മലപ്പുറം: അന്താരാഷ്ട്ര യോഗദിനമായ തിങ്കളാഴ്ച നിരവധി പേരാണ് യോഗയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ചത്. അതിലൊരാളാണ് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. മാറിയ ഭക്ഷണ ശീലങ്ങളും തിരക്കിട്ട ജീവിതവും നല്കുന്ന ജീവിതശൈലീരോഗങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒരളവുവരെ അയവു നല്കാന് യോഗാഭ്യാസത്തിന് കഴിയുന്നുണ്ടെന്നതിന് സാക്ഷ്യപ്പെടുത്തലുകളുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
യോഗയുടെ പ്രാധാന്യത്തെ ഓര്‍ക്കുന്നതിനൊപ്പം യോഗയെ കേവലം വ്യവസായമായി മാറ്റുന്നവര്‍ക്കും പ്രതിലോമ രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ഉപകരണമാക്കുന്നവര്ക്കുമെതിരെ ജാഗ്രത പുലര്‍ത്തേണ്ടതു കൂടിയുണ്ട്. മൃതതുല്യമാകാതെ ശരീരത്തെ ജീവസ്സുറ്റതാക്കുന്ന യോഗയെ, അസത്യത്തില്നിന്ന് സത്യത്തിലേക്കും ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കും നയിക്കേണ്ടതുണ്ടെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
നടന് മോഹന്‍ലാലും യോഗയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.