‘ജനത ദുരിതത്തില്‍ മുങ്ങുമ്പോള്‍ എലവേറ്റഡ് ഹൈവേയ്ക്കാണോ പ്രാധാന്യം?’; സേവ് കുട്ടനാട് സംഘടനയെ പിന്തുണച്ച് വി ഡി സതീശന്‍

തുടര്‍ച്ചയായ വെള്ളപ്പൊക്കവും മടവീഴ്ച്ചയും മൂലം കുട്ടനാട്ടിലെ ജനത സമാനതകളില്ലാത്ത ദുരിതമനുഭവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്ന് സതീശന്‍ പറഞ്ഞു.

കുട്ടനാടന്‍ ജനത ദുരിതത്തില്‍ മുങ്ങുമ്പോള്‍ കോടികള്‍ മുടക്കി എ സി റോഡിനെ എലവേറ്റഡ് ഹൈവേ ആക്കുന്ന പദ്ധതിക്കാണോ പ്രാധാന്യം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കണം.

വി ഡി സതീശന്‍

ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ റോഡ് നവീകരണമാണോ സര്‍ക്കാരിന്റെ മുന്‍ഗണന? എ സി റോഡിന്റെ നവീകരണത്തിന് സമ്പൂര്‍ണ പാരിസ്ഥിതിക പഠനം വേണം. വെള്ളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ വേണം. സേവ് കുട്ടനാട് കൂട്ടായ്മയെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സംഘടനയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

ദുരിതമുണ്ടാകുമ്പോള്‍ പുതിയ സംഘടനകളുണ്ടാകുന്നത് സ്വാഭാവികമാണ്. അവരെ മാവോയിസ്റ്റുകളോ ഭരണകൂട വിരുദ്ധരോ ആയി കാണരുത്. അങ്ങനെ പറയുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൂചനകളാണ്.

വി ഡി സതീശന്‍

സേവ് കുട്ടനാട് കൂട്ടായ്മക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉചിതമായില്ല. രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ ശാസ്ത്രീയമായി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കുട്ടനാടിനെ കരകയറ്റാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മടവീഴ്ച്ച മൂലം ദുരിതമനുഭവിക്കുന്ന കൈനകരി, പുളിങ്കുന്ന് പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാവും സംഘവും സന്ദര്‍ശിച്ചു. പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി.