‘എല്‍ഡിഎഫ് വേദിയാണെങ്കില്‍ പിബി അംഗമിരുന്നാലും ഊഴമനുസരിച്ച്’; യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പിക്ക് മൈക്ക് കിട്ടാറില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

യുഡിഎഫ് പൊതുയോഗങ്ങളില്‍ ആര്‍എസ്പി നേതാക്കള്‍ക്ക് മൈക്ക് കിട്ടാറില്ലെന്ന് എംപി എന്‍കെ പ്രേമചന്ദ്രന്‍. ഒരു പൊതുയോഗത്തിന് ചെല്ലുമ്പോള്‍ എല്‍ഡിഎഫില്‍ ആണെങ്കില്‍ പോളിറ്റ് ബ്യൂറോ അംഗം ഇരുന്നാലും ഓരോ ഘടകക്ഷിയുടേയും ഊഴത്തിന്റെ അടിസ്ഥാനത്തിലേ അദ്ദേഹത്തെ വിളിക്കൂ. ഇവിടെ എ. കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, പിന്നെ മുസ്ലീം ലീഗിന്റെ ഒരാളേയും വിളിക്കും. അപ്പോഴേക്കും യോഗം തീരും. നമ്മുടെ ശബ്ദം പോലും പുറത്തേക്കുവരില്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഘടനാപരമായ പൊളിച്ചെഴുത്തുതന്നെ മുന്നണിയില്‍ വേണം. ഘടകകക്ഷികള്‍ മുന്നണിയുടെ ഭാഗമാണെന്ന വികാരം ഉണ്ടാകണം. ചിലപ്പോള്‍ ചില യോഗങ്ങളിലെ തള്ളു കാണുമ്പോഴേ നമ്മളെല്ലാം മാറും. അതോടെ ‘നിങ്ങള്‍ പോയില്ലേ’ എന്നായിരിക്കും നമ്മുടെ പാര്‍ട്ടിക്കാര്‍ ചോദിക്കുക. രാഷ്ട്രീയ സംസ്‌കാരമാണ് മാറേണ്ടത്.

എന്‍കെ പ്രേമചന്ദ്രന്‍

യുഡിഎഫില്‍ ആര്‍എസ്പി ബി കടുത്ത അസംതൃപ്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. ആര്‍എസ്പി എല്‍ഡിഎഫ് പ്രവേശനത്തേക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നായിരുന്നു കൊല്ലം എംപിയുടെ മറുപടി. ആര്‍എസ്പി തയ്യാറെങ്കില്‍ മുന്നണി പ്രവേശനത്തേക്കുറിച്ച് ആലോചിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘പരനാറി’ പ്രയോഗത്തെ രാഷ്ട്രീയമായാണ് കാണുന്നതെന്ന് പ്രേമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. പിണറായിയുമായി അകല്‍ച്ച ഉണ്ടായിട്ടില്ല. മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നത്. പൊതുരംഗത്ത് നില്‍ക്കുന്നതില്‍ രണ്ട് പേരും പിന്നീട് എത്രയോ തവണ കാണുകയും സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്തു. മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നിരുന്നു. ഡല്‍ഹിയില്‍ ഈയിടെ കുളിമുറിയില്‍ വീണ് പരുക്ക് പറ്റി ആശുപത്രിയിലായിരുന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായി പകയും വിദ്വേഷവും ഒന്നുമില്ല. രാഷ്ട്രീയമായ എതിര്‍പ്പ് സ്വാഭാവികമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ആര്‍എസ്പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനകത്തെ തര്‍ക്കങ്ങള്‍ മുന്നണിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ‘കോണ്‍ഗ്രസ് എന്ന കപ്പലിനെ നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുങ്ങുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്ന ഷിബു ബേബി ജോണിന്റെ പ്രസ്താവനയും വിവാദമായി. സെപ്റ്റംബര്‍ ആറിന് കെ സുധാകരനും വി ഡി സതീശനും ആര്‍എസ്പി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. ഗൗരവതരമായ ചില വിഷയങ്ങള്‍ ആര്‍എസ്പി ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയില്‍ സംതൃപ്തരാണെന്നും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കിയിട്ടുണ്ട്.