ജിതിന്‍ പ്രസാദ പോയപ്പോള്‍ അനില്‍ യാദവിനെ കൊണ്ട് വന്ന് കോണ്‍ഗ്രസ്; മുന്‍ എസ്പി വക്താവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലഖ്‌നൗ: മുന്‍ സമാജ്‌വാദ് പാര്‍ട്ടി വക്താവ് അനില്‍ യാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെയും ദീപക് സിങ് എംഎല്‍സിയുടെയും സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അജയ് യാദവ് സമാജ്‌വാദി പാര്‍ട്ടിയുടെ യുവനേതാക്കളിലൊരാളായിരുന്നു. അനില്‍ യാദവിന്റെ ഭാര്യ പാങ്കുരി പതക് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാവാണ്.

ഭാര്യയ്‌ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് അനില്‍ യാദവ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അനില്‍ യാദവ് സമാജ്‌വാദി പാര്‍ട്ടി വിട്ടത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നോയിഡ മണ്ഡലത്തില്‍ ഇരുവരില്‍ ആരെയെങ്കിലും ഒരാളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചന. പാങ്കുരി നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് കൊവിഡ് ആശ്വാസ നടപടികളില്‍ സജീവമാണ്. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിന്റെ മകന്‍ പങ്കജ് സിങ് ആണ് ഇപ്പോള്‍ ഇവിടെ എംഎല്‍എ. ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഒരു യുവനേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.