‘ഇഎംഎസിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്നവര്‍ക്ക് വിമര്‍ശനം സഹിക്കില്ല’; മറ്റൊരു നേതാവിലേക്ക് നീളുമോ എന്നതാണ് അവരുടെ സംശയമെന്ന് മുന്‍ ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ ജി ശക്തിധരന്‍

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തോട് അനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ചൊല്ലി വിവാദം തുടരുന്നു. സിപിഐഎമ്മിനെതിരെ മലയാള മനോരമ വസ്തുതാ വിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയെന്ന എം സ്വരാജിന്റെ ആരോപണത്തിന് പിന്നാലെ മറ്റൊരു വാര്‍ത്താലേഖനത്തേക്കുറിച്ച് പ്രതികരണവുമായി ദേശാഭിമാനി മുന്‍ റെസിഡന്റ് എഡിറ്റര്‍ ജി ശക്തിധരന്‍ രംഗത്തെത്തി. ഇഎംഎസിനേക്കുറിച്ച് ജി ശക്തിധരന്‍ മുന്‍പ് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണിത്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മുന്‍പ് കെ ആര്‍ ഗൗരിയമ്മയും ഇഎംഎസും നായനാരും അടങ്ങുന്ന സംസ്ഥാന നേതൃത്വവും തമ്മിലുണ്ടായിരുന്ന ഭിന്നതകളേക്കുറിച്ച് ഫിഫ്റ്റി ടു എന്ന വെബ്‌സൈറ്റില്‍ മുന്‍ കാരവന്‍ മാധ്യമപ്രവര്‍ത്തക ലീന രഘുനാഥ് എഴുതിയ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ഗൗരിയമ്മക്കെതിരെ ഇഎംഎസും നായനാരും തന്നെ നിര്‍ബന്ധിച്ച് ദേശാഭിമാനിയില്‍ ലേഖനമെഴുതിപ്പിച്ചതിനേക്കുറിച്ച് ജി ശക്തിധരന്‍ തുറന്നുപറച്ചില്‍ നടത്തുന്നതാണ് റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം. റിപ്പോര്‍ട്ടില്‍ ‘ഇഎംഎസ് ബികെയിം എ വെരി വെരി സ്‌മോള്‍ മാന്‍’ എന്ന് ജി ശക്തിധരന്‍ ലേഖികയോട് പറഞ്ഞത് വിവാദമായി. പ്രയോഗം സന്ദര്‍ഭത്തില്‍ അടര്‍ത്തിമാറ്റിയാണ് മാധ്യമപ്രവര്‍ത്തക വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ശക്തിധരന്‍ പറഞ്ഞു.

ഇപ്പോള്‍ ഇഎംഎസിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്നവര്‍ക്ക് വിമര്‍ശനം സഹിക്കില്ല. വിമര്‍ശനം മറ്റൊരു നേതാവിലേക്ക് നീളുമോ എന്നതാണ് അവരുടെ ഉള്‍ഭയം.

ജി ശക്തിധരന്‍

‘വ്യക്തികളെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതില്‍ ‘ഇഎംഎസ് ബികെയിം എ വെരി വെരി സ്‌മോള്‍ മാന്‍’എന്ന പരാമര്‍ശം നടത്തിയ സന്ദര്‍ഭം എന്റെ ഓര്‍മ്മയില്‍ ഉണ്ട്. ഞാന്‍ സ്വന്തം പേരുവെക്കാതെ എഴുതിയ പരമ്പര ഇഎംഎസിനെപ്പോലെ അത്യുന്നത നേതാവ് അതിന്റെ ചൂടാറും മുന്‍പ് പുസ്തക രൂപത്തിലാക്കി ആമുഖം എഴുതേണ്ടിയിരുന്നോ എന്ന് എനിക്ക് അന്നും ഇന്നും സംശയമുണ്ട്. അവിടെ ഇഎംഎസ് എന്ന മഹാമേരു ഒരിഞ്ചു താണുപോയില്ലേ എന്നാണ് സംശയം. ഈ സംഭവം നടന്നു രണ്ട് ദശാബ്ദം കഴിഞ്ഞാണ് യാദൃശ്ചികമായി എന്റെ സംശയം ഈ മാധ്യമപ്രവര്‍ത്തകയോട് പങ്കു വച്ചത്. ക്ഷീരമുള്ളോരകിടിന്‍ ………എന്ന് ചിന്തിക്കുന്നവരെക്കുറിച്ചു അപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല. വിമര്‍ശനങ്ങള്‍ കൊണ്ട് ഇഎംഎസ് ചെറുതാകുന്നില്ല. ഇഎംഎസ് മഹാത്മാരുടെ മഹാന്‍ ആണെന്നും മുന്‍ ദേശാഭിമാനി മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: ‘ഗൗരിയമ്മയുടെ മരണത്തിലും സിപിഐഎമ്മിന്റെ ശവമടക്ക് നടത്തുകയാണ് ചിലര്‍’; മലയാള മനോരമയ്‌ക്കെതിരെ എം സ്വരാജ്

ജി ശക്തിധരന്റെ പ്രതികരണം

ഇഎംഎസ് ചോദ്യം ചെയ്യപ്പെട്ടുകൂടെയോ?

വളരെ വളരെ നാള്‍ മുമ്പ് എനിക്ക് സുപരിചിതയല്ലത്ത മാധ്യമ പ്രവര്‍ത്തക ശ്രീമതി ലീന എന്നെ കണ്ട് സഖാവ് ഗൗരിയമ്മയെ സംബന്ധിച്ച് ഫ്യുച്ചര്‍ ചെയ്യാന്‍ സംസാരിച്ചിരുന്നുവെന്നത് ശരിയാണ്. അവര്‍ അന്ന് ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കാരവനിലോ അല്‍ജസീറയിലോ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്നാണ് ഓര്‍മ്മ. സാധാരണ ഇത്തരം അഭിമുഖങ്ങള്‍ക്കോ ടെലിവിഷന്‍ ചര്‍ച്ചകളിലോ ഞാന്‍ പ്രത്യക്ഷപ്പെടാറില്ല. ശ്രീമതി ലീന എന്നെ കാണാന്‍ വന്നത് എന്റെ ഏതോ അടുത്ത സുഹൃത്തിന്റെ പ്രേരണയിലാണ്. പഴയ സംഭവം ആയതിനാല്‍ അതാരെന്നു ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പത്രപ്രവര്‍ത്തക എന്ന നിലയില്‍ അവരുടെ പക്വതയും കേരളത്തെക്കുറിച്ചുള്ള പൊതുവിജ്ഞാനവും നേരിട്ട് ബോധ്യപ്പെട്ടത് കൊണ്ടാണ് ഞാന്‍ സംഭാഷണത്തിന് തയ്യാറായത്. പ്രസിദ്ധീകരിക്കുകയാണെങ്കില്‍ സംഭവങ്ങള്‍ വിവരിക്കുകയല്ലാതെ വ്യക്തികളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ ഈ സംഭാഷണംതന്നെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നു. എന്നാല്‍ ആ സംഭാഷണത്തിലെ ‘ഇഎംഎസ് ബികെയും എ വെരി വെരി സ്‌മോള്‍ മാന്‍..’ എന്ന എന്റെ അഭിപ്രായം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഉദ്ധരിച്ച് എന്നെ പ്രതികൂട്ടില്‍ നിര്‍ത്താനും ന്യായാധിപവേഷം സ്വയം കെട്ടി വിചാരണ ചെയ്യാനും കുറ്റപത്രം കൊടുത്തയാള്‍ തന്നെ വിധി എഴുതാനും മുതിര്‍ന്നാല്‍ അത് മഹാകഷ്ടമാണ്.

ഇഎംഎസ്സിനെ ഞാന്‍ ഒട്ടും കുറച്ചുകാണുന്നില്ല. ശ്രീനാരായണ ഗുരുവിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നേതാവ് ഇ എം എസ് ആണെന്ന് വിശ്വസിക്കുന്ന ഒരുവനാണ് ഞാന്‍. ഇ എം എസ് കേരളത്തിന്റെ ശാപമാണെന്ന് നിയമസഭയില്‍ പ്രസംഗിച്ച കെ എം മാണിയെക്കൊണ്ട് രണ്ട് ദാശാബ്ദത്തിന് ശേഷം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ആ വാക്കുകള്‍ പിന്‍വലിപ്പിച്ചു മാപ്പ് പറയിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ അഭിമാനമായി തന്നെ കാണുന്നു.

എനിക്ക് 18 വയസ്സുള്ളപ്പോള്‍ മുതല്‍ ഇഎംഎസ്സിനെ അറിയാം. അക്കാലത്ത് ഇഎംഎസ്സിന്റെ ലേഖനങ്ങളുടെ കേട്ടെഴുത്തിന് ശാന്തിനഗറിലെ വീട്ടില്‍ എന്നെ അയക്കാറുണ്ടായിരുന്നു. അവിടെ നിന്ന് തരുന്ന രണ്ട് ബിസ്‌ക്കറ്റും ഒരു ചായയും കുടിച്ചു കഴിയുമ്പോള്‍ ഇഎംഎസ് ഞാന്‍ എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി വെക്കും. എന്നെപ്പോലെ ഒരു കോളജ് വിദ്യാര്‍ത്ഥിക്ക് മറക്കാനാകാത്ത ഓര്‍മ്മകള്‍ ആണ് അത്. ഇ എംഎസ്സിനെ ആരെങ്കിലും കുറ്റപ്പെടുത്തുന്നത് എനിക്കന്ന് സഹിക്കില്ലായിരുന്നു. വിജെടി ഹാളില്‍ ചരിത്രപ്രധാന ലെനിന്‍ സെന്റിനറി ആഘോഷ വേളയില്‍ പില്‍ക്കാലത്ത് നക്‌സലൈറ്റ് ആയ കെ വേണു ഇടിമുഴക്കം പോലെ ഇഎംഎസിന്റെ നേതൃത്വത്തെ കടല്‍ക്കിഴവന്മാരുടെ നേതൃത്വം എന്ന് പറഞ്ഞ് പരിഹസിച്ചപ്പോള്‍ എന്നെപ്പോലുള്ളവര്‍ അതിനെതിരെ തീക്കുടുക്കകളായി ജ്വലിക്കുകയായിരുന്നു. പക്ഷെ ഇഎംഎസ് മറുപടി പ്രസംഗത്തില്‍ അക്ഷോഭ്യനായി നല്‍കിയ മറുപടി ‘വേണു ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളെ പോലുള്ളവരെ കഴിയുമെങ്കില്‍ സ്ഥാനഭ്രഷ്ടരാക്കൂ അതാണ് നല്ലത്’ എന്നായിരുന്നു. അതാണ് ഇഎംഎസ്. വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ചൂളാത്ത ഇ എം എസ്. എന്നാല്‍ ഇപ്പോള്‍ ഇഎംഎസിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്നവര്‍ക്ക് വിമര്‍ശനം സഹിക്കില്ല. വിമര്‍ശനം മറ്റൊരു നേതാവിലേക്ക് നീളുമോ എന്നതാണ് അവരുടെ ഉള്‍ഭയം.

ഞാന്‍ നേരത്തെ പറഞ്ഞല്ലോ വ്യക്തികളെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു എന്ന്. അതില്‍ ‘ഇഎംഎസ് ബികെയിം എ വെരി വെരി സ്‌മോള്‍ മാന്‍’എന്ന പരാമര്‍ശം നടത്തിയ സന്ദര്‍ഭം എന്റെ ഓര്‍മ്മയില്‍ ഉണ്ട്. ഞാന്‍ സ്വന്തം പേരുവെക്കാതെ എഴുതിയ പരമ്പര ഇ എം എസിനെപ്പോലെ അത്യുന്നത നേതാവ് അതിന്റെ ചൂടാറും മുന്‍പ് പുസ്തക രൂപത്തിലാക്കി ആമുഖം എഴുതേണ്ടിയിരുന്നോ എന്ന് എനിക്ക് അന്നും ഇന്നും സംശയമുണ്ട്. അവിടെ ഇഎംഎസ് എന്ന മഹാമേരു ഒരിഞ്ചു താണുപോയില്ലേ എന്നാണ് സംശയം. ഈ സംഭവം നടന്നു രണ്ട് ദശാബ്ദം കഴിഞ്ഞാണ് യാദൃശ്ചികമായി എന്റെ സംശയം ഈ മാധ്യമപ്രവര്‍ത്തകയോട് പങ്കു വച്ചത്. ക്ഷീരമുള്ളോരകിടിന്‍ ………എന്ന് ചിന്തിക്കുന്നവരെക്കുറിച്ചു അപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല.

ഭാഷാപോഷിണിയില്‍ സഖാവ് പി ഗോവിന്ദപിള്ള, ഇഎംഎസിനെക്കുറിച്ച് രേഖപ്പെടുത്തിയ വിമര്‍ശനങ്ങള്‍ (പിന്നീടത് പുസ്തകവും ആയി.) ആരെങ്കിലും വ്യക്തിപരമായി എടുക്കുമോ? ‘ഇ എം എസിന്റെ ചിന്തകള്‍ ഒറിജിനല്‍ അല്ല എന്നും മറ്റുള്ളവര്‍ എഴുതിവെച്ചത് ഇ എം എസ് പകര്‍ത്തുകയായിരുന്നു എന്നേ ഉള്ളൂ എന്നും പറഞ്ഞത് പി ജി ആണ്.’ എന്നാല്‍ എന്‍ ഇ ബലറാം ഒറിജിനല്‍ ആയി പഠിക്കുന്ന ആള്‍ ആണെന്നും’ പിജി എഴുതി. സ്റ്റാലിന്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നരോട് എടുത്ത സമീപനത്തെ ഇ എം എസിന്റെ സമീപനവുമായി താരതമ്യം ചെയ്ത് പിജി പറഞ്ഞതും കൂടി കാണുക ‘ ‘ ‘സ്റ്റാലിന്‍ ഇവരെയൊക്കെ കൊന്നു. ഇദ്ദേഹത്തിന്(ഇ എം എസ്) കൊല്ലാന്‍ കഴിഞ്ഞില്ല .അവരെയൊക്കെ നിസ്‌തേജരാക്കി ആരും ഇല്ലാത്ത പാര്‍ട്ടിയിലേക്ക് തട്ടി’. ഇ എം എസ് പരത്തിയെഴുതും എന്നല്ലാതെ അതൊന്നും വിലപ്പെട്ടതല്ല എന്ന് വിധിയെഴുതിയതും പിജി ആണ്. വിമര്‍ശനങ്ങള്‍ അതിശക്തമായപ്പോള്‍ പിജി ഈ പ്രതികരണങ്ങളില്‍ ഖേദം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണ്. എന്നെ വിചാരണ ചെയ്യാന്‍ പ്രതിക്കൂട്ടില്‍ കൊണ്ട് നിര്‍ത്തുന്നവര്‍ ഇതും കാണണം.

ഇഎംഎസിന്റെ മഹത്വം ഇതുകൊണ്ടൊന്നും ചെറുതാകുന്നില്ല. ഇഎംഎസ് മഹാന്‍ തന്നെയാണ്. മഹാത്മാരുടെ മഹാന്‍. ഒരു സംഭവം കൂടി പറഞ്ഞോട്ടെ . ലോകമൊന്നാകെ ആദരിക്കപ്പെടുന്ന ഭരണ തന്ത്രജ്ഞന്‍ ആണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. പക്ഷെ ക്യുബന്‍ പ്രസിഡണ്ടിന്റെ കത്തുമായി ക്യുബയുടെ അംബാസിഡര്‍ എന്നോണം മഹാ കവി പാബ്ലോ നെരൂദ ദില്ലിയില്‍ നെഹ്രുവിനെ കാണാനെത്തിയപ്പോള്‍ ഉണ്ടായ തിക്താനുഭവം നെരൂദ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ സംഭവം മുഴുവന്‍ ശരിയായിരിക്കാം. പക്ഷെ നെഹ്‌റുവിന്റെ വ്യക്തിത്വത്തിന് അത് നേരിയ പോറലും ഏല്‍പ്പിക്കുന്നില്ല. നെഹ്റു നെഹ്റു തന്നെ .ഇഎംഎസ് ഇഎംഎസും. (ജോണി ലൂക്കോസ് പി ജി യുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത പേജ് ഇതോടൊപ്പം. ഡൌണ്‍ലോഡ് ചെയ്താല്‍ വായിക്കാം)