‘വിസ്മയമാണെന്റെ ലീഗ്’; ഇവരില്‍നിന്ന് നിന്ന് നിങ്ങള്‍ നീതി പ്രതിക്ഷിച്ചോ നിഷ്‌കളങ്കരേയെന്ന് ഹരിതയോട് മുന്‍ നേതാവ്

കോഴിക്കോട്: എംഎസ്എഫിന്റെ വനിതാ സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ വിമര്‍ശനവുമായി സംഘടനയുടെ മുന്‍ നേതാവ് ഹഫ്‌സ മോള്‍. പുതുതായി ചുമതലയേറ്റെടുക്കാന്‍ പോകുന്ന വനിതാ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഹഫ്‌സ ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇപ്പോഴേ നേതൃത്വത്തെ പുകഴ്ത്താന്‍ തുടങ്ങണമെന്നും എന്നാല്‍ പിന്നീട് കമ്മിറ്റിയില്‍ വരാമെന്നും അവര്‍ പരിഹസിച്ചു.

‘മിണ്ടരുത്. മിണ്ടിയാല്‍ പടിക്ക് പുറത്താണ്. ആരാണ് പുറത്താക്കുക എന്ന് അറിയുമോ? ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി. അല്ലേലും നിങ്ങള്‍ ഇവരില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരേ… സ്രാങ്ക് പറയും അപ്പം കേട്ടാല്‍ മതി, സ്രാങ്ക് ചെയ്യും അപ്പം കണ്ടാല്‍ മതി. ജയ് സാദിഖലി ശിഹാബ് തങ്ങള്‍. വിസ്മയമാണെന്റെ ലീഗ്’, ഹഫ്‌സയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

തുടര്‍ച്ചയായി അച്ചടക്കലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ലീഗ് നേതൃത്വം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. രമ്യതയില്‍ പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങാത്തതാണ് സംഘടനയെ പിരിച്ചുവിടാനുള്ള ലീഗ് തീരുമാനത്തിന് പിന്നില്‍.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കളോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹരിത നേതാക്കള്‍ തള്ളുകയായിരുന്നു. അതിനെ തുടര്‍ന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പിരിച്ചുവിടല്‍ തീരുമാനമുണ്ടായത്.

ഹരിതയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി അച്ചടക്കലംഘനമുണ്ടായെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. നിലവിലെ ഹരിത കമ്മറ്റിയുടെ കാലാവധി കഴിഞ്ഞതാണെന്നും പുതിയ കമ്മറ്റി ഉടന്‍ രൂപീകരിക്കുമെന്നും സലാം അറിയിച്ചിരുന്നു.

പി.കെ നവാസ്, വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങള്‍ക്കിടെ നവാസും അബ്ദുള്‍ വഹാബും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം.