മധുരം നിറച്ച ദേവരാജന് കാളികാവിന്റെ മതംമറന്നുള്ള യാത്രാമൊഴി; ക്രിസ്ത്യന്‍ പള്ളിയില്‍ സംസ്‌കാരമൊരുക്കിയത് ഇമാമും മദ്രസാ അധ്യാപകനും

മലപ്പുറം: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട് വിരുധനഗര്‍ സ്വദേശി തമ്മനനായകം വട്ടി ആരോഗ്യ ദേവരാജ്, മലപ്പുറം കാളികാവില്‍ ജോലിക്കും താമസത്തിനുമായെത്തുന്നത്. കാളികാവില്‍ മധുര പലഹാരങ്ങള്‍ വില്‍പനയായിരുന്നു ജോലി. വര്‍ഷങ്ങളോളം ദേവരാജന്‍ കാളികാവുകാര്‍ക്ക് മധുരം നല്‍കി. കുടുംബവും ഇവിടെത്തന്നെയാണ് താമസിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച ദേവരാജന്‍ ഒരു അപകടത്തില്‍ പെട്ടതുമുതല്‍ ദേവരാജന്റെ കുടുംബം കണ്ടറിഞ്ഞത് ഒരു നാടിന്റെ സ്‌നേഹവും കരുതലുമാണ്. അപകടം സംഭവിച്ചയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ദേവരാജനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ദേവരാജന്‍ മരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ സംസ്‌കാരത്തെക്കുറിച്ചായി ആശങ്ക. എന്തുചെയ്യണമെന്നറിയാതെ ഒരു കുടുംബം നിസഹായരായി നിന്ന നിമിഷം.

ക്രിസ്തുമത വിശ്വാസികളാണ് ദേവരാജനും കുടുംബവും. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കല്‍ പ്രതിസന്ധിയിലായി. ഒടുവില്‍ ക്രിസ്തീയ വിശ്വാസപ്രകാരം ശവസംസ്‌കാരം നടത്തുന്നതിനായി എസ്‌കെഎസ്എസ്എഫ് വിഖായ പ്രവര്‍ത്തകര്‍ സന്നദ്ധരായെത്തി. മതം മാറ്റിവെച്ച് കാളികാവിന്റെ സ്‌നേഹം ദേവരാജന്.

പള്ളിവികാരി യോബാസ് ഭാസ്‌കറിന്റെ പൂര്‍ണ സമ്മതംകൂടി ലഭിച്ചതോടെം മദ്രസാ അധ്യാപകരും ഇമാമുമടക്കം പത്തോളം വരുന്ന വിഖായ പ്രവര്‍ത്തകര്‍ സെന്റ് മാത്യൂസ് സിഎസ്‌ഐ പള്ളിയകത്തേക്കെത്തി ശവസംസ്‌കാരത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തി. മുസ്ലിം വിശാസികള്‍ക്കിടയില്‍നിന്ന് വികാരി ദേവരാജന് അന്ത്യകൂദാശ നല്‍കി. ദേവരാജന് വേണ്ടിയുള്ള അന്ത്യ പ്രാര്‍ത്ഥനയില്‍ വികാരി വിഖായ പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തി.

ശവസംസ്‌കാരത്തിന് പിന്നാലെ അവശ്യഘട്ടത്തില്‍ മതം മറന്ന് സഹായിക്കാനെത്തിയ വിഖായ പ്രവര്‍ത്തകരെ വികാരി അഭിനന്ദിക്കുകയും ഒരുമിച്ച് നിര്‍ത്തി സൂക്ഷിക്കാനായൊരു ഫോട്ടോയും എടുത്തു.

കൊവിഡ് കാലത്ത് ഇരുന്നൂറിലേറെ മൃതദേഹങ്ങള്‍ വിഖായ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തില്‍നിന്ന് പുറത്തുള്ളവരുടെ സംസ്‌കാര ചടങ്ങളുകള്‍ ഇവര്‍ നടത്തുന്നത് ഇതാദ്യമായല്ല. വ്യത്യസ്ത മതത്തില്‍നിന്നുള്ളവരെ അതാത് വിശ്വാസ രീതികള്‍ക്കനുസരിച്ചാണ് സംസ്‌കരിച്ചതെന്ന് ഇവര്‍ പറയുന്നു.