എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ല; ലീഗിന്റെ ആവശ്യം തള്ളി ഹരിത

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിംലീഗിന്റെ ആവശ്യം തള്ളി വനിതാ സംഘടനയായ ഹരിത. ലൈംഗിക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നേതൃത്വം നടപടിയെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് ഹരിതയുടെ നിലപാട്. ഹരിത പരാതി പിന്‍വലിക്കുമെന്ന് ചൂണ്ടിക്കാട്ടി ലീഗ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

എന്നാല്‍, പാര്‍ട്ടി തീരുമാനമെടുത്തിട്ടും പാലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറാകാത്ത പശ്ചാത്തലം പരിശോധിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ ലീഗ് ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പ്രശ്നപരിഹാര ശ്രമങ്ങള്‍ക്കിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് നേരത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. എംഎസ്എഫും ഹരിതക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

പികെ നവാസ്, മലപ്പുറം വി അബ്ദുള്‍ വഹാബ് എന്നിവര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎസ്എഫ് വനിതാവിഭാഗം സംഘടനയായ ഹരിതയുടെ നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങള്‍ക്കിടെ നവാസും അബ്ദുള്‍ വഹാബും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം.

Also Read: ‘ഓരോ ലീഗ് നേതാക്കളേയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചിരുന്നു’; ‘സ്വാഭാവിക നീതി’ കിട്ടിയത് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്കെന്ന് ഫാത്തിമ തഹ്ലിയ

സംഘടന കാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവേ വേശ്യയ്ക്കും വേശ്യയുടെതായ ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ എന്നാണ് പരാമര്‍ശിച്ചതെന്ന് പരാതിയില്‍ പറയുന്നു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ആണ്‍ നേതാക്കള്‍ ചിത്രീകരിക്കുന്നു. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും ഹരിതയുടെ ആരോപണങ്ങളാണ്.

അബ്ദുള്‍ വഹാബ് ഫോണില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഹരിതയിലെ നേതാക്കള്‍ ഒരു തരം പ്രസവിക്കാത്ത ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട പരാതിയാണ് വനിത കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്.