ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജി വെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം അവശേഷിക്കെയാണ് വിജയ് രൂപാണി മന്ത്രിസഭയുടെ സ്ഥാനമൊഴിയല്‍. മുതിര്‍ന്ന ബിജെപി നേതാവ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. സംസ്ഥാനത്തിന്റെ തുടര്‍ വികസനത്തിന് വേണ്ടിയാണ് രാജിയെന്ന് രൂപാണി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ഒരു പാര്‍ട്ടിയെന്ന നിലയില്‍ ആവശ്യകതകള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും.
വിജയ് രൂപാണി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ മുഖ്യമന്ത്രിക്ക് രാജിവെയ്ക്കേണ്ടി വന്നത് വിഭാഗീയത രൂക്ഷമായതിനേത്തുടര്ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് സാധ്യതകളാണ് ബിജെപിക്ക് മുന്നിലുള്ളത്. പുതിയ മന്ത്രിസഭയേയും മുഖ്യമന്ത്രിയേയും ചുമതലയേല്പിക്കുക, സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാക്കുക, നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചതിലും നേരത്തേ നടത്തുക എന്നിവയാണത്. പുതിയ മുഖ്യമന്ത്രിയായി കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സൂഖ് മണ്ഡാവിയയോ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെയോ ചുമതലപ്പെടുത്തിയേക്കുമെന്ന് വാര്‍ത്തയുണ്ട്.

രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിജയ് രൂപാണി 2016ലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനമേറ്റത്. ആനന്ദി ബെന്‍ പട്ടേലിന് പകരക്കാരനായിട്ടായിരുന്നു വരവ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി തുടര്‍ന്നു.
സംസ്ഥാനതലത്തില്‍ രൂപാണിക്കെതിരെ ബിജെപി നേതാക്കളുടെ എതിര്‍പ്പ് രൂക്ഷമായതിനേത്തുടര്‍ന്ന് കേന്ദ്ര നേതൃത്വം പദവി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭരണ നേതൃത്വത്തിനെതിരെ എതിര്‍പ്പുണ്ടായാല്‍ വൈകിപ്പിക്കാതെ ഉടന്‍ തിരുത്തുക എന്ന നിലപാടാണ് സമീപകാലത്ത് ബിജെപി പല സംസ്ഥാനങ്ങളിലും പ്രയോഗിക്കുന്നത്. ജൂലൈയില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പയെ പാര്‍ട്ടിക്ക് അകത്തു നിന്നുള്ള എതിര്പ്പുകളേത്തുടര്ന്ന് കേന്ദ്ര നേതൃത്വം രാജിവെയ്പിച്ചിരുന്നു.