‘അമൂല്യമായ സമയലാഭം, ഇന്ധനലാഭം’; കെ റെയിലിനെ അനുകൂലിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര; ‘ഭരണാധികാരി ഇന്നത്തെ ശാപവാക്കുകള്‍ക്ക് ചെവികൊടുക്കരുത്, വരും തലമുറ അഭിനന്ദിക്കും’

പാരിസ്ഥിതിക പ്രശ്‌നങ്ങളും ഭൂമിയേറ്റെടുക്കലിലെ വെല്ലുവിളികളും ചൂണ്ടി കെ റെയിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരവേ പദ്ധതിയെ അനുകൂലിച്ച് സഫാരി ചാനല്‍ എഡിറ്റര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളത്തിന് വളരെ അത്യാവശ്യമായ പദ്ധതിയാണ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ എന്ന് യാത്രാ വിവരണ വീഡിയോകളിലൂടെ ശ്രദ്ധേയനായ സന്തോഷ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലേയും അമേരിക്കയിലേയും മാതൃകകള്‍ ചൂണ്ടിയാണ് എസ്ജികെയുടെ പ്രതികരണം.

ഇന്നത്തെ സമൂഹവും ഇന്നത്തെ മാധ്യമങ്ങളും തനിക്ക് നേരെ ചൊരിയുന്ന ശാപവചസ്സുകള്‍ അല്ല വരും തലമുറ ചൊരിയാനിരിക്കുന്ന അഭിനന്ദപ്രവാഹങ്ങളായിരിക്കണം ഒരു ഭരണാധികാരി മനസില്‍ കാണേണ്ടത്.

സന്തോഷ് ജോര്‍ജ് കുളങ്ങര

ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണെന്ന് അന്ന് വരും തലമുറ നന്ദിപൂര്‍വ്വം ഓര്‍മ്മിക്കും. അതാണ് ഒരു യഥാര്‍ത്ഥ ഭരണാധികാരിക്ക് ലഭിക്കാവുന്ന ആദരവെന്നും അദ്ദേഹം പറഞ്ഞു.

വരും കാലത്ത് ഏറ്റവും കൂടുതല്‍ വില കല്‍പിക്കേണ്ടത് മനുഷ്യന്റെ സമയത്തിനാണ്. സമയത്തിന്റെ വില കണക്കുകൂട്ടാന്‍ കഴിയുന്നതിനും അപ്പുറമാണ്. റെയില്‍വേ എല്ലാ ഗതാഗത പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല. കേരളത്തില്‍ എക്‌സ്പ്രസ് ഹൈവേകള്‍ പ്രായോഗികമല്ലെങ്കില്‍ കാറുകളും ചരക്കുവാഹനങ്ങളും ബസുകളുമെല്ലാം കൊണ്ടുപോകാന്‍ പറ്റുന്ന ട്രെയിനുകള്‍ ഒരുക്കണം. യാത്രക്കാര്‍ക്ക് കാറിനകത്തോ പ്രത്യേക ബോഗിയിലോ വിമര്‍ശിക്കാന്‍ കഴിയണം. റെയില്‍വേ സ്‌റ്റേഷനില്‍ വാഹനങ്ങള്‍ കൊണ്ടുവന്നിടാനുള്ള യാഡുകള്‍ക്ക് കീഴെ ഷോപ്പിങ്ങ് മാളുകള്‍ പണികഴിപ്പിക്കാം. മാളുകളിലെ ഇടം വിറ്റുകിട്ടുന്ന പണം റെയില്‍വേ സംവിധാനത്തിന് വേണ്ടി ഉപയോഗിക്കാം. ബ്രിട്ടണില്‍ നിന്ന ഫ്രാന്‍സിലേക്ക് ഇംഗ്ലീഷ് ചാനലിന് കീഴിലുള്ള തുരങ്കത്തിലൂടെ റെയില്‍ ഗതാഗതമുണ്ട്. വരാനിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന തരത്തിലായിരിക്കണം കെ റെയിലിന്റെ നിര്‍മ്മിതിയെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ത്തു.

സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്

“കേരളത്തില്‍ അടുത്ത കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ആണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയാണത്. സത്യത്തില്‍ അത് ആവശ്യമുള്ള ഒരു പ്രൊജക്ട് തന്നെയാണിത്. കാരണം, ഇനിയുള്ള കാലത്ത് മനുഷ്യന്റെ സമയത്തിനാണ് ഏറ്റവും വില. സമയത്തിനും ഇന്ധനത്തിനും ഇന്ധനത്തിന്റെ കത്തിക്കല്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ക്കുമെല്ലാം നമ്മള്‍ കനത്ത വില കൊടുക്കേണ്ടതുണ്ട്. മൂന്നരക്കോടി ജനങ്ങള്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ യാത്ര ചെയ്ത് ഒരു സ്ഥലത്ത് എത്തുക എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഏഴ് കോടി മണിക്കൂറുകള്‍ നമ്മള്‍ നഷ്ടപ്പെടുത്തുന്നു എന്നാണ് അര്‍ത്ഥം. അത് വളരെ വലിയ വിലയാണ്. ആ വില ഇതുവരെ നമുക്ക് കണക്ക് കൂട്ടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

എന്നാല്‍ റെയില്‍വേ എല്ലാ ഗതാഗത പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണോ? അല്ല. സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. എക്‌സ്പ്രസ് ഹൈവേകള്‍ക്ക് ലോകം മുഴുവന്‍ പ്രചാരം ലഭിക്കുന്നത് അതുകൊണ്ടാണ്. കേരളത്തില്‍ അവ എത്ര കണ്ട് പ്രായോഗികമാണെന്ന് നമ്മള്‍ നിരവധി തവണ ചര്‍ച്ച ചെയ്തു. അത് സാധ്യമായില്ലെങ്കില്‍ മറ്റൊരു സാധ്യത ആലോചിക്കാം.

കണ്ണൂരിന്റെ കിഴക്കന്‍ മേഖലയിലുള്ള ഒരാള്‍ സ്വന്തം കാറില്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയെത്തുന്നു. ഹൈ സ്പീഡ് റെയിലില്‍ കാറുകള്‍ മാത്രം കൊണ്ടുപോകാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ട്രെയിനിലേക്ക് കാര്‍ ഓടിച്ചു കയറ്റുന്നു. അത്തരത്തിലുള്ള പല കാറുകള്‍ പല ബോഗികളിലായി കയറ്റിയിട്ടിരിക്കുന്നു. കാറിന്റെ എഞ്ചിന്‍ ഓഫ് ചെയ്ത് അതിനകത്ത് തന്നെ വേണമെങ്കില്‍ വിശ്രമിക്കാവുന്ന സ്ഥിതിയുണ്ടെന്ന് വിചാരിക്കുക. ആ ട്രെയിന്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ഒരു സംവിധാനമുണ്ടെന്നും കരുതുക. തിരുവനന്തപുരത്ത് എത്തിയാല്‍ നിങ്ങള്‍ കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചിറക്കി നിങ്ങള്‍ക്ക് പോകേണ്ട തിരുവനന്തപുരത്തെ പരിസരപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നു.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നിങ്ങള്‍ ഡ്രൈവ് ചെയ്യേണ്ടതില്ല. കാറില്‍ തന്നെ വിശ്രമിക്കാം അല്ലെങ്കില്‍ ഈ ട്രെയിനില്‍ തന്നെ, കാറിന്റെ ഉടമകള്‍ക്കോ, ഡ്രൈവര്‍ക്കോ വേണ്ടി ഒരുക്കിയിരിക്കുന്ന ബോഗിയില്‍ പോയി വിശ്രമിക്കാം. അതിലെ റെസ്‌റ്റോറന്റ് കൂപ്പെയില്‍ പോയി ലഘുഭക്ഷണം കഴിച്ച്, സിനിമ കണ്ട് അഞ്ച് മണിക്കൂര്‍ വിശ്രമിക്കാം. നിങ്ങള്‍ തിരുവനന്തപുരം എത്തുമ്പോഴേക്ക് കാര്‍ ഇറങ്ങാന്‍ പറ്റുന്ന ഒരു ട്രാക്കിലേക്ക് ഈ ട്രെയിന്‍ പോയി നില്‍ക്കുന്നു. നിങ്ങളുടെ കാര്‍ ഓടിച്ചിറക്കി കൊണ്ടുപോകാന്‍ കഴിയും.

ഇതൊരു നടക്കാത്ത സ്വപ്‌നമല്ല. യൂറോപ്പില്‍ പല നഗരങ്ങളേയും ബന്ധിപ്പിച്ച് ഇത്തരം റെയില്‍ സംവിധാനങ്ങള്‍ ഓടുന്നുണ്ട്. അമേരിക്കയിലുണ്ട്. യുഎസിലെ വിര്‍ജീനിയയില്‍ നിന്ന് സാന്‍ഫോഡ് നഗരത്തിലേക്ക് ഇത്തരത്തില്‍ ആം ട്രാക്ക് റെയില്‍വേ ബോഗികള്‍ ഓടുന്നുണ്ട്. രണ്ട് നിരയിലായാണ് കാറുകള്‍ പാര്‍ക്ക് ചെയ്യുക. മുകളിലും താഴെയുമായി 380-400 കാറുകള്‍ കയറ്റിക്കൊണ്ടുപോകാം. എല്ലാ ദിവസവും വിര്‍ജീനിയില്‍ നിന്ന് സാന്‍ഫോഡിലേക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. ദീര്‍ഘദൂരം കാറോടിക്കേണ്ടതില്ല, ഇന്ധനലാഭം, ഹൈവേ അത്രയേറെ ഫ്രീയാക്കുന്നു.

നമ്മുടെ റെയില്‍ കോറിഡോറില്‍ ചരക്കുലോറികള്‍ ഇത്തരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാന്‍ ആലോചിക്കുന്നതായി കേട്ടിരുന്നു. അത് മാത്രം പോരാ, സ്വകാര്യ കാറുകള്‍ ബസുകള്‍, ബൈക്കുകള്‍ എല്ലാം കേരളത്തിന്റെ തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റത്തേക്കും തിരിച്ചും ഓരോ മണിക്കൂര്‍ ഇടവിട്ട് പോകുന്ന ട്രെയിനുകള്‍ നമുക്ക് ആവശ്യമാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം പോരാ. അതിന് കൂടി പറ്റുന്ന യാഡുകള്‍ എല്ലാ റെയില്‍വേ സ്റ്റേഷനോടും അനുബന്ധമായി ഉണ്ടാക്കണം. അത്തരം യാഡുകളുടെ താഴത്തെ നിലകള്‍ മാളുകളാക്കി മാറ്റാം. ആ മാളുകള്‍ ഇപ്പോള്‍ തന്നെ താല്‍പര്യമുള്ളവര്‍ക്ക് വില്‍ക്കാന്‍ കഴിയും. അതില്‍ നിന്നുള്ള വരുമാനം റെയില്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിന് നമുക്ക് ഉപയോഗപ്പെടുത്താം.

ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനലിന് അടിയിലൂടെയുള്ള റെയില്‍വേ ടണലില്‍ കൂടെ പോകുന്ന ട്രെയിനില്‍ ബസുകള്‍ നമുക്ക് കയറ്റാന്‍ കഴിയും. യൂറോപ്പിലെ കൂറ്റന്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ പോലും ഇത്തരം ട്രെയിനുകളിലേക്ക് ഓടിച്ചുകയറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിഗംഭീരമായ സംവിധാനങ്ങളാണുള്ളത്.

വലിയ ബസുകള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വന്ന് ട്രെയിനുള്ളിലേക്ക് കയറുന്നു. ട്രെയിനിന്റെ ഓരോ ബോഗിയും ഒരു ടണല്‍ പോലെയാണ്. അടുത്ത ബോഗിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന രീതിയില്‍ ഒരു കുഴല്‍ പോലെയാണ് ഘടന. 50-60 ബസുകള്‍ക്ക് ഒന്നിന് പുറകെ ഒന്നായി പാര്‍ക്ക് ചെയ്ത് പോകാം.

ഈ ട്രെയിന് അകത്ത് ആളുകള്‍ക്കിരിക്കാന്‍ വേറെ ബോഗികളുണ്ട്. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ മുന്‍പിലെ ഷട്ടര്‍ തുറക്കും. മറ്റൊരു ഓപ്പണ്‍ ബോഗിയിലേക്കും അവിടെ നിന്ന് പ്ലാറ്റ്‌ഫോമിലേക്കും വളരെ ലളിതമായി ഇറങ്ങിപ്പോകാം. ഒരു നിര കാറുകളേയും ബസുകളേയും കയറ്റി ഇറക്കുന്നതിന് 10-12 മിനുറ്റുകള്‍ മതിയാകും വിധമാണ് സന്നാഹങ്ങള്‍ ഒരുക്കുന്നത്.

അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും ഇത്തരത്തിലുള്ള ട്രെയിനുകളാണെങ്കില്‍ ഇത്രയൊന്നും സാമ്പത്തിക സ്ഥിതിയില്ലാത്ത കിഴക്കന്‍ യൂറോപ്പില്‍ കുറച്ചുകൂടി ലളിതമായ മോട്ടോര്‍ റെയില്‍ സര്‍വ്വീസുകളുണ്ട്. കാറുമായി ഓടിച്ചുകയറിയാല്‍ ആവരണമൊന്നും ഇല്ലാത്ത രണ്ട് തട്ടിലായുള്ള ബോഗികളില്‍ കയറാം. ആ കാറില്‍ തന്നെയിരുന്ന് വിശ്രമിക്കാം അല്ലെങ്കില്‍ ബോഗിയില്‍ പോകാം. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ ഇറങ്ങിപ്പോകാം.

ലോകത്ത് ഇത്തരത്തില്‍ ഗതാഗതത്തിന് പുതിയ സാങ്കേതികവിദ്യകള്‍ നിരവധി വളര്‍ന്നുവരുന്നുണ്ട്. തെക്ക് വടക്കായി കിടക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഒരു ഗതാഗതസംവിധാനത്തിന് വേണ്ടി നമ്മള്‍ ഭൂമിയേറ്റെടുക്കുമ്പോള്‍ അതിന്റെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ഭാവിയേക്കൂടി മുന്നില്‍ കണ്ടുകൊണ്ട്, വരാനിരിക്കുന്ന ടെക്‌നോളജികള്‍ക്ക് കൂടി അനുയോജ്യമായ രീതിയില്‍ ചെയ്യുമ്പോള്‍ വരും തലമുറകള്‍ ഇതിന്റെ ഉപജ്ഞാതാക്കളെ ഓര്‍ക്കും. ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണെന്ന് അന്ന് നന്ദിപൂര്‍വ്വം ഓര്‍മ്മിക്കും. അതാണ് ഒരു യഥാര്‍ത്ഥ ഭരണാധികാരിക്ക് ലഭിക്കാവുന്ന ആദരവ്. ഇന്നത്തെ സമൂഹവും ഇന്നത്തെ മാധ്യമങ്ങളും തനിക്ക് നേരെ ചൊരിയുന്ന ശാപവചസ്സുകള്‍ അല്ല വരും തലമുറ ചൊരിയാനിരിക്കുന്ന അഭിനന്ദപ്രവാഹങ്ങളായിരിക്കണം ഒരു ഭരണാധികാരി മനസില്‍ കാണേണ്ടത്.”

Also Read: കേരളത്തെ തകര്‍ത്തുകൊണ്ട് കെ റെയില്‍ ഓടേണ്ടതുണ്ടോ?