പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജന്മനാടായ ഗുജറാത്തിലെ പ്രമുഖ ദിനപത്രം. കൊവിഡ് മഹാമാരി മരണം വിതയ്ക്കുന്നതിനിടയിലും മോഡി തന്റെ സ്വപ്നപദ്ധതിയായ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടില്‍ മുഴുകിയിരിക്കുകയാണെന്ന വാര്‍ത്തയാണ് ഗുജറാത്ത് സമാചാര്‍ ഇന്ന് ലീഡായി നല്‍കിയിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ ഭാഷാദിനപത്രമാണിത്. പ്രധാനമന്ത്രി 22,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ തിരക്കിലാണ് എന്ന തലക്കെട്ടിന് മുകളിലായി ഇപ്പോഴും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയുടെ ചിത്രങ്ങളുണ്ട്. ഉപതലക്കെട്ടുകള്‍ ഇങ്ങനെ.
ഇന്ത്യക്കാര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ആടിയുലയുമ്പോള്‍ നമ്മുടെ പൊതുജനസേവകന് ഒരു സ്വേച്ഛാധിപതിയായി മാറി. റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുകയായിരുന്നു. ‘ഫക്കീര്‍’ കൊറോണക്കിടയില്‍ തനിക്ക് വേണ്ടി ആയിരം കോടികളുടെ ഒരു വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സെന്‍ട്രല്‍ വിസ പ്രൊജ്ക്ടിന്റെ തിരക്കിലാണ്.
ഗുജറാത്ത് സമാചാര്‍
പശ്ചിമബംഗാള്‍ ദിനപത്രമായ ദ ടെലഗ്രാഫും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന വാര്‍ത്തയാണ് ഏറ്റവും പ്രാധാന്യത്തോടെ നല്‍കിയത്. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തിരിഞ്ഞുനോക്കുക, രാജ്യത്തെ കാണുക’ എന്ന തലക്കെട്ടിനൊപ്പം മോഡി റാലിക്കിടെ അണികളെ കൈകൂപ്പി കാണിക്കുന്നു ചിത്രവുമുണ്ട്. മറ്റ് തലക്കെട്ടുകള്‍ ഇങ്ങനെ.
അബദ്ധങ്ങള്‍ ഏറ്റെടുക്കുക, നേതൃത്വം നല്‍കുക. ‘നെഹ്റു നിര്‍മ്മിച്ചെടുത്ത സംവിധാനങ്ങളോട് നന്ദി പറയുക’. ‘മണ്പാദങ്ങളുള്ള ദൈവം, കൈയില്‍ രക്തം’
ദ ടെലഗ്രാഫ്

‘രാജ്യത്തിന് വേണ്ടത് ശ്വാസമാണ്, പ്രധാനമന്ത്രിയുടെ വീടല്ല’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം വാര്‍ത്തയായിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറുകള്‍ നിറച്ചുകിട്ടാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റേയും സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റേയും ചിത്രങ്ങള്‍ രാഹുല്‍ ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് 4,03,738 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ നാല് ലക്ഷം കടക്കുന്ന അഞ്ചാം ദിവസമാണിത്. 4,092 പേര്‍ക്ക് കൊവിഡ് മൂലം ജീവന് നഷ്ടമായി. 21.64 ശതമാനമാണ് രാജ്യത്തെ കൊവിഡ് പോസിറ്റീവിറ്റി റേറ്റ്. രണ്ടാം കൊവിഡ് തരംഗം മൂര്ധന്യത്തിലെത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.