‘ടിപിയുടെ മരണശേഷം പിണറായി വിജയനെ നേരില്‍ കണ്ടിട്ടില്ല’; മുഖ്യമന്ത്രി സ്ഥാനത്തെ ബഹുമാനിക്കുമെന്ന് കെ കെ രമ; സഭയിലെത്തിയത് ടിപിയുടെ ചിത്രം ധരിച്ച്

വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍എംപി നേതാവ് കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടി പി ചന്ദ്രശേഖരന്റെ ചിത്രവുമായി. സാരിയില്‍ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് രമ നിയമസഭയിലെത്തിയത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് രമ വടകരയില്‍ നിന്നുള്ള നിയമസഭാംഗമായി അധികാരമേറ്റത്. തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

ടിപിയുടെ മരണശേഷം പിണറായി വിജയനെ നേരില്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നു.

കെ കെ രമ

നിയമസഭാ സാമാജികത്വം അഭിമാനമുഹൂര്‍ത്തമാണ്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ ശബ്ദമായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. ദൗത്യം നീതിപൂര്‍വ്വം നിര്‍വ്വഹിക്കും. അംഗസഖ്യയിലല്ല, നിലപാടിലാണ് കാര്യം. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും കെ കെ രമ പറഞ്ഞു.

കെകെ രമയുടെ കുറിപ്പ്

“വടകര നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായി ഞാന്‍ ചുമതലയേല്‍ക്കുകയാണ്. ആ ദൗത്യത്തിന് മുന്‍പായി ഒരിക്കല്‍ കൂടെ എല്ലാവരെയും നേരില്‍ കാണണമെന്ന് തന്നെയായിരുന്നു ആഗ്രഹം. ഈ കോവിഡ് മഹാമാരികാലത്തു അതിന്റെ സാധ്യതയെകുറിച്ചു ഞാന്‍ പറയേണ്ടതില്ലല്ലോ. ഒരു മകളായി, കൂടപ്പിറപ്പായി നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയും വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതല്ല. അതാണ് ഈ വിജയമെന്നത് എന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുകയാണ്.

നേരിന്റെ ബദല്‍രാഷ്ട്രീയത്തിനായി പൊരുതി വീണ എന്റെ ജീവിത സഖാവ് ടി.പി. ചന്ദ്രശേഖരന്റെ രണധീര സ്മൃതികള്‍ക്ക് കാവലിരിക്കുകയായിരുന്ന എന്റെ പ്രിയ സഖാക്കള്‍, അവരാണീ പോരാട്ടവഴിയില്‍ എന്റെ ചുവടുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഒരു പ്രലോഭനത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ ടി പി ചന്ദ്രശേഖരന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരെ ഇത് നിങ്ങളുടെ വിജയമാണ്.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുന്നണികളുടെയും ഭാഗമായി നിന്നുള്ള മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരു ജനപ്രതിനിധി മണ്ഡലത്തിലെ മുഴുവനാളുകളെയുമാണ് പ്രതിനിധീകരിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ഈ മണ്ഡലത്തിലെ മുഴുവന്‍ മനുഷ്യരുടെയും ന്യായവും നീതിയുക്തവുമായ എന്ത് ആവശ്യത്തിനും എന്റെ പിന്തുണയുണ്ടായിരിക്കും.

മണ്ഡലത്തിലെ ജനങ്ങളുടെ ഏത് പ്രയാസത്തിലും എന്ത് പൊതു പ്രശ്‌നങ്ങളിലും ഏത് സമയത്തും സമീപിക്കാവുന്ന ഒരു ജനപ്രതിനിധിയായിരിക്കുമെന്നതാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആദ്യ വാക്ക്. മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെ എന്റെ കാലവധിയുടെ പരിധിയിലും കഴിവിന്റെ പരമാവധിയിലും സാക്ഷാത്ക്കരിക്കാന്‍ പരിശ്രമിക്കും.

വികലമായ വികസനാഘോഷങ്ങളുടെ ഇരകളായി ജീവിതത്തിന്റെ പുറമ്പോക്കുകളിലെറിയപ്പെട്ട മനുഷ്യര്‍, സാമൂഹ്യവും സാമ്പത്തികും സംഖ്യാപരവുമായ സ്വാധീനശേഷിയില്ലായ്മകളാല്‍ രാഷ്ട്രീയ മുഖ്യധാരകളുടെ പരിഗണനകളില്‍ പെടാതെ പോകുന്ന പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍, വേട്ടക്കാരും അവര്‍ക്ക് അരുനില്‍ക്കുന്ന അധികാരവും ചേര്‍ന്ന് ചവച്ചെറിഞ്ഞ കുരുന്നുകള്‍, വിലക്കെടുക്കപ്പെട്ട നിയമപാലകസംവിധാനങ്ങളുടെ നിഷിദ്ധനീതിക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന പെണ്‍ജീവിതങ്ങള്‍ തുടങ്ങി നീതിക്കും അന്തസ്സിനും ജീവിതത്തിനും അതിജീവനത്തിനുമായി പൊരുതുന്ന സര്‍വ്വ മനുഷ്യരുടേയും സമരഭൂമികളുടേയും രാഷ്ട്രീയം കൂടി തീര്‍ച്ചയായും എന്റെയീ എളിയ ജനപ്രാതിനിധ്യത്തില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്ന ഉത്തമബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ജീവല്‍സമരങ്ങളോടുള്ള എന്റെ ഐക്യവും പിന്തുണയും കൂടിച്ചേരുമെന്ന് കൂടി ഞാന്‍ ഉറപ്പുനല്‍കുകയാണ്.

നിയമസഭാംഗത്വം പോലൊരു ഉത്തരവാദിത്തം എന്റെ പൊതുജീവിതത്തില്‍ ആദ്യമാണ് എന്നറിയാമല്ലോ? വിജയകരമായി ഈ ചുമതല നിറവേറ്റുന്നതിന് ഇന്നലെകളിലെന്ന പോലെ ഒപ്പമുണ്ടാവണമെന്ന് എല്ലാവരോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെയോ നേരിട്ടോ എന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരുത്താനും പുതിയ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാനുമുള്ള എന്റെ നിറഞ്ഞ സന്നദ്ധത കൂടി ഈയവസരത്തില്‍ ആത്മാര്‍ത്ഥമായി നിങ്ങള്‍ക്ക് മുന്നില്‍ വെക്കുകയാണ്.

കൂടുതല്‍ സ്‌നേഹഭരിതമായൊരു നാളേയ്ക്കായി പ്രിയപ്പെട്ടവരേ., നമുക്കൊരുമിച്ച് മുന്നോട്ടുപോകാം.
കെ.കെ രമ”