സുകുമാരന്‍ നായരുടെ മകള്‍ എംജി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവെച്ചു; നടപടി വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ നിന്നും രാജിവെച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി. മകള്‍ക്ക് വേണ്ടി സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. മകള്‍ക്ക് വാഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ സ്ഥാനം ലഭിച്ചത് വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ്. വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും പിണറായി വിജയന്‍ കൊടുത്തിട്ടും യുഡിഎഫിന്റെ വക്താവും നന്ദികേടിന്റെ പര്യായവുമായി അദ്ദേഹം മാറിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സാമ്പത്തിക സംവരണവും സര്‍ക്കാര്‍ നടപ്പാക്കി. എന്നിട്ടും പിണറായിയെ സവര്‍ണ നേതൃത്വം ആക്രമിച്ചു. എല്‍ഡിഎഫിന് വന്‍ വിജയം സമ്മാനിച്ചത് പിന്നോക്ക വിഭാഗക്കാരാണ്. എന്‍എസ്എസിന് പ്രസക്തിയില്ലാതായെന്ന് പറഞ്ഞ വെള്ളാപ്പള്ളി സുകുമാരന്‍ നായരെ ‘ചങ്ങനാശേരി തമ്പുരാന്‍’ എന്ന് പരിഹസിക്കുകയും ചെയ്തു.

Also Read: ‘നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന് സുകുമാരന്‍ നായര്‍ കരുതരുത്’; ആഞ്ഞടിച്ച് എകെ ബാലന്‍

സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറയുന്നത്

“എന്‍എസ്എസ് ഹിന്ദു കോളേജ് പ്രിന്‍സിപ്പലും എന്റെ മകളുമായ ഡോ. സുജാത കഴിഞ്ഞ ഏഴ് വര്‍ഷമായി എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറായി സേവമനുഷ്ഠിച്ചുവരികയാണ്. ആദ്യം യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരുമാണ് ഈ സ്ഥാനത്തേക്ക് സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു സുജാതയുടെ നിയമനം. എജ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് രണ്ട് സര്‍ക്കാരുകളും സുജാതയെ നോമിനേറ്റ് ചെയ്തത്. നിയമനത്തിന് വേണ്ടി ഞാനോ മകളോ മറ്റാരെങ്കിലുമോ സര്‍ക്കാരുകളെയോ രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ല. അവരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇതൊരു വിവാദമാകാതിരിക്കാനാണ് കാലാവധി തീരാന്‍ മൂന്ന് വര്‍ഷം ബാക്കിയുണ്ടായിട്ടും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെക്കുന്നത്. സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചുള്ള കത്ത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കി.”