മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്‍ഡിഎഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളില്‍ എത്തിക്കാനാണ് സുകുമാരന്‍ നായര്‍ ശ്രമിച്ചതെന്ന പരാമര്‍ശം സത്യവിരുദ്ധമാണെന്ന് എന്‍എസ്എസ് നേതാവ് പത്രക്കുറിപ്പില്‍ ആരോപിച്ചു. പറഞ്ഞതിനെ വളച്ചൊടിച്ചും രാഷ്ട്രീയവല്‍ക്കരിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും എന്‍എസ്എസിനോടും അതിന്റെ നേതൃത്വത്തിനോടും ശത്രുത വളര്‍ത്താനും ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയടക്കം ചില ഇടതുപക്ഷനേതാക്കള്‍ ഈ സാഹചര്യങ്ങളുടെ പേരില്‍ എന്‍എസ്എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ നായര്‍സമുദായവും സര്‍വീസ് സൊസൈറ്റിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണും.
ജി സുകുമാരന്‍ നായര്‍
”നന്നേ കാലത്ത് വോട്ടുചെയ്ത് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം പാടില്ലെന്ന് വിരലുയര്‍ത്തി പറയുമ്പോള്‍, നിങ്ങളുടെ വിരല്‍ എല്‍.ഡി.എഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളില്‍ എത്തിക്കാനാണ് സുകുമാരന്‍നായര്‍ ശ്രമിച്ചത്” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ്. അന്നത്തെ ലൈവ് ടെലികാസ്റ്റ് കണ്ടവര്‍ക്ക് അത് ബോധ്യമാകുന്നതാണ്.
.
”മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം – ഈ മൂല്യങ്ങള്‍ സംരക്ഷിക്കും എന്ന് ഉറപ്പുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം, ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കി, ജനങ്ങള്‍ക്ക് സമാധാനവും സൈ്വര്യവും നല്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഇവിടെ പ്രധാനമായ മൂല്യങ്ങള്‍ ഞാന്‍ പറഞ്ഞല്ലോ, അവ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് എന്റെ പ്രതീക്ഷ. ഈ ഇലക്ഷന് അതിന് ഉപകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസികളുടെ പ്രതിഷേധം നേരത്തെ മുതല്‍ ഉണ്ടല്ലോ. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് എന്തെങ്കിലും സംഭവിച്ചുകാണണമെന്ന് ആരും ആഗ്രഹിച്ചിട്ടുമില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകും. ഭരണമാറ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.”
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയുടെ യഥാര്‍ത്ഥരൂപമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഇതൊരു പ്രസ്താവന ആയിരുന്നില്ല, ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രമായിരുന്നു. ഈ നിലപാടില്‍ ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും സുകുമാരന്‍ നായര്‍ കുറിപ്പില്‍ വ്യക്തമാക്കി.
ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണം സംബന്ധിച്ച്, വിശ്വാസസംരക്ഷണം ഒഴികെ ഒരു കാര്യത്തിലും എന്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ സര്‍ക്കാരില്‍ നിന്നും എന്‍എസ്എസ്സോ അതിന്റെ ജനറല്‍ സെക്രട്ടറിയോ യാതൊന്നും അനര്‍ഹമായി ആവശ്യപ്പെടുകയോ നേടുകയോ ചെയ്തിട്ടുമില്ല. 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കി എന്നുള്ളത് മുന്നാക്കവിഭാഗത്തിലുള്ള 160-ല്‍പരം സമുദായങ്ങള്‍ക്ക് വേണ്ടിയാണ്. നായര്‍ സമുദായം അതില്‍ ഒന്നു മാത്രമാണ്. കേന്ദ്രത്തിന്റെ സംവരണം സംബന്ധിച്ചുള്ള ഈ തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള നടപടി ഇപ്പോഴും അപൂര്‍ണ്ണമാണ്.
മന്നത്തുപത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് തോന്നുന്നില്ല.
വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ നിലപാട് തുടരുകതന്നെ ചെയ്യും, അതില്‍ മതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതു മുന്നണി ഭരിച്ചാലും തങ്ങള്‍ക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എന്‍എസ്എസ്സിനുണ്ട്, അത് ഇന്നേവരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരുമെന്നും ജി. സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.