‘കണ്ണിന്റെ കാഴ്ച്ച നഷ്ടമായേക്കും, അണുബാധ തലച്ചോറിലേക്ക് പകരാന്‍ സാധ്യത’; ഹാനി ബാബുവിന് വേണ്ടി മുഖ്യമന്ത്രി ഇടപെടണമെന്ന് കുടുംബം

ഭീമാ കൊറോഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ ഹാനി ബാബുവിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് കുടുംബം. ഗുരുതര അവസ്ഥയിലായിട്ടും ജയില്‍ അധികൃതര്‍ ഹാനി ബാബുവിന് ചികിത്സ നിഷേധിക്കുകയാണെന്ന് ഭാര്യയും ദില്ലി മിറാന്‍ഡ കോളേജ് അധ്യാപികയുമായ ജെന്നി റൊവീന പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ വിചാരണ തടവുകാരനായി മുംബൈ തലോജാ ജയിലില്‍ കഴിയുന്നഹാനി ബാബുവിന്റെ ഇടതുകണ്ണില്‍ അണുബാധയുണ്ടെന്ന് കുടുംബം ചൂണ്ടിക്കാണിച്ചു.

ഇടതുകണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുന്നതുപോലെയാണ് ഒന്നും കാണാന്‍ കഴിയുന്നില്ല. നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നാണ് വക്കീലിനോട് പറഞ്ഞത്. കഴിഞ്ഞ മെയ് ഏഴിന് ശേഷം എന്നോട് സംസാരിച്ചിട്ടില്ല. അത്യാവശ്യത്തിന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം എസ്‌കോര്‍ട്ട് ഗാര്‍ഡില്ല എന്നെല്ലാം പറഞ്ഞ് വൈകിപ്പിക്കുകയാണ്.

ജെന്നി റൊവീന

മേയ് മൂന്ന് മുതല്‍ കണ്ണിന് തീവ്രമായ അണുബാധയാണ്. അതിയായ വേദന കാരണം ഉറങ്ങാന്‍ കഴിയുന്നില്ല. ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വൃത്തിയാക്കാന്‍ പോലും കഴിയുന്നില്ല. ഇടതുകണ്ണില്‍ നീര് വന്ന് കാഴ്ച്ച ഭാഗികമായി നഷ്ടപ്പെട്ടു. ഉടന്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടേക്കും. അണുബാധ തലച്ചോറിലേക്ക് പടരാനും ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്. വൃത്തിയില്ലാത്ത തുണികൊണ്ടാണ് ഇപ്പോള്‍ അണുബാധയുള്ള കണ്ണ് മൂടിക്കെട്ടേണ്ടി വന്നിരിക്കുന്നതെന്നും കുടുംബം പ്രതികരിച്ചു.

ഗൗതം നവലാഖ

2020 ജൂലായ് 28നാണ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍ഐഎ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. സുധാ ഭരദ്വാജ്, ഫാ. സ്റ്റാന്‍ സ്വാമി, റോണാ വിത്സന്‍, ആനന്ദ് തെല്‍തുംദെ, വരവര റാവു എന്നിവരുള്‍പ്പെടെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ചിന്തകരും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായി ജയിലില്‍ കഴിയുന്ന ഗൗതം നവലാഖയ്ക്ക് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.