കേരളത്തില്‍ മാത്രമല്ല, മഹാരാഷ്ട്രയിലും ചര്‍ച്ചയായി കോണ്‍ഗ്രസ് ഗ്രൂപ്പിസം; വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാനാധ്യക്ഷന്‍

താനെ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുകമറ നീക്കി പുറത്തെത്തിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള പല നേതാക്കളും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. സമാന രീതിയിലുള്ള ആഭ്യന്തര കലഹവും പരിഹാരങ്ങളും ചര്‍ച്ചയാവുകയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിലും.

സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കുമിടയിലെ ഗ്രൂപ്പിസം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോള്‍. ആരും പാര്‍ട്ടിക്കും പ്രത്യയശാസ്ത്രത്തിനും മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. നവി മുംബൈയിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പടോള്‍. പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തകരുമായിട്ടുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി സ്ഥാനമാനങ്ങള്‍ക്കായി ആഗ്രഹിക്കുന്നത് തെറ്റല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നും നാന പടോള്‍ ചൂണ്ടിക്കാട്ടി.

‘പൃഥ്വിരാജ് ചവാനെപ്പോലെയും ബാലാസാഹേബ് തോറോട്ടിനെപ്പോലെയും നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. പക്ഷേ, സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നത് എന്നെയാണ്. അവരവരുടെ യകഴിവ് തെളിയിക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രതിഫലം നല്‍കുമെന്ന് ഉറപ്പാണ്’, അദ്ദേഹം പറഞ്ഞു.

Also Read: ‘അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുണ്ട്, അതില്‍ അസഹിഷ്ണുത വേണ്ട’; യോഗ്യത അയോഗ്യതകള്‍ക്കപ്പുറം പാര്‍ട്ടിയുടെ തീരുമാനത്തോടൊപ്പമെന്ന് കൊടിക്കുന്നില്‍ സുരേഷ്

വരുന്ന നവി മുംബൈ മുന്‍സിപല്‍ കോര്‍പരേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ 111 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ അവസാന ആഴ്കളിലായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.

ശക്തനായ നേതാവ് ഗണേഷ് നായിക്കിന്റെ നേതൃത്വത്തില്‍ എന്‍സിപിയായിരുന്നു 2015ലെ തെരഞ്ഞെടുപ്പില്‍ മുനിസിപല്‍ കോര്‍പറേഷന്‍ തൂത്തുവാരിയത്. 2019ല്‍ നായിക്കും മകനും അണികളും എന്‍സിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Also Read: ‘കോണ്‍ഗ്രസില്‍നിന്നും കേരള കോണ്‍ഗ്രസിലേക്ക് നിരവധി നേതാക്കളെത്തും’; പേര് വെളിപ്പെടുത്താതെ ജോസ് കെ മാണി