തിരുവനന്തപുരം: വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പിന്റെ നിയമന ഉത്തരവ് റദ്ദാക്കി ഖാദിബോര്‍ഡ്. മഴക്കെടുതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നീക്കം. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതാണോ നിയമനം റദ്ദാക്കിയതിന് പിന്നിലെന്ന് വ്യക്തമല്ല. ഈ പദവി വേണ്ടെന്ന് ചെറിയാന് ഫിലിപ്പ് നേരത്തെ അറിയിച്ചിരുന്നു.
രാജ്യസഭാ സീറ്റ് നല്കാതിരുന്നതില് ചെറിയാന് ഫിലിപ്പിന് അതൃപ്തിയുണ്ടെന്ന സൂചനകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനം വാഗ്ദാനം ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍, താന്‍ പുസ്തക രചനയുടെ തിരക്കിലാണെന്നും സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു ചെറിയാന് ഫിലിപ്പ് ആ ഘട്ടത്തില്‍ അറിയിച്ചത്. ഖാദി വില്പനയും ചരിത്രരചനയും ഒരുമിച്ച് നടത്താന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. ഇക്കാര്യങ്ങളോട് ഖാദിബോര്‍ഡ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്തുണ്ടായ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നെതര്‍ലാന്റ്സ് യാത്രയെ ചോദ്യം ചെയ്ത് ചെറിയാന് ഫിലിപ്പ് രംഗത്തെത്തിയത്. നെതര്‍ലാന്റ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നായിരുന്നു ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം, ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര് പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിരുന്നു.