കോണ്‍ഗ്രസ് തകരുമെന്ന് കരുതേണ്ടെന്ന് കെ മുരളീധരന്. പ്രതിപക്ഷത്ത് 10 വര്ഷമിരുന്നാല് തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് മുരളീധരന് പറഞ്ഞു. നേമത്തെ പരാജയത്തിന് ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം. കെപിസിസി അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ നിന്ന് മുരളീധരന് ഒഴിഞ്ഞുമാറി. വീഴ്ച്ചകള്‍ തിരുത്തും. പരാജയത്തേക്കുറിച്ചുള്ള വിലയിരുത്തല്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. അതിന് ശേഷമുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ എംഎല്‍എമാരാണ് തെരഞ്ഞെടുക്കുക. എല്ലാ കാര്യങ്ങളും പാര്‍ട്ടി ആലോചിക്കും, ചര്‍ച്ച ചെയ്യും. പരമ്പരാഗത വോട്ടുകള്‍ എങ്ങനെ നഷ്ടപ്പെട്ടു. അതെങ്ങനെ തിരിച്ചുപിടിക്കാം എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിനെതിരായി കേന്ദ്രീകരിക്കപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ എന്തുകൊണ്ട് ലഭിച്ചില്ല എന്ന് പരിശോധിക്കും. മറ്റ് ചര്‍ച്ചകളിലേക്ക് പോകേണ്ട ആവശ്യമെന്താണെന്നും കെ മുരളീധരന് ചോദിച്ചു. മൂന്ന് വര്‍ഷത്തെ എംപി സ്ഥാനം എനിക്ക് ബാക്കിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍പ് നേരിടാത്ത ഒരു പ്രതിസന്ധിയിലാണ് ഞങ്ങള്‍ എത്തിപ്പെട്ടിട്ടുള്ളത്. അതില്‍ നിന്ന് കരകയറാതെ പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു തലമുറ മുഴുവനായി എടുത്തെറിഞ്ഞാല്‍ ഉള്ളതുകൂടി പോകും. അത് വേണ്ട. തലമുറ മാറ്റാം, അതിന് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കാം.
കെ മുരളീധരന്
യുഡിഎഫിനെ തകര്‍ക്കാനുള്ള വടിയായാണ് മുഖ്യമന്ത്രി ബിജെപിയെ കാണുന്നത്. ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ് മുഖ്യമന്ത്രിക്ക് ദു:ഖം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയെ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ സിപിഐഎമ്മിന് അഹങ്കാരം തലയ്ക്ക് പിടിച്ചു. ജയത്തിന് ശേഷം വിനയം കാണിക്കേണ്ടതിന് പകരം പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ചീത്ത വിളിച്ചു. ഇന്നലെ ക്രിയാത്മകമായ പിന്തുണ പ്രതിപക്ഷത്ത് നിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. വിളിക്കാന്‍ തെറിയൊന്നും ബാക്കിയില്ല, എന്നിട്ടാണ് ഈ അഭ്യര്‍ത്ഥന. ദുരന്തങ്ങളുണ്ടായപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനോട് സഹകരിച്ചു. സമരം ചെയ്യേണ്ട സമയത്ത് സമരം ചെയ്തു.
വിമര്‍ശിക്കുന്നവരെ മുഴുവന്‍ കല്ലെറിയുന്ന നയമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം. ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പറയാന്‍ എന്‍എസ്എസിന് അവകാശമില്ലേ? അതിന് ദിവസവും സുകുമാരന്‍ നായരെ ചീത്തവിളിക്കുന്നു.
കെ മുരളീധരന്
Also Read: ‘സാവകാശം, ആലോചിച്ച് മതി’; നേതൃമാറ്റ മുറവിളികള്‍ക്കിടെ തന്ത്രപരമായ നിലപാട് തുടര്‍ന്ന് കെ സുധാകരന്
സിപിഐഎം വിചാരിച്ചാല്‍ ബിജെപി വളരാനും പോകുന്നില്ല. ബിജെപി എല്ലാ അസ്ത്രവും പ്രയോഗിച്ചു കഴിഞ്ഞു. അത് ചീറ്റിപ്പോയി. ഡല്‍ഹിയില്‍ ഇനിയവരുടെ കഷ്ടകാലം തുടങ്ങാന്‍ പോകുകയാണ്. ബിജെപിയെ തളച്ചു എന്ന് എല്‍ഡിഎഫ് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യയിലും കേരളത്തിലും ബിജെപി വളരുന്നത് തടയാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണ് എന്നതിന് ഉദാഹരണമാണ് നേമത്ത് അവരെ തോല്പിക്കാന് ഞങ്ങള്‍ സഹായിച്ചതും മഞ്ചേശ്വരത്തും പാലക്കാടും തൃശൂരും ബിജെപിക്ക് ജയിച്ച് വരാന്‍ കഴിയാത്തതും. നേമത്ത് ഞാന്‍ വന്നപ്പോള്‍ എന്നോട് ചോദിച്ചത് 13,000ന്റെ കണക്കാണ്. ഇനി വരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 36,000ല്‍ നിന്ന് 55,000 ആക്കിയാല്‍ മതി. നേമത്ത് ആദ്യം നോക്കിയത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ്. ആദ്യം വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ നടത്തി. പിന്നീടാണ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം നടത്തിയത്.
സംഘടന ഇല്ലാത്ത ഒരു സ്ഥലത്ത് പോയിട്ടാണ് നിന്നത്. ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ള മേഖലകളിലടക്കം യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. എന്തിനും തയ്യാറായി തന്നെയാണ് നേമത്തേക്ക് വന്നത്. പാര്‍ട്ടി ഏല്പിച്ച വെല്ലുവിളി ഏറ്റെടുക്കുകയാണ് ചെയ്തത്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിച്ചു. ഇടതുമുന്നണി വ്യാപകമായി ബിജെപി വോട്ടുകള്‍ വിലക്ക് വാങ്ങി. വത്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ ഇതിന് ഇടനില നിന്നെന്നും മുരളീധരന് ആരോപിച്ചു.