ഇന്ധനവില: സംസ്ഥാനത്തെ 60 ശതമാനം ചരക്കുലോറികള്‍ ഓട്ടം നിര്‍ത്തി; വിലക്കയറ്റം വരുന്നു

ഇന്ധന വിലവര്‍ധന സംസ്ഥാനത്ത് വിലക്കയറ്റം സൃഷ്ടിക്കാന്‍ സാധ്യത. വെള്ളിയാഴ്ച്ച പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഈ മാസത്തെ അഞ്ചാമത്തെ വര്‍ധനയാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 97.89 രൂപയും ഡീസലിന് 93.24 രൂപയുമാണ്. കാക്കനാട് 96.32 രൂപയും കോഴിക്കോട് 96.32 രൂപയിലും പെട്രോള്‍ വിലയെത്തി. ഡീസലിന് 91.48, 91.89 രൂപ.

ലോക്ഡൗണില്‍ ഓട്ടം കുറഞ്ഞതിന് പിന്നാലെ ഡീസല്‍ വില കത്തിക്കയറിയത് സംസ്ഥാനത്തെ ചരക്ക് ഗതാഗതത്തെ സാരമായി ബാധിച്ചു. 60 ശതമാനത്തോളം ചരക്കുലോറികള്‍ ഓട്ടം നിര്‍ത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുമെങ്കിലും ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടായേക്കില്ല. ആവശ്യസാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും ഇതോടെ ആസന്നമായി.

സംസ്ഥാനത്ത് കേരള രജിസ്‌ട്രേഷനുള്ള 35,000 ചരക്കുലോറികളില്‍ പകുതിയിലേറെയും കട്ടപ്പുറത്തായെന്ന് ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുബിന്‍ പോള്‍ മാധ്യമത്തോട് പ്രതികരിച്ചു.

15 ലോറികളുള്ള ഞാന്‍ രണ്ടെണ്ണം മാത്രമാണ് ഓടിക്കുന്നത്. എറണാകുളത്ത് നിന്ന് തൂത്തുക്കുടി ട്രിപ്പ് പോയാല്‍ മുമ്പ് 18,000 രൂപയ്ക്കാണ് ഡീസല്‍ അടിച്ചിരുന്നത്. അതിപ്പോള്‍ 22,000 രൂപയായി.

സുബിന്‍ പോള്‍

അരി, പഞ്ചസാര, സിമന്റ് എന്നിവയാണ് ലോക്ഡൗണ്‍ സമയത്ത് പ്രധാനമായും ട്രക്കുകളില്‍ കൊണ്ടുവരുന്നത്. അതില്‍ അരിയും പഞ്ചസാരയും കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണ്. വാടക വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സുബിന്‍ പറഞ്ഞു.

ചരക്കുവാഹനത്തിന്റെ വാടക ഉയരുന്നത് കൊണ്ടുവരുന്ന സാധനത്തിന്റെ വിലയില്‍ നേരിട്ട് പ്രതിഫലിക്കും. എറണാകുളം പച്ചക്കറി, പഴം മാര്‍ക്കറ്റില്‍ ദിവസേന ശരാശരി 20 പച്ചക്കറി ലോറികള്‍ എത്തിയിരുന്നിടത്ത് എട്ട്-ഒമ്പത് ലോറികളാണ് വരുന്നത്. ഫ്രൂട്ട്‌സ് വാഹനങ്ങള്‍ 25 എണ്ണം എത്തിയിരുന്നത് 12-13 ആയി. ലോക്ഡൗണില്‍ ഹോട്ടലുകളും കേറ്ററിങ്ങ് സ്ഥാപനങ്ങളും തുറക്കാത്തതിനാലാണ് ഇത്രയും നാള്‍ കുത്തനെയുള്ള വിലക്കയറ്റം ഉണ്ടാകാതിരുന്നത്. നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലേക്കാകും ജനം അണ്‍ലോക്ക് ചെയ്യപ്പെടുക.