ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശക്തി ഇല്ലാതാക്കുന്നതിന് വേണ്ടി ബിജെപി, ആപ്, എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ കൈകോര്‍ത്തിരിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിത്. എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളെയും ഇ.ഡിയും ഇന്‍കംടാക്സും റെയ്ഡ് ചെയ്യുമ്പോള്‍ ഈ രാഷ്ട്രീയ കക്ഷികള്‍ക്ക് നേരെ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിനും എഐഎംഐഎമ്മിനുമെതിരെ സന്ദീപ് ദീക്ഷീത് നേരത്തെയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയും വിമര്ശനമാരംഭിച്ചിരുന്നു.
‘മോഡി-ഷാക്ക് രണ്ട് അജണ്ടയാണുള്ളതെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ഒരു ബിജെപി എം.എല്‍.എ എന്നോട് പറഞ്ഞു. ഒന്ന്, സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുക. രണ്ട് കെജ്രിവാളിനെയും ഒവൈസിയെയും പോലുള്ള ഏജന്റുമാരെ ശക്തിപ്പെടുത്തുക. അദ്ദേഹം എനിക്ക് കാണിച്ച് തന്നെ തെളിവുകള്‍ തന്നെ അത്ഭുതപ്പെടുത്തി’, സന്ദീപ് ദീക്ഷിത് ദിവസങ്ങള്‍ക്ക് മുമ്പ് ചെയ്ത ട്വീറ്റ്.
കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. കാരണം ബിജെപിക്ക് ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കുകയും മറ്റ് മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ വിഭജിക്കുകയും ചെയ്യുമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി-കോണ്‍ഗ്രസ് മത്സരമാണ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ആപ്പും മത്സരിക്കാനൊരുങ്ങുകയാണ്. പഞ്ചാബില്‍ ആപ്പ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയാണ്.
ബീഹാറില്‍ മഹാസഖ്യത്തിന്റെ പ്രതീക്ഷകളില്‍ വിള്ളല്‍ വീഴ്ത്താന്‍ എഐഎംഐഎമ്മിന് കഴിഞ്ഞിരുന്നു. ബംഗാളില്‍ മത്സരിക്കാതിരുന്ന ഒവൈസിയുടെ പാര്‍ട്ടി യു.പിയില്‍ മത്സരിക്കാനൊരുങ്ങുകയാണ്.