‘എനിക്കെതിരെ അധിക്ഷേപം തുടരുകയാണ്’; ഇടപെടണമെന്ന് ജോജു കോടതിയില്‍

കൊച്ചി: വൈറ്റിലയിലെ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ തനിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ ആരംഭിച്ച വ്യക്തിയധിക്ഷേപം ഇപ്പോഴും തുടരുകയാണെന്ന് നടന്‍ ജോജു ജോര്‍ജ്. തനിക്കെതിരെ നടക്കുന്ന അധിക്ഷപം അവസാനിക്കാന്‍ കോടതി ഇടപെടണമെന്ന് ജോജു ആവശ്യപ്പെട്ടു. വാഹനത്തിന്റെ ചില്ലുതകര്‍ത്ത കേസില്‍ പ്രതിയായ തൈക്കൂടം സ്വദേശി പി ജി ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സമൂഹമാധ്യമങ്ങളിലെ വാക്‌പോരിനേത്തുടര്‍ന്ന് ജോജു സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിയായ കേസില്‍ ജോജു കക്ഷി ചേരാനെത്തിയതോടെ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ഉടനുണ്ടാകില്ലെന്ന് വ്യക്തമായി. ജോജുവിന്റെ സഹപ്രവര്‍ത്തകര്‍ മുഖേനയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നത്. ജോജുമായുണ്ടായ വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് സൂചിപ്പിച്ചിരുന്നു. ഇരുവിഭാഗവും തെറ്റുകള്‍ സമ്മതിച്ചെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഷിയാസ് പറഞ്ഞു. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.

വഴിതടയല്‍ സമരത്തിനിടെയുണ്ടായ വാക്കേറ്റത്തിനും വിവാദത്തിനും പിന്നാലെ നടനെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി എത്തിയിരുന്നു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64കെ 0005 എന്ന നമ്പറോടുകൂടിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, കമ്പനി നല്‍കിയ നമ്പര്‍ പ്ലേറ്റ് മാറ്റിയെന്നാണ് പരാതിക്കാരന്റെ ആരോപണം. സുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിന് ജോജുവിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജോജുവിന്റെ ബിഎംഡബ്ല്യു കാര്‍ ഹരിയാന രജിസ്ട്രേഷനിലാണെന്നും കേരളത്തില്‍ വര്‍ഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന ഈ വാഹനത്തിന്റെ രജിസ്ട്രേഷന്‍ മാറ്റിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. കളമശ്ശേരി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായിലാണ് ജോജുവിനെതിരെ പരാതി നല്‍കിയത്. ജോജുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. വൈറ്റിലയിലെ റോഡ് ഉപരോധം തടസപ്പെടുത്താന്‍ ജോജു എത്തിയത് മാസ്‌ക് ധരിക്കാതെയാണെന്ന് ചൂണ്ടിക്കാണി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.