ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

മ്യൂണിക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു. അന്ത്യവിവരം അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് അറിയിച്ചത്.

‘ഇന്ന് ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും ദു:ഖം നിറഞ്ഞ ദിനമാണ് ബയേണിനും ആരാധകര്‍ക്കും. ക്ലബ്ബ് കണ്ട ഏറ്റവും മികച്ച ഫോര്‍വേഡ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു’, ബയേണ്‍ പ്രസിഡണ്ട് ഹെര്‍ബര്‍ട്ട് ഹൈനര്‍ പറഞ്ഞു.

രാജ്യാന്തര തലത്തില്‍ പശ്ചിമ ജര്‍മ്മനിക്ക് വേണ്ടിയും ക്ലബ്ബ് തലത്തില്‍ ബയേണ്‍ മ്യൂണിക്കിനും വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. ജര്‍മ്മനിക്ക് വേണ്ടി 1974ലെ ലോകകപ്പും 1972ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.

ബയേണിന്റെ എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊരാള്‍ ആയിരുന്നു ഗെര്‍ഡ്. ക്ലബ്ബിന് വേണ്ടി കളിച്ച 594 കളികളില്‍ നിന്ന് 547 ഗോളുകളാണ് അദ്ദേഹം നേടിയത്.

1972ലെ യൂറോ കപ്പില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. ഫൈനലില്‍ സോവിയറ്റ് യൂണിയനെതിരെ ഇരട്ട ഗോളുകള്‍ നേടി. എന്ന് 3-0നാണ് ജര്‍മ്മനി കിരീടം നേടിയത്.

74ലെ ലോകകപ്പിലും സമാനമായ പ്രകടനം നടത്തി ഗെര്‍ഡ് ജര്‍മ്മനിയെ വിജയികളാക്കി. നെതര്‍ലാണ്ടിനെതിരെ വിജയ ഗോള്‍ നേടിയത് ഗെര്‍ഡ് ആയിരുന്നു. ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് പ്രതീക്ഷിച്ചപ്പോഴായിരുന്നു ആ ഗോള്‍.

ജര്‍മ്മനിക്ക് വേണ്ടി 68 ഗോളുകളാണ് നേടിയത്. ജര്‍മ്മന്‍ ശൈലിയെ ലോകപ്രസിദ്ധമാക്കുന്നതില്‍ ഗെര്‍ഡ് വലിയ പങ്കാണ് വഹിച്ചത്. ബുണ്ടസ് ലീഗയില്‍ ഏറ്റവും ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡി് ഇപ്പോഴും ഗെര്‍ഡിന്റെ പേരിലാണ്. 365 ഗോളുകള്‍. നിരവധി കീരീടങ്ങളും ബയേണില്‍ ഗെര്‍ഡ് എത്തിച്ചു.