മാനേജരെ കൊലപ്പെടുത്തിയ കേസ്; ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം ശിക്ഷ, 31 ലക്ഷം രൂപ പിഴ

ചണ്ഡീഗഡ്: സ്വന്തം മാനേജരെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം ശിക്ഷ. ഗുര്‍മീതിനൊപ്പം നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.

2002ലാണ് ദേര സൗച്ച സൗദയുടെ മാനേജറും ഗുര്‍മീതിന്റെ അനുയായിയുമായ രഞ്ജിത്ത് സിംഗ് വെടിയേറ്റ് മരിച്ചത്. ഗുര്‍മീതിന് പുറമേ ജസ്ബീര്‍, സ്ബദില്‍, അവതാര്‍, കൃഷ്ണന്‍ ലാല്‍, ഇന്ദര്‍ സെന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

ഗുര്‍മീത് 31 ലക്ഷം രൂപ പിഴയും അടക്കണം. മറ്റുള്ളവരും പിഴയടക്കണം. സബ്ദില്‍ 1.5 ലക്ഷം രൂപയും കൃഷ്ണനും ജസ്ബീറും 1.25 ലക്ഷം രൂപ വീതവും അവതാര്‍ 75000 രൂപയും അടക്കണം. ആകെ പിഴതുകയുടെ പകുതി രഞ്ജിത് സിംഗിന്റെ കുടുംബത്തിന് നല്‍കും.

പ്രതിയായിരുന്ന ഒരാള്‍ ഒരു വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. ഒക്ടോബര്‍ എട്ടിന് സിബിഐ കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സുനാരിയെയിലെ ജയിലില്‍ കഴിയുന്ന ഗുര്‍മീത് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്.