ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രിമാരായ സുനില്‍ ദേശ്മുഖും സഞ്ജയ് ദേശ്മുഖും കോണ്‍ഗ്രസിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതാവും മന്ത്രിയുമായ സുനില്‍ ദേശ്മുഖും മറ്റൊരു മുന്‍ മന്ത്രി സഞ്ജയ് ദേശ്മുഖും കോണ്‍ഗ്രസില്‍. ശനിയാഴ്ച സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി എച്ച് കെ പാട്ടീലിന്റെയും ധനകാര്യമന്ത്രി ബാലാസാഹേബ് തോറാട്ടിലിന്റെയും സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.

ബിജെപി വിട്ട് താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി സുനില്‍ ദേശ്മുഖ് പറഞ്ഞു. താന്‍ കുറെയേറെ കാലം കോണ്‍ഗ്രസിലായിരുന്നു. പിന്നീടാണ് ബിജെപിയില്‍ ചേര്‍ന്നത്. അവിടെ തന്നെ പൂര്‍ണ്ണമായി ഒതുക്കികളഞ്ഞു. എന്റെ ശരിയായ വീട്ടിലേക്ക് മടങ്ങാനുള്ള യഥാര്‍ത്ഥ സമയം ഇതാണെന്ന് തനിക്ക് തോന്നുന്നുവെന്ന് സുനില്‍ ദേശ്മുഖ് പറഞ്ഞു.

സുനില്‍ ദേശ്മുഖിന്റെ പുതിയ തീരുമാനം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. വിദര്‍ഭ മേഖലയില്‍ ബിജെപി കെട്ടിപ്പടുക്കാന്‍ സുനില്‍ ദേശ്മുഖ് വലിയ അധ്വാനം നടത്തിയിരുന്നു.

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സുനില്‍ ദേശ്മുഖ് മുന്‍ മന്ത്രി ജഗ്ദീഷ് ഗുപ്തയെ 1999ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നത്. 2004ലും വിജയിക്കുകയും വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തിരുന്നു. 2009ല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടിലീന്റെ മകന്‍ റാവുസാഹേബ് ശെഖാവത്തിനോട് പരാജയപ്പെടുകയായിരുന്നു. അന്ന് സ്വതന്ത്രനായാണ് സുനില്‍ ദേശ്മുഖ് മത്സരിച്ചത്.

2014ലാണ് സുനില്‍ ദേശ്മുഖ് ബിജെപിയില്‍ ചേര്‍ന്നത്. അത്തവണ റാവുസാഹേബ് ശെഖാവത്തിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുലഭ കോഖഡെയോട് പരാജയപ്പെടുകയായിരുന്നു.

ബിജെപി സുനില്‍ ദേശ്മുഖിനെ സംസ്ഥാന ഉപാധ്യക്ഷനാക്കിയിരുന്നു. എങ്കിലും ഫഡ്‌നാവിസ് മന്ത്രിസഭയുടെ കാലത്ത് നിതിന്‍ ഗഡ്കരി അനുയായി ആണെന്നതിനാല്‍ ഒതുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പഴയ കോട്ടയായിരുന്നു വിദര്‍ഭ. ഇവിടെ സുനില്‍ ദേശ്മുഖിന്റെ വരവ് കോണ്‍ഗ്രസിന് ഉണര്‍വ് സമ്മാനിച്ചേക്കും.