‘റിയാസ് പറഞ്ഞതാണ് ശരി’; ആലപ്പുഴ ഓര്‍ത്തെടുത്ത് പിന്തുണച്ച് ജി സുധാകരന്‍

ആലപ്പുഴ: എം.എല്‍.എയുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയെ കാണാന്‍ എത്തരുതെന്ന പരാമര്‍ശത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. റിയാസ് പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കരാറുകാരന്‍ സര്‍ക്കാരുമായാണ് കരാറുണ്ടാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

‘രാജ്യത്ത് ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ദേശീയതലത്തില്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്റെ കാലത്ത് ഈ കൂട്ടുകെട്ട് തകര്‍ത്തിരുന്നു. എന്റെ മുമ്പില്‍ കരാറുകാരനുമായി ഒരു എം.എല്‍.എയും വന്നിട്ടില്ല. റിയാസ് പറഞ്ഞതിനെ വ്യക്തിപരമായി എടുക്കേണ്ടതില്ല. അഴിമതിയുണ്ടാകാതിരിക്കാനുള്ള ഇടത് നിലപാടാണത്’, സുധാകരന്‍ പറഞ്ഞു.

മുന്‍ സര്‍ക്കാരിനും ഇതേ നിലപാടായിരുന്നെന്നും ഇടതുപക്ഷ സമീപനമാണ് അതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ‘എം.എല്‍.എമാര്‍ക്കും കരാറുകാര്‍ക്കും മന്ത്രിയെ കാണാം. പക്ഷേ, അവര്‍ ഒരുമിച്ച് വരുന്നത് ശരിയല്ല. സര്‍ക്കാരുമായാണ് കരാറുകാര്‍ കരാര്‍ വെക്കുന്നത്. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പി.ഡബ്ല്യു.ഡി മാനദണ്ഡമനുസരിച്ച് പിഴ ഈടാക്കാന്‍ കഴിയും’, അദ്ദേഹം വിശദീകരിച്ചു.

ആലപ്പുഴയില്‍ പാലങ്ങളുടെ പണികളില്‍ വീഴ്ച വരുത്തിയ കരാറുകാരനില്‍നിന്ന് താന്‍ പിഴയീടാക്കിയ സംഭവം ഓര്‍മ്മപ്പെടുത്തിയാണ് സുധാകരന്റെ പ്രതികരണം. ആ കരാറുകാരനില്‍നിന്ന് അഞ്ചുകോടി രൂപ പിഴയീടാക്കുകയും പുതിയ ടെന്‍ഡര്‍ വിളിച്ച് ആളെ മാറ്റുകയും ചെയ്തു. വലിയ പദ്ധതികള്‍ വരുമ്പോള്‍ യോഗം വിളിക്കുകയാണ് പതിവെന്നും സുധാകരന്‍ പറഞ്ഞു.

എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയെ കാണാനെത്തുന്ന സാഹചര്യമുണ്ടാകരുതെന്ന് കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു റിയാസ് പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ എം.എല്‍.എമാര്‍ രംഗത്തെത്തിയെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താന്‍ ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും റിയാസ് പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം.
പരാമര്‍ശം എം.എല്‍.എമാരെയൊന്നാകെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കരാറുകാരെ കൂട്ടി ഏത് എം.എല്‍.എയാണ് എത്തിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് എം.എല്‍.എ കെ ബാബു ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ കരാറുകാരും കുഴപ്പക്കാരാണെന്ന ധ്വനി മന്ത്രിയുടെ പരാമര്‍ശത്തിലുണ്ടെന്നും 140 എം.എല്‍.എമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും പി.ടി തോമസ് എം.എല്‍.എയും പ്രതികരിച്ചിരുന്നു.