സ്റ്റുഡന്റ് പൊലീസിൽ ഹിജാബ് അനുവദിക്കില്ല; മതവസ്ത്രം വേണമെന്ന വിദ്യാർത്ഥിയുടെ ആവശ്യം തള്ളി സർക്കാർ

കേരളത്തിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങൾക്കുള്ള യൂണീഫോമിൽ മതവേഷം അനുവദിക്കാനാവില്ലെന്ന് സർക്കാർ. ഹിജാബും ഫുൾക്കൈ വസ്‌ത്രവും അനുവദിക്കാനാവില്ലെന്നാണ് സർക്കാർ തീരുമാനം. മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹരജിയിൽ സർക്കാരിനോട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഈ തീരുമാനം.

കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ് ഹിജാബും ഫുൾക്കൈ വസ്ത്രവും സ്റ്റുഡന്റ് പൊലീസ് യൂണീഫോമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ്‌ വിവി കുഞ്ഞികൃഷ്‌ണൻ കേസ് തള്ളുകയായിരുന്നു. വിഷയത്തിൽ സർക്കാരിനെ സമീപിക്കാൻ പരാതിക്കാരിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

മതചിട്ട ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി ഹൈക്കോടതിയിലെത്തിയത്. ആ വാദം അംഗീകരിക്കാതെ ഒരു മത ചിഹ്നവും അനുവദിക്കാത്ത സേനയാണ് കേരള പൊലീസിനും അതിന്റെ വിദ്യാർത്ഥി സേനയും അതെ ചട്ടം പിന്തുടരുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറിയാണ്‌ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഉടൻ ഹൈകോടതിക്ക് സർക്കാർ കൈമാറും.

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുകയും സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാൻ സന്നദ്ധരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.