മലയാളം സംസാരിക്കാം; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജിബി പന്ത് ആശുപത്രി

ന്യൂഡല്‍ഹി: നഴ്സിങ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹി ജിബി പന്ത് ആശുപത്രി. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. നഴ്സിങ് സൂപ്രണ്ട് തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്. ഇവര്‍ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയിരിരുന്നത്. ജോലിസ്ഥലത്ത് ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോലിസ്ഥലത്തു മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരെ തനിരവധി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

‘ഇന്ത്യയിലെ മറ്റേത് ഭാഷയും പോലെത്തന്നെയാണ് മലയാളവും. ഭാഷാപരമായ വിവേചനം അവസാനിപ്പിക്കുക’, എന്നാണ് സര്‍ക്കുലറുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത പങ്കുവെച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

Also Read: ‘മലയാളവും ഇന്ത്യന്‍ ഭാഷയാണ്, ഈ വിവേചനം അവസാനിപ്പിക്കുക’; ഡല്‍ഹിയിലെ ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ രാഹുല്‍ ഗാന്ധി

ജനാധിപത്യ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം അവരുടെ ജീവനക്കാരോട് മാതൃഭാഷ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇത് അംഗീകരിക്കാനാവാത്തതും അപക്വവും ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതുമാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

വിചിത്രവും ഭരണഘടനാ വിരുദ്ധവുമായ ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധനോട് ആവശ്യപ്പെട്ടാണ് കെസി വേണുഗോപാലിന്റെ ട്വീറ്റ്.

സര്‍ക്കുലറിനെതിരെ ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ രംഗത്തെത്തിയിരുന്നു. സാങ്കേതികത്വം പാലിക്കാതെയാണ് സര്‍ക്കുലറെന്ന് നഴ്സുമാര്‍ ആരോപിച്ചു. ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവില്‍ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെഡിക്കല്‍ സുപ്രണ്ടിന് അടക്കം പകര്‍പ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നായിരുവന്നു നഴ്സുമാരുടെ നിലപാട്. സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍വലിക്കുകയാണെന്നും തങ്ങള്‍ സര്‍ക്കുലറിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ആശുപത്രി അറിയിച്ചിരിക്കുന്നത്.