‘പുനരന്വേഷണം പിൻവലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത് നായനാരുമായുള്ള യോ​ഗത്തിന് ശേഷം’; കാരവൻ – ചാരക്കേസ് അന്വേഷണ റിപ്പോർട്ട് അഞ്ചാം ഭാ​ഗം

1996 ഏപ്രിൽ 30നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡി മോഹന രാജന് സിബിഐയുടെ ചാരക്കേസ് അവസാനിപ്പിക്കൽ റിപ്പോർട്ട് ലഭിക്കുന്നത്, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങുന്ന സമയമായിരുന്നു അത്. പല വിധ അഴിമതികളുടെ ചേറിൽ മുങ്ങിയ പ്രധാനമന്ത്രി നരസിംഹ റാവു വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ എന്ന അനിശ്ചിതത്വം തങ്ങിനിന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ കോടതിയിൽ കേസ് നീങ്ങിയ വേ​ഗത, അടുത്ത സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് കേസിന് എങ്ങനെയെങ്കിലുമൊരു അവസാനം ഉറപ്പിക്കും വിധമായിരുന്നു.

കേസ് ആദ്യം പരി​ഗണിക്കാനായി നിശ്ചയിച്ചിരുന്നത് മെയ് 14നാണ്. പക്ഷെ, ജഡ്ജ് ഡി മോഹനരാജൻ തൊട്ടടുത്ത പ്രവൃത്തി ദിനമായ മെയ് രണ്ടിലേക്ക് അതിനെ കൊണ്ടുവന്നു. എത്രയും പെട്ടെന്ന് കേസ് അവസാനിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം, എന്തെന്നാൽ കുറ്റപത്രം തയ്യാറാക്കലും അന്തിമ റിപ്പോർട്ട് സമർപ്പിക്കലും തുടർച്ചയായി വൈകിയതിന്റെ ഫലമായി കുറ്റാരോപിതർ വീണ്ടും വീണ്ടും ജയിലിലേക്ക് അയക്കപ്പെടുകയായിരുന്നു. “ഈ കാരണത്തിന്റെ പേരിൽ അവർ ഇനിയും ജയിലിൽ കിടക്കാൻ പാടില്ലെന്ന് ഞാൻ ഉത്തരവിട്ടത് അപ്പോഴാണ്,” 2020 മാർച്ചിൽ എനിക്ക് നൽകിയ അഭിമുഖത്തിൽ മോഹനരാജൻ പറഞ്ഞു. “അപ്പോഴാണ് അവർ വന്നതും അന്തിമ റിപ്പോർട്ട് സമർപ്പിച്ചതും.”

എസ് വിജയൻ

റിപ്പോർട്ട് കിട്ടി രണ്ട് ദിവസത്തിനകം മോഹനരാജൻ വിധി പ്രസ്താവിച്ചു. “അന്വേഷണത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോക്കൽ പൊലീസ് ഒരു ഹർജി ഫയൽ ചെയ്തു,” അദ്ദേഹം എന്നോട് പറഞ്ഞു. മെയ് ഒന്ന് അവധി ദിവസമായിരുന്നതിനാൽ തനിക്ക് തടസ ഹർജി ഫയൽ ചെയ്യാനായത് വാദം കേൾക്കുന്ന ദിവസം മാത്രമാണെന്നും അതിന് ബദ്ധപ്പെട്ട് ഓടേണ്ടി വന്നെന്നും എസ് വിജയൻ എന്നോട് പ്രതികരിച്ചു. “എന്റെ കൈയ്യിൽ എന്ത് തെളിവാണുണ്ടായിരുന്നത് എന്നുപോലും കോടതി ചോദിച്ചില്ല,” അദ്ദേഹം പറഞ്ഞു. എസ് വിജയന്റെ ഹർജി തള്ളിക്കളയപ്പെട്ടു.

“പരിശോധിച്ച് കഴിഞ്ഞപ്പോൾ, അതിൽ വസ്തുതയില്ലെന്ന് അന്നു തന്നെ ഞാൻ റിപ്പോർട്ട് ചെയ്തു,” മോഹന രാജൻ എന്നോട് പറഞ്ഞു. വീഡിയോ ടേപ്പുകൾ പരിശോധിച്ചിരുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “അത്തരം ഒരു തെളിവ് എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല,” എന്നായിരുന്നു മോഹന രാജന്റെ പ്രതികരണം. വിദേശ ഏജന്റുമാരും ഇന്ത്യൻ ഉദ്യോ​ഗസ്ഥരും പലതവണയായി ചേർന്ന യോ​ഗങ്ങളേക്കുറിച്ചും, റോക്കറ്റ് സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന രേഖകളും പണവും കൈമാറിയതിനേക്കുറിച്ചും, പ്രതികൾ കുറ്റസമ്മതം നടത്തിയതായി കാണിക്കുന്ന 72 വീഡിയോ ടേപ്പുകൾ സിബിഐ, മോഹന രാജന്റെ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നില്ല. കുറ്റാരോപിതരുടെ മേൽ ബലപ്രയോ​ഗം നടന്നതിന്റെ ലക്ഷണം ഇല്ലായെന്ന നിർണയത്തിലെത്താൻ കേരള ഹൈക്കോടതി തൊട്ടുമുൻപത്തെ വർഷം കണ്ടത് ഇതേ ടേപ്പുകളായിരുന്നു.

നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ

പ്രതികളെ എല്ലാവരേയും കുറ്റവിമുക്തരാക്കിക്കൊണ്ട് ജഡ്ജ് മോഹന രാജൻ എഴുതി, “പ്രതികൾ ചാരവൃത്തി നടത്തിയെന്നും മറ്റ് കുറ്റങ്ങൾ ചെയ്തെന്നുമുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ല, അന്വേഷണത്തിൽ അവ തെറ്റാണെന്നും കണ്ടെത്തിയിരിക്കുന്നു.”

ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ ചലനങ്ങൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അരങ്ങേറുന്നുണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിക്കപ്പെടുന്നതിന് മുന്നേ തന്നെ അവസാനിപ്പിക്കൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു എന്ന വസ്തുത, നരസിംഹ റാവു അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ പോലും, കൈയ്യിലൊതുങ്ങാത്ത ഈ എമണ്ടൻ കേസ് പുതിയൊരു സർക്കാർ വരുമ്പോൾ വീണ്ടും തുറക്കാനുള്ള സാധ്യത തീരെ ചെറുതാക്കുന്നത് ഉറപ്പുവരുത്തി. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം സിബിഐ റിപ്പോർട്ട്, വിഷയത്തിന്റെ രാഷ്ട്രീയമായ സമാപ്തി കൂടിയായിരുന്നു.

കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ തക്ക ഭൂരിപക്ഷം നേടാൻ കോൺ​ഗ്രസിനോ ബിജെപിക്കോ കഴിഞ്ഞില്ല. നരസിംഹ റാവു ഭരണത്തിന്റെ അവസാനമാണ് അത് കുറിച്ചത്. ഒടുവിൽ ജൂൺ മാസത്തിൽ കോൺ​ഗ്രസിന്റെ പിന്തുണയോടെ എച്ച് ഡി ദേവ​ഗൗഡയുടെ യുണൈറ്റഡ് ഫ്രണ്ട് സഖ്യം അധികാരത്തിലെത്തി. കേരളത്തിൽ നടന്ന സംസ്ഥാനതല തെരഞ്ഞെടുപ്പിൽ ഇ കെ നയനാരുടെ എൽഡിഎഫ്, കോൺ​ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനെ പുറത്താക്കി – ഐഎസ്ആർഒ ആരോപണത്തിൽ കരുണാകരൻ സർക്കാർ വീണതിന് പിന്നാലെയായിരുന്നു ഇത്. സംസ്ഥാന സർ‌ക്കാർ നേതൃത്വത്തിൽ മാറ്റമുണ്ടായതോടെ, ചാരക്കേസിൽ തുടരന്വേഷണവും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് സിപിഐഎമ്മും ബിജെപിയും രം​ഗത്തെത്തി.

കെ കരുണാകരനും ഇകെ നയനാരും

ജൂൺ 27ന്, ചാരക്കേസിൽ തുടരന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം നയനാർ പ്രഖ്യാപിച്ചു. കേസ് കൈകാര്യം ചെയ്യാൻ സിബിഐക്ക് നൽകിയ അനുമതി സംസ്ഥാന സർക്കാർ ഒരു ഉത്തരവിലൂടെ പിൻവലിച്ചു, എന്നിട്ട് തുടരന്വേഷണങ്ങൾ നടത്താനുള്ള അധികാരം സംസ്ഥാന പൊലീസിന് മാത്രമായി നിജപ്പെടുത്തി. ജൂൺ അവസാനത്തോടെ, ആ സമയത്ത് കൊച്ചി കമ്മീഷണറായിരുന്ന ടി പി സെൻകുമാറിനെ കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ചുമതലപ്പെടുത്തി. “സത്യം കണ്ടുപിടിക്കാൻ എനിക്ക് കഴിയില്ല എന്നായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്, കാരണം ഞാൻ അന്വേഷണം ഏറ്റെടുത്തപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞ് ഒരുപാട് സം​ഗതികൾ നഷ്ടപ്പെട്ടുപോയിരുന്നു,” സെൻകുമാർ എന്നോട് പറഞ്ഞു. “കേസ് സിബിഐ ഒതുക്കിത്തീർത്തു എന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും.”

സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ കുറ്റാരോപിതരായ ആറ് പേരും ഹൈക്കോടതിയെ സമീപിച്ചു. ഒരിക്കൽ നൽകിയ അനുമതി തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് വാദിച്ച് സിബിഐയും ഒരു ഹർജി നൽകി, പക്ഷെ ഹൈക്കോടതി അത് തള്ളിക്കളഞ്ഞു. ഹൈക്കോടതി നിർദ്ദേശിച്ചതുപ്രകാരം, തുടരന്വേഷണത്തിന് വേണ്ടി സംസ്ഥാന സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മിജസ്ട്രേറ്റ് ബി ജ്ഞാനസുന്ദരത്തിന്റെ അനുമതി തേടി. ഉത്തരവിനെതിരെ കുറ്റാരോപിതർ വീണ്ടും എതിർവാദമുന്നയിച്ചു. ഡിസംബർ 13ന്, ചാരക്കേസിൽ പുനരന്വേഷണം നടത്താൻ ജ്ഞാനസുന്ദരം കേരളാ പൊലീസിന് അനുമതി നൽകി.

മോഹന രാജന്റെ കോടതിയിൽ നിന്നും കുറ്റവിമുക്തരാക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞും മറിയം റഷീദയും ഫൗസിയ ഹസനും കസ്റ്റഡിയിൽ തുടർന്നു. പൊലീസ് ഉദ്യോ​ഗസ്ഥർ ഇരുവർക്കുമെതിരെ കൊടുത്ത അപകീർത്തി കേസിനേത്തുടർന്നായിരുന്നു ഇത്. കേരളാ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നപ്പോൾ തങ്ങൾ പീഡനങ്ങൾക്ക് ഇരയായെന്ന് ഫൗസിയ ഹസനും മറിയം റഷീദയും ആരോപിച്ചിരുന്നു.

അടുത്ത കുറച്ച് വർഷങ്ങൾക്കിടെ, അന്വേഷണം പുരോ​ഗമിക്കവെ, ഡൽഹിയിലെ രാഷ്ട്രീയ നേതൃത്വം കടന്നുപോയത് പ്രക്ഷുബ്ധമായ ഒരു കാലത്തിലൂടെയാണ്. 1997 ഏപ്രിലിൽ ദേവ​ഗൗഡയ്ക്ക് പകരക്കാരനായി ഐകെ ​ഗുജ്റാളെത്തി. 1998 മാർച്ച് വരെ ​ഗുജ്റാൾ പ്രധാനമന്ത്രിയായി തുടർന്നു. ഏതാണ്ട് ഇതേ സമയത്ത്, കുറ്റാരോപിതരെ വിട്ടയക്കാൻ വേണ്ടിയുള്ള രഹസ്യ നയതന്ത്ര മാധ്യസ്ഥങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു.

2019 ജൂണിൽ, കോഴിക്കോട് വെച്ച് ഞാൻ അന്നത്തെ സംസ്ഥാന നിയമ സെക്രട്ടറിയായിരുന്ന സി ഖാലിദിനെ കണ്ടു. വിഷയത്തിൽ 20 വർഷത്തിലേറെയായി പുലർത്തുകയായിരുന്ന നിശ്ശബ്ദത അദ്ദേഹം അവസാനിപ്പിച്ചു. ചാരക്കേസിന്റെ തുടരന്വേഷണങ്ങളിൽ നിന്നും പിന്മാറണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടലുണ്ടായ – ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചയേക്കുറിച്ച് അദ്ദേഹം എന്നോട് വിശദമായി സംസാരിച്ചു.

സി ഖാലിദ്

നയനാരുടെ പ്രൈവറ്റ് സെക്രട്ടറി മുരളീധരൻ നായർ ഒരു ദിവസം ഖാലിദിനെ ഫോണിൽ ബന്ധപ്പെട്ടു. “നിങ്ങൾ ചീഫ് ജസ്റ്റിസ് എഎം അഹ്മദിയെ കാണണമെന്ന് നയനാർ ആവശ്യപ്പെട്ടു,” മുരളീധരൻ നായർ ഖാലിദിനോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ എംകെ ദാമോദരനൊപ്പം എത്രയും പെട്ടെന്ന് ഡൽഹിക്ക് പുറപ്പെടണം. ടിക്കറ്റുകൾ ഏർപ്പാടാക്കിയിരുന്നു. കൂടിക്കാഴ്ച്ചയുടെ കാര്യമെന്താണെന്ന് ഖാലിദ് ചോദിച്ചപ്പോൾ മുരളീധരൻ നായർ “ഐഎസ്ആർഒ വിവാദവുമായി ബന്ധപ്പെട്ടാണ്” എന്ന് മറുപടി നൽകി.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയും കേരളാ മുഖ്യമന്ത്രിയും തമ്മിൽ ഡൽഹിയിൽ വെച്ച് ഒരു കൂടിക്കാഴ്ച്ച നടന്നുകഴിഞ്ഞെന്ന് ഖാലിദിന് ബോധ്യമായി. തങ്ങളുടെ പൗരന്മാരായ ഫൗസിയ ഹസനും മറിയം റഷീദയും അനന്തമായി തടവിൽ തുടരുന്നതിൽ മാലിദ്വീപ് ഭരണകൂടം അസന്തുഷ്ടരാണ് എന്ന് അഹ്മദി ഈ യോ​ഗത്തിനിടെ പറഞ്ഞു. “താൻ മാധ്യസ്ഥം വഹിക്കാമെന്നും, അഡ്വക്കേറ്റ് ജനറലിനേയും നിയമവകുപ്പ് സെക്രട്ടറിയേയും തന്റെയടുക്കലേക്ക് അയച്ചാൽ മതിയെന്നും ജസ്റ്റിസ് അഹ്മദി അവരോട് പറഞ്ഞു,” ഖാലിദ് എന്നോട് പ്രതികരിച്ചു. “അതായിരുന്നു ഞങ്ങളുടെ സന്ദർശനത്തിന്റെ ലക്ഷ്യം.”

തൊട്ടടുത്ത ദിവസം, ഡൽഹിയിൽ ഖാലിദും ദാമോദരനും ചീഫ് ജസ്റ്റിസിനെ കാണാനായി ചെന്നു. “അഹ്മദി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. തന്റെ രണ്ട് പൗരൻമാർ അനന്തമായി തടവിൽ കഴിയുന്നതിൽ മാലി ഭരണാധികാരി ആകുലനും അസ്വസ്ഥനുമാണെന്ന് സിജെഐ പ്രസ്താവിച്ചു. അതുകൊണ്ട്, അവർക്കെതിരായ കേസുകൾ പിൻവലിക്കുകയും അവരെ വിട്ടയക്കുകയും വേണം,” ഖാലിദ് പറഞ്ഞു. “ആ നിർദ്ദേശത്തോട് ഞാൻ ആദരപൂർവ്വം വിയോജിച്ചു, നമ്മുടെ പൊലീസ് വ്യക്തമാക്കുന്നത് പ്രകാരം ചാരവൃത്തിയിന്മേൽ മതിയായ തെളിവുകളുണ്ടെന്ന് മറുപടി നൽകുകയും ചെയ്തു.” ക്രയോജനിക് സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന അറിവുകൾ മറ്റ് രാജ്യങ്ങൾക്ക് വിൽപന നടത്തിയതിനേക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തനിക്ക് കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് അഹ്മദിയോട് ആവർത്തിച്ചെന്നും ഖാലിദ് പറഞ്ഞു. “മാലി ഭരണകൂടം അങ്ങേയറ്റം രോഷത്തിലാണ് എന്നതാണ് താൻ പ്രധാനമായി പറയുന്ന കാര്യമെന്ന് ജസ്റ്റിസ് അഹ്മദി അപ്പോൾ ഞങ്ങളോട് പറഞ്ഞു,” ഖാലിദ് ഓർത്തെടുത്തു. “അവർ പാകിസ്താനെ സമീപിച്ചും മറ്റ് അധികാരികളുടെ അടുക്കലും പരാതി പറയുകയാണ്. അതുകൊണ്ട്, അവരെ വിട്ടയച്ചില്ലെങ്കിൽ സർക്കാർ സഹിക്കേണ്ടി വേരും. ഇന്ത്യൻ ​ഗവൺമെന്റിന് മാലി ഭരണകൂടവുമായുള്ള സൗഹൃദം നഷ്ടപ്പെടും.”

എഎം അഹ്മദി

തനിക്ക് എല്ലാ അന്വേഷണ രേഖകളും അയച്ചു തന്നാൽ, കേസ് പിൻവലിക്കൽ “നിങ്ങൾക്ക് അം​ഗീകരിക്കാവുന്ന വിധത്തിൽ ഞാൻ ഒരു നയം തയ്യാറാക്കും” എന്ന് അഹ്മദി ഖാലിദിനോടും ദാമോദരനോടും പറഞ്ഞതായി ആരോപണമുണ്ട്. ഈ നിർദ്ദേശവും താൻ എതിർത്തെന്ന് ഖാലിദ് എന്നോട് പറഞ്ഞു. “അതും ശരിയല്ല, സർ,” അഹ്മദിയോട് പറഞ്ഞത് ഖാലിദ് ഓർത്തെടുത്തു. “എന്താണെന്നുവെച്ചാൽ ഞങ്ങളുടെ മാധ്യമങ്ങൾ വളരെ ജാ​​ഗരൂകരും സൂക്ഷ്മതയുള്ളവരുമാണ്. അവർ വാർത്ത പ്രചരിപ്പിക്കും. അതും നമ്മുടെ ​ഗവൺമെന്റിന് എതിരാകും.” നേരിട്ട് അയക്കുന്നതിന് പകരം, ഫയലുകൾ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേക്ക് അയക്കാമെന്നും അഹ്മദിയുടെ പ്രതിനിധികൾക്ക് അത് പോയി അവിടെ നിന്ന് വാങ്ങാമെന്നും ഖാലിദ് അഭിപ്രായപ്പെട്ടു. ഈ നിർദ്ദേശം അഹ്മദി സ്വീകരിച്ചില്ലെന്ന് ഖാലിദ് പറഞ്ഞു. “അദ്ദേഹം സംഭാഷണം നിർത്തി ​ഗുഡ്ബൈ പറഞ്ഞു.”

ഈ സംഭവത്തേക്കുറിച്ച് ഇതുവരെ വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ഖാലിദിനോട് ചോദിച്ചു. അങ്ങനെ ചെയ്യരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പരോക്ഷമായി നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം മറുപടി നൽകി. “ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ഞാൻ മുരളീധരൻ നായരുമായി ബന്ധപ്പെട്ടു. ഞങ്ങളും ജസ്റ്റിസ് അഹ്മദിയും തമ്മിൽ എന്താണുണ്ടായത് എന്നതിനേക്കുറിച്ച് ഒരു റിപ്പോർട്ട് അയക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മുരളീധരൻ നായർ അത് തടഞ്ഞു. മുരളീധരൻ നായർ ഇങ്ങനെയാണ് പറഞ്ഞത് “വിവരം ഞങ്ങൾ അഡ്വക്കേറ്റ് ജനറലിൽ നിന്ന് വാങ്ങിക്കൊള്ളാം…നിങ്ങൾ ഒരു മറുപടി അയക്കേണ്ടതില്ല.”

“അഡ്വക്കേറ്റ് ജനറൽ എംകെ ദാമോദരൻ സർക്കാരിന് മുൻപാകെ ഒരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു,” ഖാലിദ് എന്നോട് പറഞ്ഞു. പക്ഷെ, ദാമോദരൻ ഈ വിഷയത്തിൽ നിശ്ശബ്ദത തുടർന്നു. അദ്ദേഹം 2017ൽ മരിച്ചു. എന്നിരിക്കിലും, ഈ ഇടപെടലിനേക്കുറിച്ച് ദാമോദരൻ തന്നോട് സംസാരിച്ചിരുന്നെന്ന് ചോദ്യംചെയ്യൽ സംഘത്തിന്റെ ഭാ​ഗമായിരുന്ന മുൻ ഐബി ഉദ്യോ​ഗസ്ഥൻ പിഎ വിശ്വംഭരൻ എന്നോട് വെളിപ്പെടുത്തി. 2013 ഡിസംബറിൽ, ദാമോദരൻ പറഞ്ഞതിന്റെ വിശദാംശങ്ങൾ അറിയിച്ചുകൊണ്ട് വിശ്വംഭരൻ അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പി സദാശിവത്തിന് ഒരു കത്തെഴുതിയിരുന്നു.

“ഒരു മാലിദ്വീപ് സന്ദർശനത്തിന് ശേഷം അന്നത്തെ സിജെഐ എഎം അഹ്മദി തിരുവനന്തപുരത്ത് എത്തിയിരുന്നെന്ന് മുൻ എജി എംകെ ദാമോദരൻ എന്നോട് പറഞ്ഞു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മാലിദ്വീപ് പൗരൻമാരെ വിട്ടയക്കണമെന്ന് മാലിദ്വീപ് ഭരണകൂടം ആ​ഗ്രഹിക്കുന്നതായി ജസ്റ്റിസ് അഹ്മദി തന്നോട് പറഞ്ഞെന്ന് ദാമോദരൻ പ്രതികരിച്ചു. ഐഎസ്ആർഒ ചാരവൃത്തി കേസിൽ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് പിൻവലിക്കാനും അവരെ വിട്ടയക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സിജെഐ ആവശ്യപ്പെട്ടെന്ന് മുൻ എജി എന്നോട് പറയുകയുണ്ടായി. പക്ഷെ, പൊതുസമൂഹത്തോട് ഇക്കാര്യം വെളിപ്പെടുത്തില്ലെന്നും എം കെ ദാമോദരൻ എന്നോട് പറഞ്ഞു.”

അഹ്മദിയുടെ ഇടപെടലുണ്ടായിട്ടും നയനാർ സർക്കാർ കേസ് പിൻവലിച്ചില്ല. സെൻകുമാറിന്റെ ഒരു റിപ്പോർട്ട് കേരള സർക്കാർ സമർപ്പിച്ചു. എന്നിരിക്കിലും, 1998ൽ, സുപ്രീം കോടതിയിൽ കേസ് പരി​ഗണിക്കുകയായിരുന്ന എംകെ മുഖർജിയും എസ്എസ്എം ഖ്വാദ്രിയുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചാരക്കേസ് അന്വേഷണം വീണ്ടും നടത്താനുള്ള കേരള സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. സിബിഐയുടെ അവസാനിപ്പിക്കൽ റിപ്പോർട്ടിനെ പൂർണമായും ആശ്രയിച്ച, സിബിഐ കോടതിയിലെ മോഹന രാജന്റെ ഉത്തരവിനെയാണ് സുപ്രീം കോടതി അവലംബിച്ചത്, സിബിഐക്ക് നൽകിയ അനുമതി പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമോ എന്ന സാങ്കേതിക നിരീക്ഷണത്തിലേക്ക് പരമോന്നത കോടതി സ്വയം പരിമിതപ്പെടുത്തി. കേസ് അന്വേഷണത്തിനിടെ സമാഹരിക്കപ്പെട്ട പഴയതോ പുതിയതോ ആയ യഥാർത്ഥ രേഖകൾ സൂക്ഷ്മമായി പരിശോധിക്കാൻ കോടതി തയ്യാറായില്ല. കുറ്റാരോപിതർ ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ശ്രീവാസ്തവയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നിയമവേദി നൽകിയ ഹർജിയേത്തുടർന്ന്, 1995 ജനുവരിയിൽ കേരള ഹൈക്കോടതി പ്രസ്താവിച്ച വിധിയിൽ സിബിഐക്കെതിരെ നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ, കേന്ദ്ര ഏജൻസി സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ വാദം കേട്ട മൂന്നം​ഗ ബെഞ്ചിൽ അഹ്മദിയുമുണ്ടായിരുന്നു. കെ എസ് പരിപൂർണൻ, സുജാത മനോഹർ എന്നിവർക്കൊപ്പം അഹ്മദി, ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ അന്വേഷണത്തിലേക്കുള്ള ഇടപെടലിന് സമമാണെന്ന് പ്രസ്താവിച്ചു. “അന്വേഷണ വിഷയങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഡയറക്ടർക്ക് നൽകിയ ചില നിർദ്ദേശങ്ങൾ നമ്മുടെ അം​ഗീകാരത്തിന് നിരക്കുന്നതല്ല, അത് അ​വ​ഗണിക്കേണ്ടതുമായിരുന്നു,” ബെഞ്ച് പറഞ്ഞു, “സിബിഐക്ക് എതിരെ നടത്തിയ പ്രതികരണങ്ങൾ, അപക്വവും ഒഴിവാക്കേണ്ടതുമായിരുന്നു എന്നെങ്കിലും പറയേണ്ടി വരും.”

2020 മാർച്ചിൽ അഹ്മദിയെ കാണാനും സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയായിരുന്ന സി ഖാലിദിന്റെ വെളിപ്പെടുത്തലുകളേക്കുറിച്ച് ചോദിക്കാനും ഞാൻ ശ്രമിച്ചു. അദ്ദേഹം ആദ്യം സമ്മതിച്ചു, പക്ഷെ പിന്നീട് ഞങ്ങളുടെ അപ്പോയ്ൻമെന്റ് റദ്ദാക്കി. തുടർന്ന് നടത്തിയ അന്വേഷണങ്ങളോട് പ്രതികരിച്ചതുമില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ നമ്പി നാരായണന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

ഉത്തരവ് പുറപ്പെടുവിച്ച കേരള ഹൈക്കോടതി രണ്ടം​ഗ ബെഞ്ചിന്റെ ഭാ​ഗമായിരുന്ന ജസ്റ്റിസ് കെ ശ്രീധരനോട്, നിയമപരമായ സംഭവ വികാസങ്ങളെ അദ്ദേഹം എങ്ങനെയാണ് നോക്കിക്കണ്ടിരുന്നത് എന്നു ഞാൻ ചോദിച്ചു, പ്രത്യേകിച്ചും സുപ്രീം കോടതി ഉത്തരവുകൾ. “തിരശീലകൾക്ക് പിന്നിലെ നാടകത്തേക്കുറിച്ച് വെളിപ്പെടുത്തുന്നതിൽ നിന്ന് ജുഡീഷ്യൽ മര്യാദ എന്നെ തടുക്കുകയാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം എന്നോട് പറഞ്ഞു. “സുപ്രീം കോടതിയിൽ എന്താണ് സംഭവിച്ചതെന്നും, എങ്ങനെയാണ് ന്യായാധിപൻമാർ സ്വാധീനിക്കപ്പെടുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്തതെന്നും വെളിപ്പെടുത്താൻ എനിക്ക് സാധിക്കില്ല, കാരണം അത് എന്റെ ഭാ​ഗത്ത് നിന്നുള്ള അനുചിത പ്രവൃത്തിയാകും.”

സിബിഐയുടെ കേസ് അവസാനിപ്പിക്കൽ റിപ്പോർട്ടിനേയും കേരള പൊലീസിന്റെ പുനരന്വേഷണം വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതിവിധിയേയും അടിസ്ഥാനമാക്കി, നമ്പി നാരായണൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, തിരുവനന്തപുരം സബ്-കോടതി, കേരള ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളെ സമീപിച്ചു – തനിക്ക് നഷ്ടപരിഹാരവും എസ് വിജയൻ, സിബി മാത്യൂസ് എന്നിവരുൾപ്പെടെയുള്ള ചില അന്വേഷണ ഉദ്യോ​​ഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം. 1998ൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ ഹർജി ഡിആർ കാർത്തികേയനാണ് ലഭിച്ചത്, നാല് മണിക്കൂർ അഭിമുഖം നടത്തി ഐഎസ്ആർഒ ഉദ്യോ​ഗസ്ഥൻ “പൂർണമായും നിരപരാധിയാണ്” (എന്നോട് പറഞ്ഞത്) എന്ന് കണ്ടെത്തിയ സിബിഐ ഉദ്യോ​ഗസ്ഥൻ. 1998ൽ സിബിഐ വിട്ട കാർത്തികേയൻ ആ സമയത്തെ എൻഎച്ച്ആർസി ഡയറക്ടറായിരുന്നു. ഇടക്കാല ആശ്വാസമായി 10 ലക്ഷം രൂപ നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് നമ്പി നാരായണന് അനുകൂലമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2013ൽ കേരള സർക്കാർ അത് നമ്പി നാരായണന് നൽകി.

“എന്ത് അടിസ്ഥാനത്തിൽ അല്ലെങ്കിൽ എന്ത് തെളിവിന്റെ പേരിലായിരുന്നു ഇത്?” സിബി മാത്യൂസ് ചോദിച്ചു. “ഞങ്ങൾക്ക് ഒരിക്കലും ഒരു നോട്ടീസ് കിട്ടിയില്ല. ഞങ്ങളെ വിളിച്ചുവരുത്തിയില്ല, എതിർ വിസ്താരം ചെയ്തില്ല, ഞങ്ങളുടെ ഭാ​ഗം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടില്ല. ഒരു ഏകപക്ഷീയ തീരുമാനമായിരുന്നു അത്.”

ഡി ശശികുമാരൻ, ശശി തരൂർ, നമ്പി നാരായണൻ

2018 സെപ്റ്റംബറിൽ, അന്നത്തെ സിജെഐ ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. നമ്പി നാരായണന് ഏറ്റുവാങ്ങേണ്ടതായി വന്നെന്ന് ആരോപിക്കപ്പെടുന്ന പീഡനങ്ങൾ, രാജ്യത്തിന്റെ ബഹിരാകാശ ​ഗവേഷണത്തിന്റെ സാങ്കേതിക പുരോ​ഗമനത്തിൽ “അപരിഹാര്യവും വീണ്ടെടുക്കാനുമാകാത്ത” തകരാറുണ്ടാക്കിയെന്ന് വിധി പരാമർശിച്ചു.

“ദേശീയതലത്തിൽ കീർത്തിയുള്ള, വിജയം കൈവരിച്ച ശാസ്ത്രജ്ഞനായ ഹർജിക്കാരൻ തീവ്രമായ അപമാനത്തിലൂടെ കടന്നുപോകാൻ നിർബന്ധിതനായി എന്നതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാകേണ്ടതില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്തും കസ്റ്റഡിയിൽ വെച്ചുകൊണ്ടുമുള്ള കേരള പൊലീസിന്റെ നിരുത്സുക സമീപനം അദ്ദേഹത്തിന് മാനക്കേടുണ്ടാകാൻ കാരണമായി. മാനസികനിലയെ ബാധിക്കും വിധമുള്ള പെരുമാറ്റത്തിലൂടെ ശിക്ഷിക്കപ്പെടുമ്പോൾ ഒരു വ്യക്തിയുടെ അന്തസാണ് വിറങ്ങലിച്ച് പോകുന്നത്. അവിവേകപരമായ ഒരു പ്രവൃത്തി തന്റെ ആത്മാദരത്തെ ക്രൂശിക്കുകയാണെന്ന് അനുഭവപ്പെടുമ്പോൾ ഒരു മനുഷ്യൻ നീതിക്ക് വേണ്ടി കരയുന്നു.”

സുപ്രീം കോടതി

“വീഴ്ച്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ ഉചിതമായി നടപടികൾ സ്വീകരിക്കേണ്ടതിന് മാർഗങ്ങളും ഉപായങ്ങളും കണ്ടെത്താൻ” മൂന്നം​​ഗ ബെഞ്ച്, വിരമിച്ച സുപ്രീം കോടതി ജഡ്ജി ഡികെ ജെയ്നിന്റെ അദ്ധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിചാരണക്കോടതിയുടെ വിട്ടയക്കൽ ഉത്തരവിനേയും, അവസാനിപ്പിക്കൽ റിപ്പോർട്ട് ഫയൽ ചെയ്ത് ഉടൻ തന്നെ, കേസ് അന്വേഷിച്ച ചില കേരളാ പൊലീസ് – ഐബി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കേരള സർക്കാരിനും അയച്ച ഒപ്പുവെയ്ക്കപ്പെടാത്ത ഒരു സിബിഐ റിപ്പോർട്ടിനേയുമാണ് സുപ്രീം കോടതി ഉത്തരവ് ഏറ്റവും കൂടുതലായി അവലംബിച്ചത്. മുൻപ് ഉണ്ടായിട്ടില്ലാത്ത ഒരു നടപടി ക്രമമാണ് സിബിഐ ഇവിടെ പിന്തുടർന്നത്. 2005ൽ, ഒരു ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണത്തിന് പിന്നാലെ ബലപ്രയോ​​ഗത്തിന്റെ പേരിൽ കുറ്റാരോപിതരായ ഒമ്പത് ഐബി ഉദ്യോ​ഗസ്ഥരേയും ആഭ്യന്തര മന്ത്രാലയം കുറ്റവിമുക്തരാക്കിയിരുന്നു, അതേ സമയം സംസ്ഥാന സർക്കാർ കേസ് അന്വേഷണത്തിന്റെ ഭാ​ഗമായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു.

2019 ഒക്ടോബറിൽ, രമൺ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരിക്കെ, നമ്പി നാരായണനും സംസ്ഥാന സർക്കാരും തമ്മിൽ കോടതിക്ക് പുറത്ത് ഒരു ഒത്തുതീർപ്പ് നടത്താനുള്ള ചർച്ചകൾ ആരംഭിച്ചു, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ തിരുവനന്തപുരം സബ്കോടതിയിൽ നടത്തിക്കൊണ്ടിരുന്ന കേസിന്മേലായിരുന്നു ഇത്. സംസ്ഥാന സർക്കാർ 1.3 കോടി രൂപ നൽകാൻ സന്നദ്ധത അറിയിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കേസിന് അന്ത്യം കുറിക്കുകയാണെന്ന് തോന്നിപ്പിച്ചുകൊണ്ട്, പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരായ നിയമനടപടികൾ പിൻവലിക്കാമെന്ന ഉപാധിയോടെ, 2020 ആ​ഗസ്റ്റിൽ നമ്പി നാരായണൻ തുക കൈപ്പറ്റി.

ചാരക്കേസ് അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ ശശികുമാരൻ തന്നോട് ആത്മവിശ്വാസത്തോടെ സംസാരിച്ചതിനേക്കുറിച്ച്, ഒരു ഐബി ഉദ്യോ​ഗസ്ഥൻ പേര് പറയരുതെന്ന ഉപാധിയോടെ, എന്നോട് വെളിപ്പെടുത്തി. “ഞങ്ങൾക്ക് ആർക്കും ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല,” ശശികുമാരൻ ഐബി ഉദ്യോ​ഗസ്ഥനോട് പറഞ്ഞു. “ഇതിൽ നിന്നെല്ലാം ഞങ്ങൾ പുറത്തുകടക്കും. വളരെ ശക്തരും പ്രബലരുമായ ആളുകൾ ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് എനിക്ക് ആധിയില്ല.”

തടവിൽ നിന്ന് മോചിയായ ഫൗസിയ ഹസൻ മാലിദ്വീപിൽ തിരിച്ചെത്തി ഇപ്പോൾ അവിടെ താമസിക്കുന്നു. അവർ നടിയെന്ന നിലയിൽ ഒരു പുതിയ തൊഴിലിൽ ഏർപ്പെട്ട് മുന്നോട്ടുപോകുകയാണ്. പ്രശസ്ത ബോളിവുഡ് ചിത്രം ‘കുച്ച് കുച്ച് ഹോത്താ ഹേ’യുടെ റീമേക്ക് ഉൾപ്പെടെ 30 ഓളം ചിത്രങ്ങളിൽ ഫൗസിയ ഹസൻ അഭിനയിച്ചു.

ഫൗസിയ ഹസൻ ഒരു പ്രേതചിത്രത്തിൽ

മറിയം റഷീദയും മാലിദ്വീപിൽ തിരിച്ചെത്തി. മാധ്യമശ്രദ്ധയിൽ നിന്ന് അകന്നുള്ള ജീവിതം തുടരുകയാണ്.

2018ലെ സുപ്രീം കോടതി വിധിക്ക് മണിക്കൂറുകൾ മുമ്പ് ചന്ദ്രശേഖർ മരിച്ചു. അതേ വർഷം നവംബറിൽ എസ് കെ ശർമ്മയും മരിച്ചു.

നമ്പി നാരായണൻ 2001ൽ വിരമിച്ചു. കേരള സർക്കാരിൽ നഷ്ടപരിഹാരമായി ആകെ ഏതാണ്ട് രണ്ട് കോടിയോളം രൂപ അയാൾ നേടി. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നടൻ ആർ മാധവൻ നായകനായെത്തുന്ന ഒരു ബി​ഗ് ബജറ്റ് ചിത്രം ഒരുങ്ങുകയാണ്.

ശശികുമാരൻ 20 വർഷം മുൻപ് ഐഎസ്ആർഒയിൽ നിന്ന് വിരമിച്ചു. സൗദി അറേബ്യയിൽ ഒരു “ബഹിരാകാശ ന​ഗരം” (space city) നിർമ്മിക്കാൻ പദ്ധതിയിടുന്ന ഒരു സ്വകാര്യകമ്പനിയുടെ മേധാവിയാണ് അയാൾ ഇപ്പോൾ. “വലിയൊരു സാങ്കേതികവിദ്യാ കൈമാറ്റത്തിന്” വേണ്ടിയുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണ് താനെന്ന് ശശികുമാരൻ എന്നോട് പറഞ്ഞു.

പരമ്പര അവസാനിച്ചു

(പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്)

തലക്കെട്ട് ചിത്രം: ചാരക്കേസ് ​ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ പ്രത്യേക സംഘം പരാതിക്കാനും ഐഎസ്ആർഒയിൽ ലിക്വിഡ് പ്രൊപ്പൽഷൻ വിഭാ​ഗം മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ നമ്പി നാരായണന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക്. രണ്ട് ഡിജിപിമാരടക്കം 18 പൊലീസ്, ഐബി ഉദ്യോ​ഗസ്ഥരാണ് പ്രതികൾ. 27 വർഷം മുൻപുള്ള ‘​ഗൂഢാലോചന’ തെളിയിക്കുന്നതിനൊപ്പം ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നിലുള്ള കാരണവും സിബിഐ കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്.

Also Read: ‘ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജിക്കും രമൺ ശ്രീവാസ്തവയുടെ ഭാര്യക്കും നമ്പി നാരായണൻ ഭൂമി കൈമാറി’; ഹൈക്കോടതിയിൽ രേഖകളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കേരള രാഷ്ട്രീയത്തേയും മലയാള മാധ്യമരംഗത്തേയും ഐഎസ്ആര്‍ഒ ചാരക്കേസിനോളം ഇളക്കിമറിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ പൊലീസ്-ഐബി ഉദ്യോഗസ്ഥരെ സിബിഐ പ്രതിയാക്കിയതോടെ ചാരക്കേസ് ചര്‍ച്ചകളുടെ പുതിയൊരു ഘട്ടം ആരംഭിച്ചുകഴിഞ്ഞു. നിഗൂഢതകള്‍ അവശേഷിക്കുന്നതിനിടെ കാരവന്‍ ലേഖിക നിലീന എംഎസ് തയ്യാറാക്കിയ വാര്‍ത്താ റിപ്പോര്‍ട്ട് സിബിഐ എങ്ങനെയാണ് കേസ് അട്ടിമറിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. ചാരക്കേസിനേക്കുറിച്ച് ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും സമഗ്രമായ അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് ന്യൂസ്‌റപ്റ്റ് മലയാളത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. ആദ്യ ചാപ്റ്റർ വായിക്കാം.

Also Read: ‘നമ്പി നാരായണന്‍ ഒരു കള്ളനാണ്’; കൂട്ടുപ്രതിയായിരുന്ന ഡി ശശികുമാരന്‍ പറയുന്നു; ചാരക്കേസ് അന്വേഷണ റിപ്പോര്‍ട്ട് രണ്ടാം ഭാഗം

Also Read: രാജ്യങ്ങള്‍ ക്രയോ സാങ്കേതികവിദ്യ ഇത്രയേറെ ആഗ്രഹിച്ചതെന്തുകൊണ്ട്?; മോഡി-നമ്പി കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെന്ത്?; കാരവന്‍-ഐഎസ്ആര്‍ഒ അന്വേഷണറിപ്പോര്‍ട്ട് മൂന്നാം ഭാഗം

Also Read: സിബിഐ അന്വേഷിക്കാതിരുന്ന ‘രഹസ്യ കൈമാറ്റങ്ങൾ’, സംശയിക്കാതെ വിട്ട നമ്പി നാരായണന്റെ 45,498 രൂപയുടെ ടെലിഫോൺ ബിൽ; കാരവൻ – ചാരക്കേസ് അന്വേഷണ റിപ്പോർട്ട് നാലാം ഭാ​ഗം