ന്യൂഡല്‍ഹി: ട്വിറ്ററിനോട് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കായി രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്ന അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പുതിയ ഡിജിറ്റര്‍ നിയമപ്രകാരം പ്രവര്‍ത്തിക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അല്ലാത്തപക്ഷം അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
‘നിയമങ്ങള്‍ പാലിക്കാനുള്ള അവസാന നോട്ടീസ് ട്വിറ്ററിന് നല്‍കുകയാണ്. ഇത് നടപ്പിലാക്കാത്ത പക്ഷം ഐടി നിയമം 2000ലെ 79ാം വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ പിന്‍വലിക്കുകയും നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി ചെയ്യും’, കേന്ദ്രം ട്വിറ്ററിന് നല്കിയ നോട്ടീസില്‍ പറയുന്നു.
ട്വിറ്ററുമായി നടക്കുന്ന ഏറ്റുമുട്ടലിനിടയിലാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിന് മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ ഭാഗവതിന്റേതടക്കമുള്ള ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ഔദ്യോഗിക ബാഡ്ജായ ബ്ലൂടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ആറ് മാസത്തോളമായി അക്കൗണ്ടുകള്‍ സജീവമല്ലെന്ന് കാണിച്ചായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നയം കടുപ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനെതിരായി ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ടൂള്‍കിറ്റ് ആരോപണത്തിന് ഉപയോഗിച്ച രേഖകള്‍ കൃത്രിമമായി നിര്മ്മിച്ചവയെന്ന വിഭാഗത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്ത്യയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയായിരുന്നു സര്‍ക്കാരിന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന് രാജ്യത്തെ ഡിജിറ്റല്‍ നിയമങ്ങളില്‍ പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് അറിയിച്ചു. ആദ്യം മൗനം അവലംബിച്ച ട്വിറ്റര്‍ പിന്നീട് ഇത് ആളുകളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന പ്രസ്ഥാനവനയിറക്കി. തുടര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു.
ഉപഭോക്താക്കള്‍ നടത്തുന്ന അഭിപ്രായ പ്രടകനടങ്ങളുടെ ഉത്തരവാദിത്വം പ്ലാറ്റ്ഫോമിനുകൂടിയുണ്ടാവും എന്നാണ് ഐടി നിയമത്തിലെ 79ാം അനുച്ഛേദത്തിലെ ഇളവുകള്‍ പിന്‍വലിക്കും എന്ന കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. നിലവില്‍, ആളുകളുടെ അഭിപ്രായ പ്രകടനങ്ങളുടെ ഇടനിലക്കാരോ വേദികളോ ആയി മാത്രമാണ് ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകള് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ നിയമപരിരക്ഷ ഈ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുണ്ട്. ഈ പരിരക്ഷ ഇനിയുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.