കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത് കര്‍ശന നിയന്ത്രണങ്ങള്‍. പൊതുഗതാഗതം നിയന്ത്രിക്കല്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വേയും സര്‍ക്കാരും തമ്മില്‍ ആശയവിനിമയം തുടരുകയാണ്.
ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവൃത്തി സമയം പരിമിതപ്പെടുത്തും. ആശുപത്രി സേവനങ്ങള്‍, പാചകവാതക വിതരണം, ചരക്ക് നീക്കം എന്നിവയ്ക്ക് തടസമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷം ലോക്ഡൗണിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങും.
മെയ് എട്ട് മുതല്‍ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനം അടച്ചിടുക. ശനിയാഴ്ച്ച രാവിലെ ആറുമുതലാണ് കടുത്ത നിയന്ത്രണങ്ങള്‍ ആരംഭിക്കുക. മെയ് 16 വരെ കര്‍ശന നിബന്ധനകള്‍ തുടര്‍ന്ന ശേഷം സ്ഥിതി ഗതികള്‍ പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വീണ്ടും ലോക് ഡൗണിനെ ആശ്രയിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 25.69ല്‍ എത്തിയിരുന്നു. 41,953 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 11 പേരില്‍ ജനിതക വകഭേദം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തി. ഇന്നലെ 58 പേരുടെ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങള് 5565 ആയി.