ടോക്കിയോ ഒളിംപിക്‌സില്‍ അഭയാര്‍ത്ഥി ജനതയുടെ പ്രതിനിധിയായി യുസ്‌റ മര്‍ദീനി; ദുരിതക്കടലില്‍നിന്ന് 18 പേരെ രക്ഷിച്ച സിറിയന്‍ സ്വര്‍ണമത്സ്യം

ടോക്കിയോ ഒളിംപിക്‌സിന്റെ വേദിയിലേക്ക് അഭയാർഥി കായിക താരങ്ങളുടെ ടീമിനെ കൊടിപിടിച്ച് നയിച്ചത് ഇരുപത്തിമൂന്നുകാരിയായ ഒരു സിറിയൻ പെൺകുട്ടിയായിരുന്നു — യുസ്‌റ മർദീനി എന്ന നീന്തൽ താരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളായ കായിക താരങ്ങൾ ചേർന്ന ‘ഒളിംപിക് അഭയാർത്ഥി കായിക ടീം’ അംഗമായി 100 മീറ്റർ ബട്ടർഫ്‌ളൈസ് വിഭഗത്തിലാണ് യുസ്‌റ മത്സരത്തിനിറങ്ങിയത്. യുദ്ധം നശിപ്പിച്ച സിറിയയിൽ നിന്നും ജപ്പാനിലേക്കുള്ള ദൂരം അവർ നീന്തിക്കയറിയത് അത്ര എളുപ്പത്തിലല്ല. ലോകത്തോട് മത്സരിക്കാൻ ടോക്കിയോ സ്വിമ്മിങ് പൂളിൽ ഊളിയിടുന്നതിന് വർഷങ്ങൾക്ക് മുൻപ് തുർക്കിയുടെ കടൽപ്പരപ്പിൽ, ആഞ്ഞുവീശുന്ന തിരമാലകളോട് പൊരുതി തന്റെയും അനുജത്തിയുടെയും പതിനെട്ട് അഭയാർത്ഥികളുടെയും ജീവൻ രക്ഷിച്ച കഥാനായികയാണ് യുസ്‌റ മർദീനി.

വർഷങ്ങൾ നീണ്ട സിറിയൻ യുദ്ധത്തിനിടയിലും സ്വന്തം നാട്ടിൽ കഴിയുന്നിടത്തോളം പിടിച്ചുനിൽക്കാൻ യുസ്‌റയും കുടുംബവും പരമാവധി ശ്രമിച്ചു. സിറിയയുടെ ദേശീയ നീന്തൽ ടീമിൽ അംഗമായിരുന്നു യുസ്‌റയുടെ പിതാവ് എസ്സത്ത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടിലെ ചെറിയ നീന്തൽക്കുളത്തിൽ പരിശീലിച്ചായിരുന്നു യുസ്‌റ നീന്തൽ വശത്താക്കിയത്. എന്നാൽ ഏറ്റുമുട്ടലുകലും വെടിവെപ്പും രൂക്ഷമായി നീന്തൽക്കുളത്തിന് സമീപത്തേക്കുപോലും പോകാൻ കഴിയാതെ വന്നതോടെ പരിശീലനം അവിടെ അവസാനിച്ചു. ഇതിനിടെ യുസ്‌റയുടെ പിതാവിനെ സിറിയൻ സൈന്യം അറസ്റ്റ് ചെയ്‌ത്‌ ക്രൂരമായി മർദ്ദിച്ചു. സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടിയുണ്ടാക്കിയ യുസ്‌റയുടെ വീട് അസ്സദിന്റെ പട്ടാളം നിലംപരിശാക്കി. ഇതോടെ പതിനേഴുകാരിയായിരുന്ന യുസ്‌റയും അനുജത്തി സാറയും സിറിയ ഉപേക്ഷിച്ച് പലായനം ചെയ്യാമെന്ന് കുടുംബം തീരുമാനിച്ചു. കുടുംബം ഒന്നാകെ രക്ഷപ്പെടാൻ അന്നത്തെ സാഹചര്യത്തിൽ സാധിക്കില്ലായിരുന്നു. യുസ്‌റയേയും സഹോദരി സാറയെയും ബന്ധുക്കൾ തുർക്കിയിൽ എത്തിക്കാമെന്ന് തീരുമാനമായി. അവിടെ നിന്ന് യൂറോപ്പിലേക്ക്.

തുർക്കിയിൽ നിന്നും അഭയാർത്ഥികളെ കടത്തുന്നവർ സജ്ജമാക്കിയ ബോട്ട് തീരം വിട്ട് പതിനഞ്ച് മിനിറ്റിനുള്ളിൽ എഞ്ചിൻ തകരാറ് സംഭവിച്ചു. ആർത്തടിക്കുന്ന തിരമാലകൾക്ക് നടുവിൽ, എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ, ബോട്ട് മുങ്ങാൻ തുടങ്ങി. ഏഴുപേർക്ക് മാത്രം കയറാൻ കഴിയുന്ന ബോട്ടിൽ 20 അഭയാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. യുസ്‌റയും സാറയും കടുത്ത തണുപ്പിനെ അവഗണിച്ച് വെള്ളത്തിലേക്ക് ചാടി. താഴ്ന്നുകൊണ്ടിരുന്ന ബോട്ടിനെ ഉയർത്തി മറിയാതെ നിർത്താൻ പരമാവധി ശ്രമിച്ചു. നീന്തൽ പരിശീലനം ചെയ്തിട്ട് അധികകാലമായതിനാൽ ശാരീരിക ക്ഷമത പറ്റെ നഷ്ടപ്പെട്ടിരുന്നു യുസ്‌റക്ക്. എന്നിട്ടും മറ്റ് രണ്ട് അഭയാർഥികളുടെ കൂടെ സഹായത്തോടെ മൂന്ന് മണിക്കൂറാണ് യുസ്‌റയും സാറയും ബോട്ടും തള്ളിനീക്കി നീന്തൽ തുടർന്നത്. അവസാനം ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിന്റെ കരക്കടുപ്പിച്ചു.

യുസ്‌റയും (ഇടത്) സാറയും

‘ഞങ്ങളുടെ രണ്ട് കാലുകളും ഒരു കയ്യും ഉപയോഗിച്ച് ഞങ്ങൾ നീന്തി. കയറുകൾ കൂട്ടിക്കെട്ടി ബോട്ട് വലിച്ചുകൊണ്ടിരുന്നു. തിരമാലകൾ എന്റെ കണ്ണിലേക്കുതന്നെ അടിക്കുന്നുണ്ടായിരുന്നു. ഉപ്പുവെള്ളത്തിൽ നീന്തുന്നതിന്റെ ഏറ്റവും പ്രയാസകരമായ കാര്യം അതാണ്. പക്ഷെ മറ്റെന്താണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുമായിരുന്നത്? എല്ലാവരെയും മുങ്ങിച്ചാകാൻ വിടണമായിരുന്നോ?,’ യുസ്‌റ ചോദിക്കുന്നു.

ഗ്രീസിന്റെ തീരത്തുനിന്നും യുസ്‌റയും സംഘവും ജർമനി ലക്ഷ്യമാക്കി നടന്നു. അപ്രതീക്ഷിതമായ ആവശ്യങ്ങൾ കൂടി വന്നതോടെ സിറിയയിൽ നിന്നും പുറപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്ന പണമൊക്കെ പൂർണമായും തീർന്നു. ബുഡാപെസ്റ്റിലെ ഒരു റെയിൽവേ സ്റ്റേഷനിൽ മാസങ്ങളോളം കുടുങ്ങിക്കിടന്നു യുസ്‌റയും സംഘവും. ആറ് മാസത്തോളം ബെർലിനിലെ ഒരു അഭയാർത്ഥി ക്യാമ്പിലും. ഇതിനൊക്കെ ശേഷമാണ് നാട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും യുസ്‌റക്കും അനുജത്തിക്കും സാധിച്ചത്.

അഭയാർത്ഥി ക്യാമ്പിൽ വെച്ചാണ് നീന്താൻ പരിശീലനം നൽകുന്ന ക്ലബ്ബിനെക്കുറിച്ച് യുസ്‌റ അറിയുന്നത്. അവിടുത്തെ പരിശീലകൻ യുസ്‌റക്ക് ജർമനിയിൽ താമസിക്കാനുള്ള അനുമതി സംഘടിപ്പിച്ചുനൽകി. ഇവിടെനിന്നാണ് യുസ്‌റ പുതിയ സ്വപ്‌നങ്ങൾ നെയ്യാൻ ആരംഭിച്ചത്. ഇന്ന് യുഎൻ അഭയാർത്ഥി സംഘടനയുടെ ഗുഡ്‌വിൽ അംബാസഡർ കൂടിയാണ് അവർ. അനുജത്തി സാറ ഗ്രീക്കിൽ അഭയാർത്ഥികളെ സഹായിക്കുന്ന തിരക്കിലാണ്.