തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ടിക്ടോക് താരം അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സന്ദേശം. പീഡിപ്പിക്കപ്പെടുന്നു എന്ന് പറയപ്പെടുന്ന ആള് താനാണെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നത്. ശനിയാഴ്ച അറസ്റ്റിലായ വിഘ്നേഷ് കൃഷ്ണ എന്ന അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സന്ദേശത്തില്‍ പറയുന്നതിങ്ങനെ; ‘അമ്പിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്. എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്പിളിയുടെ കൂടെ പോയത്. ഇത്രയും നാള് ഞാന്‍ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. പൊലീസുകാര്‍ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നതൊന്നും സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധമുട്ടിച്ചു. അതൊക്കെ ഞാന്‍ ക്ഷമിച്ചു. അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാന്‍ ഇത്രയും നാള് അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്ന്യൂസാണ്’.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലായിരുന്നു പൊലീസ് വിഘ്നേഷ് കൃഷ്ണയ്ക്കെതിരെ കേസെടുത്തത്. കേസെടുത്തെന്ന് അറിഞ്ഞതിന് പിന്നാലെ അമ്പിളി ഒളിവില്‍ പോവുകയും തുടര്‍ന്ന് പൊലീസ് പിടികൂടുകയുമായിരുന്നു. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്ത് നിന്ന് എസ് ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ചെറുപ്പക്കാര്‍ക്കിടയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ളയാളാണ് വിഘ്നേഷ്. ടിക് ടോക് നിരോധിക്കപ്പെട്ടതിന് ശേഷം ഇന്‍സ്റ്റഗ്രാം റീലുകളിലൂടേയും അമ്പിളി ശ്രദ്ധിക്കപ്പെട്ടിരുന്നു.