ചലച്ചിത്ര തൊഴിലാളികളുടെ സാന്ത്വന പദ്ധതി; ഫെഫ്കക്ക് അഞ്ച് ലക്ഷം രൂപ നല്‍കി ഗോകുലം ഗോപാലന്‍

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍. ഫെഫ്കയുടെ കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളാണ് സംഘടന പ്രഖ്യാപിച്ചിരുന്നത്.

നേരത്തെ നടന്‍ പൃഥ്വിരാജ് പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. കല്യാണ്‍ ഗ്രൂപ്പിന്റെ കല്യാണരാമന്‍, നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ ശ്രീ ഗോകുലം ഗോപാലന് നന്ദി അറിയിച്ചു.

അംഗങ്ങള്‍ക്ക് തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സൗകര്യം, ആശുപത്രിയില്‍ അഡ്മിറ്റായ കോവിഡ് ബാധിതര്‍ക്ക് ധന സഹായം , കോവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം , കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം , ജോലി എന്നിവയാണ് കോവിഡ് സാന്ത്വന പദ്ധതി.