‘സ്ത്രീകള്‍ അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളല്ല’; സോഷ്യല്‍മീഡിയയിലെ രാഷ്ട്രീയശരികള്‍ക്കപ്പുറം പാര്‍ട്ടികള്‍ക്കുള്ളില്‍ സ്ത്രീവിരുദ്ധത തന്നെയെന്ന് ഹരിത സംസ്ഥാനാധ്യക്ഷ

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും മുസ്ലിം ലീഗ് നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷയെന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷ മുഫീദ തെസ്‌നി. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിതാ കമ്മീഷനില്‍ പോവുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും മുഫീദ തെസ്‌നി മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ തുറന്നടിച്ചു.

’21-ാം നൂറ്റാണ്ടിലും കേരളത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുന്നു. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജര്‍ എന്ന ലേബലിലേക്ക് മാത്രം സ്ത്രീകള്‍ ഒതുങ്ങിപ്പോവുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടിയുടെ പുനര്‍നിര്‍മ്മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ എന്നും കണ്ടിട്ടുള്ളത്. അതിനപ്പുറം തീരുമാനമെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലോ അവള്‍ക്ക് ഇടം നിഷേധിക്കപ്പെടുന്നു എന്നത് അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂഹ മാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീയമാണ് കേരളത്തിലെ എല്ലാ മുഖ്യധാരാ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ളത്’, മുഫീദ തെസ്‌നി പറഞ്ഞു.

ഈ സാഹചര്യത്തില്‍ രണ്ടുരീതിയിലാണ് രാഷ്ട്രീയത്തിലെ സ്ത്രീ പൊതുചര്‍ച്ചകളില്‍ പ്രതിനിധാനം ചെയ്യുന്നത്. ഒന്ന്, സ്വന്തം പാര്‍ട്ടിയിലെ അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളോടുപോലും ഐക്യപ്പെട്ട് കലഹിക്കാതെ, കാലങ്ങളായി ചിലരാല്‍ അടിച്ചമര്‍ത്തപ്പെട്ട ഇരകളായി തുടരുന്നവര്‍. രണ്ട്, അനീതിയോടും സ്ഥിരമായി വേട്ടയാടാറുള്ള പ്രശ്‌നങ്ങളോടും രാജിയാവാതെ ചോദ്യങ്ങളുന്നയിച്ചും പ്രതിഷേധമറിയിച്ചും ഒറ്റക്കെട്ടായിനിന്ന് കലഹിക്കുന്ന പോരാളികള്‍. പോരാളികളുടെ പക്ഷത്ത് നില്‍ക്കാനാണ് ഈ സമയങ്ങളില്‍ ആഗ്രഹിക്കുന്നതെന്നും തെസ്‌നി വ്യക്തമാക്കി.

ഹരിത പരാതി നല്‍കിയ വിഷയത്തില്‍ എതിര്‍കക്ഷി പാര്‍ട്ടിയോ ഘടകങ്ങളോ അല്ല. മറിച്ച് ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയ ശാസ്ത്രത്തിനോ നയങ്ങള്‍ക്കോ എതിരെയല്ല തങ്ങളുടെ പോരാട്ടം. സംഘടനാപരമായി അവകാശങ്ങള്‍ ലഭിക്കാത്തതുകൊണ്ടുമല്ല. ആത്മാഭിമാനത്തിന് പോറലേറ്റപ്പോള്‍ പ്രതികരിച്ചതാണ്. അതില്‍ നീതി പ്രതീക്ഷിച്ചിരുന്നെന്നും അവര്‍ ലേഖനത്തില്‍ എഴുതി.

Also Read: ‘വിസ്മയമാണെന്റെ ലീഗ്’; ഇവരില്‍നിന്ന് നിന്ന് നിങ്ങള്‍ നീതി പ്രതിക്ഷിച്ചോ നിഷ്‌കളങ്കരേയെന്ന് ഹരിതയോട് മുന്‍ നേതാവ്

തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ എന്നും കുറ്റബോധം പേറേണ്ടിവരും. ആത്മാഭിമാനം മുറുകെ പിടിച്ചുവേണം ജീവിക്കാന്‍. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃതവം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിതാ കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത അതിന് ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും മുഫീദ തെസ്‌നി കൂട്ടിച്ചേര്‍ത്തു.