ഇനി സമ്പൂര്‍ണ ലോക്ഡൗണില്ല; നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി, പൊതുഗതാഗതവും ബാറുകളും മിതമായി തുറക്കും, ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. കൊവിഡ് വ്യാപനത്തിലെ കുറവ് പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ പൂര്‍ണമായ ഇളവല്ല ഉദ്ദേശിക്കുന്നതെന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ബാങ്കുകളുടെ പ്രവൃത്തിദിവസങ്ങളിലും പ്രവൃത്തിസമയത്തിലും മാറ്റമില്ല.

വിവാഹങ്ങളില്‍ പരമാവധി 20 പേരെ മാത്രമേ തുടര്‍ന്നും അനുവദിക്കൂ. മാളുകള്‍ തുറക്കരുത്. ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്‌സലും ഹോം ഡെലിവറിയും അനുവദിക്കും. ജൂണ്‍ 17 മുതല്‍ ബെവ്‌കോ ഔട്‌ലറ്റുകളും ബാറുകളും തുറക്കും. ആപ് വഴിയാവും ബുക്കിങ്.