ഗദ്ദാഫിയുടെ മകൻ മരിച്ചിട്ടില്ല, ലിബിയ പിടിക്കാൻ ഒമ്പത് വർഷത്തിന് ശേഷം സൈഫുൽ ഇസ്‌ലാം വരുന്നു; ലോകം കാത്തിരുന്ന ന്യൂയോർക്ക് ടൈംസ് അഭിമുഖം

ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‌ലാം ഗദ്ദാഫിയെക്കുറിച്ച് അഭ്യൂഹങ്ങളുടെ ഒൻപത് വർഷമായിരുന്നു കഴിഞ്ഞുപോയത്. ഒളിവിലാണെന്നും ചിലപ്പോൾ പിതാവിനെപ്പോലെ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും കഥകൾ പരന്നിരുന്നു. എന്നാൽ ന്യൂ യോർക്ക് ടൈംസിന്‌ നൽകിയ അഭിമുഖത്തിലൂടെ മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ട് പത്തുവർഷത്തിനിപ്പുറം സൈഫുൽ ഇസ്‌ലാം ഗദ്ദാഫി പൊതുജനമധ്യത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ പത്തുവർഷത്തിൽ അസ്ഥിരതകൾ മാത്രം അനുഭവിച്ച തന്റെ രാജ്യത്തെ പുനരേകീകരിക്കാനുള്ള സ്വപ്നവുമായാണ് ഗദ്ദാഫിയുടെ രണ്ടാമത്തെ മകന്റെ രാഷ്ട്രീയ തിരിച്ചുവരവ്.

ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കിന് ഇപ്പോൾ സമയമായിരിക്കുന്നു. രാജ്യം ആകെ തകർന്നിരിക്കുകയാണ്. പണമില്ല, സുരക്ഷിതത്വമില്ല, ജീവനും ജീവിതവുമില്ല എന്നാണ് സൈഫുൽ ഇസ്‌ലാം അഭിമുഖത്തിൽ തന്റെ രാഷ്ട്രീയാഭിലാഷങ്ങൾ പങ്കുവെക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് തിരികെയെത്തി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റം ചുമത്തിയ വ്യക്തിയാണ് 49 വയസ്സുകാരനായ സൈഫുൽ ഇസ്‌ലാം. 2011ലെ പ്രക്ഷോഭകാലത്ത് അദ്ദേഹം ചെയ്‌ത കുറ്റകൃത്യങ്ങളുടെ പേരിൽ, ട്രിപ്പോളി കോടതി സൈഫുൽ ഇസ്‌ലാമിനെ വധശിക്ഷക്ക് വിധിക്കുകയും ചെയ്‌തിരുന്നു. അതിനാൽ തന്നെ സൈഫുൽ ഇസ്ലാമിന് തിരിച്ചുവരവ് അത്ര എളുപ്പമാവില്ല എന്നും നിരീക്ഷണമുണ്ട്.

പ്രക്ഷോഭത്തിന് തൊട്ടുമുൻപുവരെ ഗദ്ദാഫിയുടെ പിന്തുടർച്ചക്കാരനായി കണക്കാക്കിയിരുന്നത് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠനം പൂർത്തിയാക്കിയ സൈഫുൽ ഇസ്‌ലാമിനെയായിരുന്നു. പ്രക്ഷോഭത്തിനിടയിൽ ഗദ്ദാഫിയുടെ മൂന്ന് മക്കൾ കൊല്ലപ്പെട്ടു. എന്നാൽ സൈഫുൽ ഇസ്ലാമിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പിതാവ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ, 2011 നവംബർ മാസത്തിൽ ലിബിയൻ സായുധ കലാപകാരികൾ അദ്ദേഹത്തെ തടവിലാക്കി. ശേഷം എന്ത് സംഭവിച്ചുവെന്നും എന്ന് സ്വതന്ത്രനായെന്നും അജ്ഞാതം. ട്രിപ്പോളി കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരായതാണ് സൈഫുൽ ഇസ്‌ലാം അവസാനമായി ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.

താൻ സ്വാതന്ത്രനായിരുന്നുവെന്നും രാഷ്ട്രീയ തിരിച്ചുവരവിന് തയാറെടുക്കുകയായിരുന്നുമെന്നുമാണ് അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്. തന്നെ തടവിലാക്കിയവർ ഇപ്പോൾ തന്റെ സുഹൃത്തുക്കളാണ് പറയുന്ന സൈഫുൽ ഇസ്‌ലാം, ഗദ്ദാഫിക്ക് ശേഷം ലിബിയയിൽ അധികാരം കയ്യാളിയവരൊക്കെയും ജനങ്ങൾക്ക് ദുരിതങ്ങൾ അല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും വാദിക്കുന്നു.

യുദ്ധക്കുറ്റങ്ങളും വധശിക്ഷാ വിധിയും മുന്നിലുണ്ടെങ്കിലും ലിബിയൻ ജനതയുടെ പിന്തുണ നേടിയെടുക്കാൻ സാധിക്കുമെന്നാണ് സൈഫുൽ ഇസ്‌ലാം കരുതുന്നത്. ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയാൽ ഇവയൊക്കെയും ചർച്ചചെയ്ത് തീരുമാനമാക്കാമെന്നും അദ്ദേഹം ആശിക്കുന്നു. ലിബിയയിൽ തന്നെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത് എന്നും സൈഫുൽ ഇസ്‌ലാം സൂചിപ്പിക്കുന്നു. ‘ഞങ്ങൾ മീനുകൾ കണക്കെയാണ്, ലിബിയൻ ജനങ്ങൾ കടലും. അവരുടെ പിന്തുണ ഞങ്ങൾക്കുണ്ട്,’ എന്നാണ് സൈഫുൽ ഇസ്‌ലാം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.

ഗദ്ദാഫി ഭരണകൂടത്തിലെ ആധുനിക മുഖം എന്നായിരുന്നു സൈഫുൽ ഇസ്‌ലാമിനെ ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ഗദ്ദാഫി നടത്തിയ ക്രൂരതകൾക്കൊപ്പമായിരുന്നു സൈഫുൽ ഇസ്‌ലാം. അക്കാലത്ത് പിതാവുൾപ്പടെ നടത്തിയ കുറ്റകൃത്യങ്ങൾക്ക് ക്ഷമാപണം നടത്താൻ സൈഫുൽ ഇസ്‌ലാം തയാറായില്ല. മറിച്ച് കലാപകാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക മാത്രമാണ് മുഅമ്മർ ഗദ്ദാഫി ചെയ്തതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ‘ലിബിയയിൽ നടന്നത് ഒരിക്കലൂം ഒരു വിപ്ലവമായിരുന്നില്ല, ഒരു ആഭ്യന്തര യുദ്ധമെന്ന് നിങ്ങൾക്ക് വിളിക്കാം,’ എന്നാണ് സൈഫുൽ ഇസ്‌ലാമിന്റെ വാദം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്രിപ്പോളിയിലെ ഗവണ്മെന്റ് ഓഫ് നാഷണൽ അക്കോഡും ഖലീഫാ ഹഫ്‌താറിന്റെ സായുധ സംഘവും തമ്മിൽ വെടിനിർത്തൽ കരാറായതോടെ എണ്ണ സമ്പന്നമായ ലിബിയയിലെ സ്ഥിതിവിശേഷങ്ങളിൽ നേരിയ പുരോഗതിയുണ്ട്. മാർച്ച് മാസം മുതൽ രാജ്യത്ത് ഒരു ഇടക്കാല സർക്കാർ നിലവിൽ വന്നിട്ടുണ്ട്. ഡിസംബർ 24നാണ് തെരഞ്ഞെടുപ്പ് നടക്കുക.