‘ജീവിതം മാറ്റിവെച്ചത് നന്ദികിട്ടാത്തൊരാ പണിക്ക്’; ഒളിയമ്പുമായി ജി സുധാകരന്റെ പുതിയ കവിത; ദുര്‍വ്യാഖ്യാനങ്ങളില്ലെന്ന് ‘കവി’

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ പ്രബല മന്ത്രിമാരെ മാറ്റിനിര്‍ത്തിയതുമുതല്‍ വീണ്ടും തലപൊക്കിയതാണ് ആലപ്പുഴ ജില്ലയിലെ സിപിഐഎം വിഭാഗീയത. ഒടുവിലത് തോല്‍ക്കാത്ത മണ്ഡലത്തിലെ തിരിച്ചടി അന്വേഷിക്കല്‍ വരെയെത്തി. അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് ഉറപ്പായിരുന്ന വോട്ടുകള്‍ നഷ്ടമായെന്ന് കാണിച്ച് മുന്‍മന്ത്രി ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണവുമുണ്ടായി. ഇവയ്‌ക്കെല്ലാം മറുപടിയെന്നോണം കവിതയെഴുതി പ്രതികരിച്ചിരിക്കുകയാണ് സുധാകരന്‍.

കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന കവിതയിലാണ് സുധാകരന്‍ ചില ഒളിയമ്പുകള്‍ പ്രയോഗിച്ചിരിക്കുന്നത്. ‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതര്‍ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!’ സുധാകരന്‍ കവിതയില്‍ കുറിച്ചു.

തന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്നും ചില സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായില്ലെന്നുമാണ് സുധാകന്‍ കവിതയില്‍ പറയുന്നത്. നവാഗതര്‍ക്ക് വഴി മാറുന്നെന്ന സൂചനയോടെയാണ് കവിത അവസാനിക്കുന്നത്. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിയാണെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമുള്ള അടിക്കുറിപ്പോടെ സുധാകരന്‍ കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: ‘ഞാന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല’, വാര്‍ത്തകള്‍ തെറ്റെന്ന് കെപിഎ മജീദ്; ‘ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടം’