ലോകായുക്തയെ കൂട്ടിലടച്ച് സർക്കാർ ഓഡിനൻസ്; നടപടി മുഖ്യമന്ത്രിക്കെതിരെ അഴിമതി പരാതി നിലനിൽക്കെ

അഴിമതിക്കേസുകളിലെ ലോകായുക്തയുടെ വിധി അംഗീകരിക്കാതിരിക്കാൻ സർക്കാരിന് അധികാരം നൽകിക്കൊണ്ടുള്ള ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭാ അനുമതി. ലോകായുക്തയുടെ അധികാരം ഇല്ലാതാക്കി തീർപ്പുകളെ അംഗീകരികയോ തള്ളിക്കളയുകയോ ചെയ്യാൻ സർക്കാരിന് അനുമതി നൽകുന്ന ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ലോകായുക്തയെ ദുർബലമാക്കുകയും അഴിമതി വിരുദ്ധ സംവിധാനത്തിന്റെ മുനയൊടിക്കുകയും ചെയ്യുന്നതാണ് സർക്കാർ നീക്കം എന്നാണ് വിമർശനം.

നിലവിലെ നിയമപ്രകാരം പൊതുപ്രവർത്തകനെതിരെ ലോകായുക്തയിൽ അഴിമതി തെളിയിക്കപ്പെട്ടാൽ അദ്ദേഹം അധികാരസ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന വിധി ഗവർണറോ, മുഖ്യമന്ത്രിയോ, സർക്കാരോ അംഗീകരിക്കണം എന്നാണ് ചട്ടം. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം അധികാരികൾക്ക് ലോകായുക്തയ്ക്ക് മുകളിൽ ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാം.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനും എതിരെ ലോകായുക്തയിൽ പരാതികൾ നിലനിൽക്കെയാണ് സർക്കാർ നടപടി. ദുരിതാശ്വാസ നിധി തുക വകമാറ്റി എന്നതാണ് മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള പരാതി. കണ്ണൂർ വിസി നിയമനത്തിൽ ചട്ടവിരുദ്ധവുമായി പ്രവർത്തിച്ചു എന്നതാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള ആരോപണം. ഈ വിഷയത്തിൽ സർക്കാരിനോടും മന്ത്രിയോടും ലോകായുക്ത ദിവസങ്ങൾക്ക് മുൻപ് വിശദീകരണം ചോദിച്ചിരുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരെയുള്ള നടപടികൾക്ക് തടയിടാനും ബന്ധുനിയമന വിഷയത്തിൽ മുൻമന്ത്രി കെ.ടി ജലീൽ രാജിവെക്കാനിടയായ ലോകായുക്താ നടപടികൾകാരണവുമാണ് അഴിമതി വിരുദ്ധ സംവിധാനത്തിന്റെ അധികാരം ഇല്ലാതാക്കാൻ സർക്കാർ നീങ്ങുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അഴിമതിയാരോപണങ്ങളിലെ ലോകായുക്തയുടെ കണ്ടെത്തലുകളിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ലോകായുകതാ ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്തയക്കുകയും ചെയ്‌തു. ഗവർണർ ഓഡിനൻസിൽ ഒപ്പുവെക്കരുതെന്നും ഇതിലുംഭേദം ലോകായുക്തയെ പിരിച്ചുവിടുന്നതാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചെന്നിത്തലയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതി നൽകിയത്.

ആരോപണങ്ങളിൽ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അഴിമതിക്കും ദുർഭരണത്തിനും വിരുദ്ധമായ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്ത എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് അഭിപ്രായപ്പെട്ടത്. എന്നാൽ ചിലരെങ്കിലും ഈ സംവിധാനത്തെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൊതുരംഗത്തുള്ളവരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമാണ് മൊറാർജി ദേശായിയുടെ ഭരണപരിഷ്‌കാര നിർദേശങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാന തലത്തിൽ ലോകായുക നിലവിൽ വന്നത്. 1998ലാണ് കേരളത്തിൽ കേരളത്തിൽ ലോകായുകത രൂപീകരിച്ചത്.