ഇടഞ്ഞ ഗ്രൂപ്പുകളെ ആശ്വസിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; ഒത്തുപോകണമെന്ന് ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളോടെ ഇടഞ്ഞ ഗ്രൂപ്പുകളെ സമന്വയിപ്പിച്ച് മുന്നോട്ടുപോകാന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങുകള്‍ക്കായി കേരളത്തിലെത്തുന്ന എഐസിസി ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ ഗ്രൂപ്പ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിഡി സതീശന്റെയും കെ സുധാകരന്റെയും നിയമനങ്ങളോടെ പിണക്കത്തിലായിരിക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.

കെ സുധാകരനുമായി ഒത്തുപോകണമെന്ന് ഇരുനേതാക്കളോടും താരിഖ് അന്‍വര്‍ നേരിട്ട് ആവശ്യപ്പെടും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കുന്നില്ലെന്ന നിലപാടായിരുന്നു ഗ്രൂപ്പുകള്‍ സ്വീകരിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി തീര്‍ത്തും നിശബ്ദധ പാലിക്കുകയും രമേശ് ചെന്നിത്തല ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതിലും ഹൈക്കമാന്‍ഡ് അല്‍പം കടന്ന ഇടപെടല്‍ നടത്തിയെന്ന തോന്നലാണ് എ,ഐ ഗ്രൂപ്പുകള്‍ക്കുള്ളത്. അധ്യക്ഷ സ്ഥാനത്തേക്ക് അഭിപ്രായം പറയാത്തതില്‍ വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ആരാഞ്ഞതുമില്ല. ഗ്രൂപ്പിന് അതീതമായി മൂന്നുപേരെ നിയമിക്കുകയും ചെയ്തു. ഇതാണ് ഒടുവില്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

Also Read: പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി കാലടിയില്‍ മന്ത്രിയും അങ്കമാലിയില്‍ കെപിസിസി പ്രസിഡന്റും; സുധാകരന്റെ റീത്ത് വെപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡിന്റെ അനുനയ നീക്കം. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പട്ടിക തയാറാകുന്ന കാര്യത്തിലും ചര്‍ച്ചകള്‍ ഗ്രൂപ്പ് നേതാക്കളുമായി ചേര്‍ന്ന് നടത്താനാണ് താരിഖ് അന്‍വറിന്റെ ലക്ഷ്യം. ജംബോ കമ്മിറ്റികളെ നീക്കി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ജനറല്‍സെക്രട്ടറിമാരും സെക്രട്ടറിമാരും നിര്‍വാഹകസമിതി അംഗങ്ങളും ഉള്‍പ്പെടെ 51 പേര്‍ മാത്രമുള്ള സമിതിയാണ് മനസിലുള്ളതെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഔദ്യോഗിക ചുമതലയേറ്റെടുക്കുന്നതിന് മുമ്പേ അധ്യക്ഷന്‍ ഇത്തരം നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിനെതിരെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.