നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനുകൂടി ക്രെഡിറ്റുണ്ടെന്ന വാദങ്ങള്‍ക്കെതിരെ എഴുത്തുകാരന് എന്‍ എസ് മാധവന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശിവന്‍കുട്ടി നേമത്ത് ജയിച്ചത് കെ മുരളീധരന് കാരണമാണെന്ന കഥ മെനയുന്നവര്‍, മുരളി ഒരു ഇരുതലവാളായിരുന്നെന്ന് മറന്നെന്ന് എന്‍ എസ് മാധവന് പറഞ്ഞു. ട്വിറ്ററിലാണ് എഴുത്തുകാരന്റെ പ്രതികരണം.
കെ മുരളീധരന് ന്യൂനപക്ഷവോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ടുമാത്രം. ശിവന്‍കുട്ടി ജയിച്ചത് ജനം കാരണം മാത്രമാണു.
എന്‍ എസ് മാധവന്
തെക്കന്‍ കേരളത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പരാമര്‍ശങ്ങള്‍ വിപരീത ഫലമായാണുണ്ടാക്കിയതെന്നും എന്‍ എസ് മാധവന് ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരല്‍ ചൂണ്ടി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നു. ഈ ജാതിവെറി തെക്കന്‍ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടര്‍മാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വന്‍തകര്‍ച്ചയ്ക്ക് ഒരു കാരണമെന്നും എഴുത്തുകാരന് പ്രതികരിച്ചു.
2016ല്‍ ഒ രാജഗോപാലിലൂടെ ബിജെപി ചരിത്രത്തിലാദ്യമായി നിയമസഭാ പ്രാതിനിധ്യം നേടിയതിന് പിന്നാലെ എല്‍ഡിഎഫ് യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മണ്ഡലം കൈവിട്ട ഇടതുമുന്നണി ബിജെപി അക്കൗണ്ട് തുറന്നതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന് നിരന്തരം ആരോപിച്ചു. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത ജനതാദള്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് അനുവദിച്ച് തങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസ് ബിജെപിക്ക് നല്കി എന്നായിരുന്നു ആരോപണം. കണക്കുകള്‍ ആ ആരോപണത്തെ ശരിവെക്കുകയും ചെയ്തു. 2011ല്‍ എസ്ജെഡിയുടെ ചാരുപാറ രവിക്ക് യുഡിഎഫ് നേമം മണ്ഡലം നല്കിയപ്പോള് 55,000ലധികം വോട്ട് നേരത്തെ നേടിയിരുന്ന സ്ഥാനത്ത് നിന്ന് 20,248ലേക്ക് ചുരുങ്ങി. 2016ല്‍ ജെഡിയുവിന്റെ വി സുരേന്ദ്രന് പിളളയ്ക്ക് യുഡിഎഫ് സീറ്റ് നല്കി. അതോടെ വോട്ട് 13,860ലേക്ക് ഇടിഞ്ഞു. തല്‍ഫലമായി ബിജെപി നേമത്ത് അക്കൗണ്ട് തുറക്കുകയുമായിരുന്നു.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ യുഡിഎഫില്‍ ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി നേടിയ നേമം തിരികെ പിടിക്കാന്‍ കരുത്തന് തന്നെ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ പേര് മണ്ഡലത്തിലേക്ക് ഉയര്‍ന്നെങ്കിലും ഇരുവരും ആ ആവശ്യത്തെ തള്ളി. അതിന് ശേഷം ഏറെ വൈകിയാണ് കെ മുരളീധരന് എംപി നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയത്.
നേരത്തെ രണ്ട് തവണയും ദുര്‍ബലനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തിയപ്പോള്‍ ബിജെപിയിലേക്ക് ഒഴുകി പോയ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചു പിടിച്ചത് മണ്ഡലത്തിലെ ഫലത്തില്‍ പ്രധാനമായി. മൂന്നാം സ്ഥാനത്തെത്തിയ കെ മുരളീധരന് 36,524 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ലഭിച്ച 13,860 വോട്ടിനോട് 23,000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മുരളീധരന് കഴിഞ്ഞു. മുരളീധരന് അധികമായി പിടിച്ച വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ബിജെപിയുടേതാണ്.
നേമം 2021
വി ശിവന്‍കുട്ടി എല്‍ഡിഎഫ് 55,837
കുമ്മനം രാജശേഖരന് എന്‍ഡിഎ 51,888
കെ മുരളീധരന് യുഡിഎഫ് 36,524
കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നുള്ള വാര്‍ഡുകളില്‍ ഒരെണ്ണത്തില്‍ പോലും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരമൊരു സ്ഥലത്ത് വൈകിയെത്തി സംഘടനാ കമ്മറ്റികള്‍ ഉണ്ടാക്കിയെടുത്താണ് കെ മുരളീധരന് പ്രചരണം ആരംഭിച്ചത്. നേമത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതോടെ കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന സന്ദേശം നല്‍കാനും കെ മുരളീധരന് കഴിഞ്ഞെന്ന് വിലയിരുത്തലുണ്ട്. ശക്തമായ ത്രികോണ മത്സരത്തില്‍ മതേതര-ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്ന ബിജെപി പ്രതീക്ഷ അസ്ഥാനത്തായി.