ടെന്നീസില്‍ കറുപ്പിന്റെ കുതിപ്പിനെ നയിച്ച റാണി; സെറീന കളമൊഴിയുമ്പോള്‍

By changing nothing she changed everything.. ഒന്നിനും വേണ്ടി മാറാതെ അവള്‍ എല്ലാത്തിനെയും മാറ്റി. ടെന്നീസിന്റെ റാണി സെറീന വില്ല്യംസിന് ആദരവ് അറിയിച്ചുകൊണ്ട് നൈക്കി പുറത്തിറക്കിയ വീഡിയോയിലെ വിശേഷണം ആണിത്. താന്‍ ആരാണോ അതില്‍ നിന്ന് മറ്റാര്‍ക്കും വേണ്ടി – മറ്റൊന്നിനും വേണ്ടിയൊരു മാറ്റത്തിന് സെറീന തയ്യാറായിരുന്നില്ല. ആ സെറീനയുടെ വിജയകുതിപ്പ് ഊര്‍ജം പകര്‍ന്ന കറുത്ത വംശജരായ ഒത്തിരി പെണ്‍കുട്ടികളുണ്ട്. അവരെ, സ്വപ്‌നകാണുന്ന സ്ത്രീകളെയാകെ അഭിമാനംകൊള്ളിച്ച ഓരോ വിജയാരവത്തിന്റെയും അകമ്പടിയോടെയാണ് സെറീന വില്ല്യംസ് വിരമിക്കുന്നത് അല്ല, ടെന്നീസ് ഉപേക്ഷിച്ചുകൊണ്ടുള്ള ഇവല്യൂഷന്റെ ഭാഗമാകുന്നത്.

ഒരു ടെന്നീസ് പ്ലെയര്‍ ആവുകയാണെങ്കില്‍ ആരെപ്പോലെയാകാനാണ് ആഗ്രഹം എന്ന് ചോദിച്ച അവതാരകയോട് ‘മറ്റുള്ളവര്‍ എന്നെപ്പോലെയാകണമെന്ന് ആഗ്രഹിക്കണം’ എന്ന് മറുപടി കൊടുത്ത ഒരു പതിനൊന്നുകാരിയെ ആണ് അവിടെ ഓര്‍ക്കേണ്ടത്. കഴിഞ്ഞ 24 വര്‍ഷവും ആ സ്വപ്‌നത്തിന് വേണ്ടി അധ്വാനിച്ച പോലെ തന്റെ അവസാന ജയത്തിനായി ആര്‍തര്‍ ആഷ് സ്‌റ്റേഡിയത്തില്‍ അവര്‍ പൊരുതി. പക്ഷേ അജ്‌ല ടോംലിയാനോവിച്ചിനോട് അവസാന റൗണ്ട് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങുന്ന സെറീനയെയാണ് ആരാധകര്‍ കണ്ടത്. നിറഞ്ഞ കണ്ണുകളോടെ അതേ കോര്‍ട്ടില്‍ നിന്ന് സെറീന പറഞ്ഞത് you never know എന്നാണ്. വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് അവരത് പറഞ്ഞത്. ആര്‍ക്കറിയാം ഈ പ്രഖ്യാപനത്തെ മറികടന്ന് അടുത്തവര്‍ഷം ആവേശകരമായ ഒരു തിരിച്ചുവരവ് സെറീന വില്ല്യംസ് നടത്തില്ലെന്ന്.

തിരിച്ചുവരവുകളുടെ കണക്കെടുത്താല്‍ പലതവണ അത് നടത്തിയിട്ടുള്ള ആളാണ് സെറീന. 2012 യുഎസ് ഓപ്പണ്‍ ഫൈനല്‍. എതിരാളിയായ വിക്ടോറിയ അസ്രരെങ്ക 5-3 ന് മുന്നില്‍. റണ്ണറപ്പ് പ്രസംഗം തയ്യാറാക്കി വച്ചിരുന്നു സെറീന. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ സെറീന പ്രഖ്യാപിച്ചത് തന്റെ തിരിച്ചുവരവാണ്. അതുവരെ ഒരു റൗണ്ടിലും പരാജയം അറിയാതെ വന്ന എതിരാളി സെറീനക്ക് മുന്നില്‍ മുട്ടുമടക്കി. ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി റിട്ടയര്‍മെന്റിന്റെ പടിക്കലെത്തി നില്‍ക്കുകയാരുന്നു അന്നവര്‍. കോര്‍ട്ടില്‍ നിന്ന് തലയുയര്‍ത്തി മടങ്ങിയ സെറീനയ്ക്ക് അത് ആദ്യത്തെ അനുഭവം ആയിരുന്നില്ല.

2007-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. 2006-ല്‍ മുട്ടിന് പരിക്കേറ്റ സെറീന ഇടവേളയും പരിശീലമത്സരത്തിലെ പരാജയവും കടന്ന് 81-ാം റാങ്കുകാരിയായാണ് കോര്‍ട്ടിലെത്തിയത്. പക്ഷേ മടങ്ങിയത് ഒന്നാംറാങ്കുകാരി മരിയ ഷഫപ്പോവയെ പരാജയപ്പെടുത്തി തന്റെ എട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമായാണ്. ‘ഒരു എതിരാളി എന്ന നിലയ്ക്ക് ഒരിക്കലും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാനാവാത്ത ഒരാളാണ് സെറീന’ എന്നാണ് അന്ന് ഷറപ്പോവ റോഡ് ലാവര്‍ അറീനയിലെ കാണികളോട് പറഞ്ഞത്.

വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ വോഗ് മാഗസീന് നല്‍കിയ അഭിമുഖത്തില്‍ സെറീന പറഞ്ഞ വാക്കുകള്‍ അതിനോട് ചേര്‍ത്തുവയ്ക്കാം- ‘ ഞാനെന്നും അങ്ങനെയായിരുന്നു. എനിക്ക് ഏറ്റവും മികച്ചത് ആകണമായിരുന്നു. പെര്‍ഫക്ട് ആകണമായിരുന്നു. പെര്‍ഫക്ട് എന്ന് ഒന്നില്ലെന്ന് അറിയാമെങ്കിലും, എനിക്ക് പെര്‍ഫെക്ടായി തോന്നുന്നത് എന്താണ് അതാകണമായിരുന്നു. അതിന് കഴിയുംവരെ ഞാന്‍ എന്റെ പരിശ്രമം അവസാനിപ്പിച്ചിട്ടില്ല’

ഈ വാക്കുകളായിരിക്കാം 2011-ല്‍ പള്‍മിനറി എമ്പോളിസം എന്ന രോഗാവസ്ഥ ബാധിച്ച് ആശുപത്രിയിലായപ്പോഴും സെറീനയുടെ ഉള്ളില്‍ മുഴങ്ങിയത്. ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ നിന്ന് രക്തകട്ടകള്‍ രൂപപ്പെട്ട് ശ്വാസകോശത്തിലേക്കുള്ള ധമനികളില്‍ ബ്ലോക്ക് ഉണ്ടാവുന്ന രോഗാവസ്ഥയാണ് അത്. ചെറിയ ചലനങ്ങള്‍ പോലും ശ്വാസംമുട്ടിക്കുന്ന ആ അവസ്ഥയെക്കുറിച്ച് അതേവര്‍ഷം വിംബിള്‍ഡണിന് എത്തിയപ്പോഴാണ് സെറീന വെളിപ്പെടുത്തിയത്. തന്റെ മരണക്കിടക്കയായി തോന്നിയ അവിടെ നിന്ന് ഒന്നും നഷ്ടപ്പെടാനില്ലാത്തെപോലെയാണ് അവര്‍ അത്തവണ കളത്തിലെത്തിയത്. പതിനാറാം റൗണ്ടില്‍ പക്ഷേ പുറത്തായി. പിന്നാലെ റോജര്‍ കപ്പ് അടക്കം രണ്ട് ടൂര്‍ണമെന്റെുകള്‍ വിജയിച്ചെങ്കിലും യു എസ് ഓപ്പണ്‍ ഫൈനലില്‍ സമന്താ സ്റ്റോസറോട് പരാജയപ്പെട്ടു.

പക്ഷേ അവിശ്വസനീയം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടും ആ തിരിച്ചുവരവിനെ വിശേഷിപ്പിക്കാനാവില്ലെന്നായിരുന്നു ഇഎസ്പിഎന്‍ ടെന്നീസ് അനലിസ്റ്റ് പാം ഷ്രിവര്‍ ആ മത്സരത്തോട് പ്രതികരിച്ചത്. ജയമോ പരാജയമോ, സ്‌കോറോ എന്തുമാകട്ടെ, തനിക്ക് മത്സരിക്കാനാകുമെന്നുള്ള സെറീനയുടെ ആത്മവിശ്വാസത്തെയാണ് നിരീക്ഷകര്‍ അന്ന് അഭിനന്ദിച്ചത്.

പിന്നാലെ 2012-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 16-ാം റൗണ്ടിലും ഫ്രഞ്ച് ഒപ്പണില്‍ ഒന്നാം റൗണ്ടിലും പരാജയപ്പെട്ടു സെറീന. പക്ഷേ മുന്‍പ് പറഞ്ഞതുപോലെ ടെന്നീസ് ചരിത്രത്തില്‍ സെറീന തന്റെ ഏറ്റവും മികച്ച തിരിച്ചുവരവ് അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു അത്. പിന്നീട് ഒരു പതിറ്റാണ്ട് തന്റെ പരിശീലകനായ പാട്രിക് മൗററ്റാഗ്ലുവിന് കീഴില്‍ സെറീന പരിശീലനം ആരംഭിച്ചത് ആ വര്‍ഷമാണ്. വിംബിള്‍ഡണ്‍ കിരീടം, യുഎസ് ഓപ്പണ്‍ കിരീടം, ലണ്ടന്‍ ഒളിമ്പിക്‌സില്‍ വുമണ്‍ സിംഗിള്‍സില്‍ സ്വര്‍ണ്ണം- അങ്ങനെ സെറീനയുടെ കരിയറിലെ ഏറ്റവും വിലയപ്പെട്ട വിജയങ്ങള്‍ക്ക് ആ വര്‍ഷം സാക്ഷ്യം വഹിച്ചു.

2015-ലെ ഫ്രഞ്ച് ഒാപ്പണില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ഫസ്റ്റ് സെറ്റില്‍ പരാജയപ്പെട്ടിടത്ത് നിന്ന് കരകയറി സെറീന വിജയം തിരിച്ചുപിടിച്ചു. വിജയി ആയി അല്ലാതെ കോര്‍ട്ടില്‍ നിന്ന് പുറത്തേക്കില്ല എന്ന വാശിയാണ് ആ മത്സരങ്ങളില്‍ കണ്ടത്. സെമി ഫൈനലില്‍ പനിയെതുടര്‍ന്ന് അവശയായിരുന്നു എങ്കിലും വിജയിച്ച് ഫൈനലില്‍ എത്തി. എന്നാല്‍ ആരോഗ്യനില കണക്കിലെടുത്ത് പിന്മാറുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു. പക്ഷേ രണ്ടുമണിക്കൂറിന്റെ കാര്യമല്ലേ എന്ന് ചിന്തിച്ച് സെറീന ഫൈനല്‍ കളിച്ചു. അത്തവണ വിജയിച്ച് നേടിയത് കരിയറിലെ 20 -ാമത് സിംഗിള്‍ ടൈറ്റലാണ്.

വര്‍ഷം 2017- ടെന്നീസ് ലോകത്തെ അമ്പരിപ്പിച്ചുകൊണ്ടാണ് സെറീന ആ പ്രഖ്യാപനം നടത്തിയത്. ആ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുമ്പോള്‍ താന്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ആ വര്‍ഷത്തെ മറ്റുമത്സരങ്ങള്‍ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു എന്നു മാത്രമല്ല, മറ്റൊരു വലിയ വെല്ലുവിളിയും സെറീനയെ തേടിയെത്തി. മകള്‍ ഒളിംബിയയ്ക്ക് ജന്മംകൊടുത്തതിന് പിന്നാലെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയില്‍ ആറുമാസത്തോളം ആശുപത്രിയിലായി. ഇതിനിടയ്ക്ക് കടുത്ത ചുമയും. അതിന്റെ ഫലമായി രക്തക്കുഴലുകള്‍ക്ക് ക്ഷതംവന്ന് രക്തം കട്ടപിടിക്കുന്ന ഹെമറ്റോമ എന്ന അവസ്ഥയും സെറീനയെ ആക്രമിച്ചു.

പക്ഷേ തൊട്ടടുത്ത വര്‍ഷം- 2018-ലെ വിംബിള്‍ഡണില്‍ ഫൈനല്‍ വരെയെത്തിയ സെറീന- അന്ന് ലോക നാലാംനമ്പര്‍ താരമായിരുന്ന ആഞ്ചലിക് കെര്‍ബറോട് പരാജയപ്പെട്ടു. പിന്നാലെ യു എസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് പരാജയപ്പെട്ട് പുറത്തേക്ക്. 2019-ലും ഇത് തുടര്‍ന്നു. വിംബിള്‍ഡണ്‍ ഫൈനലില്‍ അന്ന് ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലെപ്പിനോട് പരാജയപ്പെട്ടു. യു എസ് ഓപ്പണ്‍ ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂ എന്ന 19 കാരിയോടും. ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂവിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കീരീടമായിരുന്നു അത്.

എന്നാല്‍ ഈ കണക്കെടുക്കുമ്പോള്‍ ഒന്നോര്‍ക്കണം. തന്റെ മൂപ്പതുകളുടെ അവസാനത്തില്‍ ഏറെ സങ്കീര്‍തകളുള്ള ഒരു ഗര്‍ഭാവസ്ഥയും, സിസേറിയനും, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കടന്ന് ഒരു വര്‍ഷം പോലും ഇടവേളയെടുക്കാതെയാണ് സെറീന വില്ല്യംസ് ആ നാല് ഫൈനലുകളിലെത്തിയത്. കഴിവിന്റെ പരമാവധി ആ മത്സരങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സെറീന വില്ല്യംസ് അവസാനം വരെ പൊരുതി. സമര്‍പ്പണം എന്ന വാക്കിന് ഇതിലും മികച്ച എന്ത് ഉദാഹരണമാണ് ഉള്ളത്.

2021-ലെ വിംബിള്‍ഡണ്‍ മത്സരം. ആദ്യ റൗണ്ടില്‍ പരിക്കേറ്റ സെറീന ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ നിന്നാണ് നിറ കണ്ണുകളുമായി പുറത്തേക്ക് പോയത്. സെറീനയുടെ അവസാന വിംബിള്‍ഡണ്‍ മത്സരമായിരിക്കും അതെന്ന് പലരും പ്രവചിച്ചു. എന്നാല്‍ 2022-ലെ വിബിംള്‍ഡന് എത്തിയ സെറീന ആ പ്രവചനം തെറ്റിച്ചു. പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായി. തുടര്‍ന്നുള്ള മത്സരങ്ങളിലും പരാജയം ആവര്‍ത്തിച്ചു. എന്നാല്‍ അതിനുശേഷവും സെറീന പുതിയ മത്സരങ്ങള്‍ക്ക് തയ്യാറെടുത്തു. അവരാല്‍ ടെന്നീസിന് എന്തെല്ലാം നല്‍കാനാകുമോ അത്രയും നല്‍കും എന്ന വാശിയോടെ.

ഒടുവില്‍ യുഎസ് ഓപ്പണ്‍ കിരീടം നേടി സെറീന തിരിച്ചുവരും എന്ന് പ്രതീക്ഷിച്ച കാണികളെ നിരാശപ്പെടുത്തിയാണ് സെറീന തലകുനിച്ച് ഇറങ്ങിയത്. സഹോദരി വീനസ് വില്ല്യംസിന് ഒപ്പം ഇനിയും ഡബിള്‍സ് മത്സരങ്ങളില്‍ കാണാം എന്ന പ്രതീക്ഷയോടെ കാണികള്‍ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു.

1999-ല്‍ വെള്ളമുത്തുകള്‍ ചേര്‍ത്ത മുടിയൊതുക്കിയ കൗമാരക്കാരി തന്റെ ആദ്യ സിംഗിള്‍ കിരീടം നേടിയത് കോംപ്റ്റണ്‍ കോര്‍ട്ടില്‍ നിന്നാണ്. അവിടെ നിന്ന് 73 സിംഗിള്‍സ് കിരീടങ്ങളും 23 ഡബിള്‍സ് കിരീടങ്ങളും രണ്ട് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കി ആ അപൂര്‍വ പ്രതിഭ. നാല് ഒളിമ്പിക് സ്വര്‍ണമെഡലുകളും ഇതിനൊപ്പമുണ്ട്. വനിതാ ടെന്നീസില്‍ വിപ്ലവം സൃഷ്ടിച്ച ഈ അമേരിക്കന്‍ ടെന്നീസ് താരം നിലവില്‍ കളിക്കുന്ന മറ്റേതൊരു വനിതാ-പുരുഷ താരത്തേക്കാളും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഉള്‍പ്പെടെ 39 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ഇവര്‍ കളിച്ചുനേടിയത്. 23 ഗ്രാന്‍ഡ് സ്ലാം സിംഗിംള്‍സ് കിരീടങ്ങളുള്ള സെറീന, റെക്കോഡുകളുടെ തോഴിയാണ്.

ഏറ്റവും കൂടുതല്‍ ടെന്നീസ് ഗ്രാന്‍ഡ് സ്ലാം മത്സരവിജയങ്ങള്‍ സ്വന്തമാക്കിയ വനിതയെന്ന മാര്‍ട്ടിന നവരത്തിലോവയുടെ റെക്കോഡാണ് ആദ്യം തകര്‍ത്തത്. 2016-ല്‍ യു.എസ് ഓപ്പണ്‍ കിരീടത്തടെ തന്റെ 307-ാം ഗ്രാന്‍ഡ്സ്ലാം മത്സര വിജയം നേടിയാണ് ആ റെക്കോഡ് മറികടന്നത്. അതോടെ റോജര്‍ ഫെഡററിന്റെ റെക്കോഡിന് ഒപ്പമെത്താനും അവര്‍ക്കായി.

2017 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചേച്ചി വീനസ് വില്യംസിനെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോഡ് സെറീന മറികടന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴ് തവണ വിജയിയായി, ഏറ്റവും അധികം തവണ കിരീടം നേടിയ വനിതാ താരമെന്ന ബഹുമതിയും സ്വന്തമാക്കി. ആറ് തവണ യു.എസ്. ഓപ്പണ്‍ നേടിയ സെറീന ടെന്നീസ് ഇതിഹാസം ക്രിസ് എവര്‍ട്ടിനൊപ്പം യു.എസ്. ഓപ്പണ്‍ കിരീട വിജയങ്ങളുടെ റെക്കോഡും പങ്കിട്ടു. നാല് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നെണ്ണത്തിലും ആറുതവണ വീതം കിരീടം നേടി ഒരേയൊരു ടെന്നീസ് താരവും സെറീന വില്ല്യംസാണ്. ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണം നേടിയ ടെന്നീസ് താരമെന്ന പദവി സഹോദരി വീനസിനൊപ്പമാണ് സെറീന പങ്കുവെച്ചത്.

വോഗ് മാഗസീനില്‍ സെറീന പറഞ്ഞതുപോലെ ഒരു പക്ഷേ ഒരു പുരുഷ താരമായിരുന്നെങ്കില്‍ തന്റെ കുടുംബത്തോടുള്ള ചുമതലകള്‍ ഭാര്യയെ ഏല്‍പ്പിച്ച് സെറീനയ്ക്ക് ഇനിയും മത്സരിക്കാമായിരുന്നു. കരിയറിന്റെ തുടക്കകാലം മുതല്‍ സ്വപ്‌നം കണ്ട, താരതമ്യം ചെയ്യപ്പെട്ട മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോര്‍ഡ് തകര്‍ക്കാമായിരുന്നു. പക്ഷേ അതിന് നില്‍ക്കാതെ അവര്‍ മടങ്ങുകയാണ്. ഒരുപക്ഷേ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങാന്‍ അവര്‍ വീണ്ടും എത്തുമായിരിക്കും. അല്ലെങ്കില്‍ തനിക്ക് ആത്മവിശ്വാസമുള്ളിടത്ത് ടെന്നീസിനെ നിര്‍ത്തി മറ്റ് ഉയരങ്ങളിലേക്ക് എത്തിപ്പിടിക്കുമായിരിക്കും. സെറീന പറഞ്ഞതുപോലെ എന്തുണ്ടാവുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ എന്തുണ്ടായാലും സെറീന വില്ല്യംസ് ലോകത്തിന് -സെറീനയെ മാതൃകയാക്കിയ കറുത്തവര്‍ഗക്കാരായ പെണ്‍കുട്ടികള്‍ക്ക്, സ്ത്രീമുന്നേറ്റത്തിന്റെ ചരിത്രത്തിന് എല്ലാക്കാലത്തും ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ആയിരിക്കും.

അവസാന വാക്കുകളില്‍ സഹോദരി വീനസിനും മാതാപിതാക്കള്‍ക്കുമാണ് സെറീന നന്ദി പറഞ്ഞത്. ക്യാമറക്ക് മുന്നില്‍ തന്റേത് ആനന്ദകണ്ണീരാണെന്ന് പറഞ്ഞു സെറീന. സഹോദരി വീനസ് വില്ല്യംസ് കളത്തിലെത്തി ഒരു വര്‍ഷത്തിന് ശേഷം തന്നെ കരിയര്‍ തുടങ്ങിയെങ്കിലും വൈകിയായിരുന്നു സെറീന ശോഭിച്ചത്. സ്വന്തം പരാജയങ്ങളില്‍ നിന്ന് പഠിക്കുന്നതിന് പകരം ചേച്ചിയുടെ പരാജയങ്ങളില്‍ നിന്ന് പഠിച്ചാണ് താന്‍ കരിയര്‍ പടുത്തുയര്‍ത്തിയതെന്ന് സെറീന തന്നെ പറഞ്ഞിട്ടുണ്ട്. വീനസില്ലെങ്കില്‍ സെറീന ഇല്ല. ഇരുവരും ചേര്‍ന്ന് രചിച്ചത് ടെന്നീസിലെ കറുപ്പിന്റെ തേരോട്ടത്തിന്റെ കാലം കൂടിയായിരുന്നു. അതിനെല്ലാം ഉപരി എല്ലാ പരാജയങ്ങളില്‍ നിന്നും ഒരു തിരിച്ചുവരവുണ്ടെന്ന് പഠിപ്പിച്ചതിന്റെ പേരിലായിരിക്കും സെറീന വില്ല്യംസിനെ ലോകം ഓർക്കുക.