്നുമല്ലാത്തതിനാല് ഞാന്‍ ഇടപെട്ടില്ല. പലരും കാണാന്‍ വരും. കാണാന്‍ വരുന്നവരെ എല്ലാവരേയും സഹായിച്ചുകൊള്ളണമെന്നുണ്ടോ. അവരെ കണ്ടിട്ടുണ്ട് എന്നത് നിഷേധിക്കേണ്ട കാര്യമില്ല. തന്റെ മടിയില്‍ കനമില്ലെന്നും എ കെ ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.