മുംബൈ: ഭീമ കൊറേഗാവ്്- എല്ഗാറ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യനില അത്യധികം വഷളായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍നിന്നും സബര്‍ബന്‍ ബന്ദ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഓക്സിജന്‍ സഹായത്തോടെയാണ് 84 കാരനായ ഫാ സ്റ്റാന്‍ സ്വാമി ഇപ്പോള്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. പാര്‍ക്കിന്‍സണ്‍സ്, നടുവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ ജോ സേവ്യര്‍ നേരത്തെ അറിയിച്ചിരുന്നു.
15 ദിവസത്തെ ചികിത്സക്കായാണ് വൈദികനെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ കോടതി ഉത്തരവിട്ടത്. വൈദികന്റെ ആരോഗ്യസ്ഥിതി മോശമായ പശ്ചാത്തലത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ഹരജിയിലായിരുന്നു കോടതി ഇടപെടല്‍. ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും സ്റ്റാന്‍ സ്വാമി ഒരാഴ്ച മുമ്പ് ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു.