‘തെളിവുണ്ടായിട്ടും അന്വേഷിക്കേണ്ടെന്ന് സിബിഐ തീരുമാനിച്ചു’; റഫാല്‍ ഇടപാടില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് മാധ്യമം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനക്കരാറില്‍ ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സോ ഇടനിലക്കാരന് 65 കോടി രൂപ കൈക്കൂലി നല്‍കിയിരുന്നെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാപനമായ മീഡിയാ പാര്‍ട്ട്. ഇന്ത്യയിലേക്കുള്ള 36 റഫാല്‍ യുദ്ധവിമാനങ്ങളുടെ കച്ചവടം ‘സുരക്ഷിത’മാക്കാനാണ് കോഴയെന്നാണ് വെളിപ്പെടുത്തല്‍. ഇവയുടെ രേഖകള്‍ ലഭ്യമായിരുന്നിട്ടും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 59,000 കോടി രൂപയുടെ റഫാല്‍ കരാറിലെ അഴിമതിയെക്കുറിച്ചാണ് മീഡിയാപാര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയത്.

ആരോപണവിധേയനായ ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്ക്ക് കമ്മീഷനുകള്‍ നല്‍കാന്‍ ദസ്സോ വ്യാജ ഇന്‍വോയിസുകളാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഇന്‍വോയിസുകളും മീഡിയാപാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ‘ഈ തെളിവുകളെല്ലാം ലഭ്യമായിരിക്കെ, ബന്ധം തുടരാനും ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടെന്നുമാണ് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചത്’, റിപ്പോര്‍ട്ടില്‍ പറയുന്നു. റഫാല്‍ വിമാനക്കച്ചവടത്തിനായി ദസ്സോ, സുഷേന്‍ ഗുപ്തയ്ക്ക് പണം നല്‍കിയെന്നതിന്റെ തെളിവുകള്‍ 2018-ല്‍ത്തന്നെ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നെന്ന വമ്പന്‍ വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് റഫാല്‍ ഇടപാടുകള്‍ക്കായി കോഴ വാങ്ങിയിരുന്നതിന്റെ തെളിവുകളും പുറത്തായത്. മീഡിയാപാര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2013ലാണ് കോഴയിടപാടുകള്‍ ആരംഭിച്ചത്.

അഴിമതി, സ്വാധീനം ചെലുത്തല്‍, പക്ഷപാതം എന്നിവയിലൂന്നി ജുഡീഷ്യല്‍ അന്വേഷണത്തിന് ഫ്രാന്‍സ് ഉത്തരവിട്ടതിന് പിന്നാലെ, ജൂലൈയിലാണ് മീഡിയാപാര്‍ട്ട് ‘റഫാല്‍ ഇന്‍വെസ്റ്റിഗേഷന്‍’ ആരംഭിച്ചത്. മൗറീഷ്യസില്‍ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മറവില്‍ ആഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലും സുഷേന്‍ ഗുപ്ത കോഴവാങ്ങിയെന്ന് ആരോപണമുണ്ട്. ഈ ആരോപണത്തിലൂന്നിയുള്ള അന്വേഷണങ്ങള്‍ക്കായി ഏജന്‍സികള്‍ക്ക് തെളിവുകള്‍ കൈമാറാമെന്ന് മൗറീഷ്യസ് അതോറിറ്റി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

2018 ഒക്ടോബര്‍ 11ന് ഈ രേഖകള്‍ സിബിഐക്ക് ലഭിച്ചു. റഫാല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് സിബിഐക്ക് ആദ്യപരാതി ലഭിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. ‘പരാതി ഉന്നയിച്ച് ഏഴുദിവസത്തിന് ശേഷം കോഴ ഇടപാടിന്റെ തെളിവ് ലഭിച്ചിട്ടും അന്വേഷണം ആരംഭിക്കേണ്ടെന്നാണ് സിബിഐ തീരുമാനിച്ചത്’, മീഡിയാപാര്‍ട്ട് പറയുന്നു.

ഈ സാഹചര്യത്തിലാണ് റഫാല്‍ കരാറില്‍ ദസ്സോയ്ക്ക് വേണ്ടിയും സുഷേന്‍ ഗുപ്ത ഇടനിലക്കാരനായെന്ന് തങ്ങള്‍ കണ്ടെത്തിയതെന്നാണ് മീഡിയാപാര്‍ട്ട് പറയുന്നത്. ഗുപ്തയുടെ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസിന് 2007-2012 കാലഘട്ടത്തില്‍ ഫ്രഞ്ച് ഏവിയേഷന്‍ കമ്പനിയില്‍നിന്നും ചുരുങ്ങിയത് 64 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇവയില്‍ പലതിനും ദസ്സോ ഉപയോഗിച്ചത് വ്യാജ ഇന്‍വോയിസുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.