കൊവിഡ്; മുന്‍ കേന്ദ്രമന്ത്രിയും ആര്‍എല്‍ഡി അധ്യക്ഷനുമായ അജിത് സിങ് അന്തരിച്ചു

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ആര്‍എല്‍ഡി അധ്യക്ഷനുമായ ചൗധരി അജിത് സിങ് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 82 വയസ്സായിരുന്നു.

ഗുരുഗ്രാമം ആശുപത്രിയില്‍ ചികിത്സ നടന്നുവരവേ ചൊവ്വാഴ്ച രാത്രിയോടെ അജിത് സിങിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യനില അപകടത്തിലായത്. തുടര്‍ന്നാണ് വ്യാഴാഴ്ച അന്തരിച്ചത്.

മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങിന്റെ മകനാണ് അജിത് സിങ്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്നും ഏഴ് തവണ ലോക്‌സഭയിലേക്ക് വിജയിച്ചു. വിവിധ കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമായി.

പശ്ചിമ ഉത്തര്‍പ്രദേശിലെ ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് അജിത് സിങ്. വിവിധ ഘട്ടങ്ങളില്‍ എസ്പിയുമായും കോണ്‍ഗ്രസുമായും ബിജെപിയുമായും അദ്ദേഹം കൈകോര്‍ത്തിരുന്നു.

വിപി സിംഗ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന അജിത് സിങ് 1996ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയായിരുന്നു. പിന്നീട് ആര്‍എല്‍ഡി രൂപീകരിച്ച് 2001ല്‍ എന്‍ഡിഎയുടെ ഘടകകക്ഷിയാവുകയായിരുന്നു. പിന്നീട് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് ഈ സഖ്യം വിട്ടു. പിന്നീട് യുപിഎയോടൊപ്പം നില്‍ക്കുകയായിരുന്നു.