‘വിദ​ഗ്ധസമിതി അം​ഗങ്ങളാരും കോമൺ സെൻസ് വാക്സിൻ എടുത്തില്ലേ?’; നിബന്ധനകൾ എത്ര അപ്രായോ​ഗികമെന്ന് ബിഷപ്പ് കൂറിലോസ്

സംസ്ഥാന സർക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണ മാർ​ഗനിർദ്ദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ ബിഷപ്പ് ​ഗീവർ​ഗീസ് മാർ കൂറിലോസ്. ഈ കൊവിഡ് വിദഗ്ധസമിതി അംഗങ്ങൾ ആരും കോമൺ സെൻസ് വാക്‌സിൻ എടുത്തവരല്ലേയെന്ന് നിരണം ഭദ്രാസനാധിപൻ ചോദിച്ചു.

മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു.

ബിഷപ്പ് ​ഗീവർ​ഗീസ് കൂറിലോസ്

എത്ര അപ്രായോഗികമാണ് പല നിബന്ധനകളുമെന്നും യാക്കോബായ സഭാ മെത്രാൻ ഫേസ്ബുക്കിൽ കുറിച്ചു. വിമർശനങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലും നിബന്ധനകളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കടകളില്‍ പോകാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ തന്നെ വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നടപ്പിലാക്കിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. നിബന്ധനകള്‍ പാലിച്ചാല്‍ അഭികാമ്യം എന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോള്‍ നിര്‍ബന്ധമെന്നായി. ഇത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ മന്ത്രിയുടെ പ്രതികരണം.

മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂറിനിടെ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിങ്ങനെ മാത്രമാണ് ഇളവ്. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്.

Also Read: ‘സൂരജ് പാലാക്കാരനെ തല്ലിയത് കർമ്മ ന്യൂസ് അവതാരകൻ, ഞങ്ങളല്ല’; മത്സ്യത്തൊഴിലാളികൾ മർദ്ദിച്ചിട്ടില്ലെന്ന് മേരിയമ്മയുടെ മകൻ